Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

200 മൈൽ റേഞ്ചുള്ള ഇ വി നിർമിക്കാൻ ഹ്യുണ്ടേയ്

hyundai-motor

ഒറ്റത്തവണ ചാർജ് ചെയ്താൽ 200 മൈൽ(320 കിലോമീറ്റർ) ഓടുന്ന വൈദ്യുത വാഹനം വികസിപ്പിക്കാൻ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ശ്രമിക്കുന്നു. ടെസ്ല മോട്ടോഴ്സ് പോലുള്ള എതിരാളികളോടു കിട പിടിക്കുന്ന കാർ രണ്ടു വർഷത്തിനുള്ളിൽ നിരത്തിലിറക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. പോരെങ്കിൽ 2020 ആകുമ്പോഴേക്ക് ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 250 മൈൽ(400 കിലോമീറ്റർ) ഓടുന്ന വൈദ്യുത വാഹനം യാഥാർഥ്യമാക്കാനും ഹ്യുണ്ടേയ് ആലോചിക്കുന്നുണ്ട്. നിലവിൽ സെഡാനായ ‘ഐകോണികി’ന്റെ വൈദ്യുത വകഭേദമാണു ഹ്യുണ്ടേയ് ശ്രേണിയിൽ റേഞ്ചിൽ മുന്നിൽ; ഒറ്റത്തവണ ചാർജ് ചെയ്താൽ 191 കിലോമീറ്റർ (119 മൈൽ) വരെയാണ് ഈ കാർ ഓടുക. ‘ഐകോണിക്’ ഇക്കൊല്ലം തന്നെ വിൽപ്പനയ്ക്കെത്തുമെന്നാണു കരുതുന്നത്.

തികച്ചും ന്യായമായ വിലയ്ക്ക് ലഭിക്കുന്ന വൈദ്യുത വാഹനങ്ങളുടെ വിപുല ശ്രേണിയാണ് കമ്പനിയുടെ സ്വപ്നമെന്ന് ഹ്യുണ്ടേയ് ഗ്രീൻ വെഹിക്കിൾസ് ഡയറക്ടർ യുങ് കി ആൻ വ്യക്തമാക്കുന്നു. ഏതാനും വർഷം മുമ്പ് 250 മൈൽ റേഞ്ചുള്ള വൈദ്യുത വാഹനം അവതരിപ്പിച്ചു ടെസ്ല ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. 300 മൈൽ(480 കിലോമീറ്റർ) വരെ ഓടാൻ കഴിയുന്ന വാഹനം വികസിപ്പിക്കുമെന്ന ആത്മവിശ്വാസം ഔഡിയും പ്രകടിപ്പിച്ചിരുന്നു. എന്നാൽ മറ്റു വാഹന നിർമാതാക്കളെല്ലാം 200 മൈൽ സഞ്ചാര ശേഷിയുള്ള വൈദ്യുത വാഹന വികസനത്തിൽ ഒതുങ്ങിക്കൂടുകയായിരുന്നു.

നിലവിൽ വിപണിയിലുള്ള വൈദ്യുത വാഹനങ്ങളിൽ സഞ്ചാരശേഷിയിൽ മുന്നിൽ നിസ്സാന്റെ ‘ലീഫ്’ ആണ്; ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 107 മൈൽ(ഏകദേശം 171.2 കിലോമീറ്റർ) ആണ് കാർ ഓടുക. ഇക്കൊല്ലമെത്തുമെന്നു കരുതുന്ന, ജനറൽ മോട്ടോഴ്സിൽ നിന്നുള്ള ഷെവർലെ ‘ബോൾട്ട് ഇ വി’യോടെയാവും റേഞ്ച് 200 മൈൽ പരിധി പിന്നിടുക. അടുത്ത വർഷം പ്രതീക്ഷിക്കുന്ന ടെസ്ല ‘മോഡൽ ത്രീ’യിലൂടെ റേഞ്ച് 215 മൈൽ നിലവാരം പിന്നിടുമെന്നാണു കമ്പനി മേധാവി എലോൺ മസ്കിന്റെ വാഗ്ദാനം. വരും വർഷങ്ങളിൽ ഫോഡും നിസ്സാനും സഞ്ചാരശേഷിയേറിയ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്നാണു കരുതുന്നത്. പരിസ്ഥിതി സൗഹൃദ മോഡലുകളുടെ എണ്ണം ഇരട്ടിയോളമായി ഉയർത്താൻ ഹ്യുണ്ടേയിയും സഹസ്ഥാപനമായ കിയ മോട്ടോഴ്സും ലക്ഷ്യമിട്ടിട്ടുണ്ട്. 2020 ആകുമ്പോഴേക്ക് ഇത്തരത്തിൽപെട്ട 28 മോഡലുകൾ നിരത്തിലിറക്കാനാണ് ഇരുകമ്പനികളുടെയും പുതുക്കിയ ലക്ഷ്യം; നേരത്തെ 26 വൈദ്യുത വാഹനങ്ങളായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

Your Rating: