Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത വർഷമെത്തും ഹ്യുണ്ടായിയുടെ എം പി വി

hyundai-mpv-concept

യാത്രാവാഹന വിഭാഗത്തിൽ നിലവിലുള്ള വിടവ് അടയ്ക്കാൻ ലക്ഷ്യമിട്ടു കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) അവതരിപ്പിക്കുന്ന വിവിധോദ്ദേശ്യ വാഹനം(എം പി വി) അടുത്ത വർഷം നിരത്തിലെത്തും. ഇന്ത്യയിൽ മിനി ഹാച്ച്ബാക്കായ ‘ഇയോൺ’ മുതൽ പൂർണ തോതിലുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സാന്റാ ഫെ’ വരെ നീളുന്നതാണ് എച്ച് എം ഐ എല്ലിന്റെ മോഡൽ ശ്രേണി. എങ്കിലും എം പി വി വിഭാഗത്തിൽ സാന്നിധ്യമില്ലാത്തതോടെ ടാക്സി വിഭാഗത്തിലെ വിൽപ്പന സാധ്യതകൾ പ്രയോജനപ്പെടുത്താനാവാതെ പോകുന്നതു വലിയ വീഴ്ചയായി കമ്പനി കരുതുന്നു. ഈ പോരായ്മ മറികടക്കാൻ ലക്ഷ്യമിട്ടാവും അടുത്ത വർഷം ഹ്യുണ്ടായിയുടെ എം പി വിയുടെ വരവ്.

നിലവിൽ ടൊയോട്ട ‘ഇന്നോവ’യും ഷെവർലെ ‘എൻജോയി’യുമാണ് ഇന്ത്യയിലെ ടാക്സി ഓപ്പറേറ്റർമാരുടെയും കാർ അഗ്രിഗേറ്റർമാരുടെയും ഇഷ്ട വാഹനങ്ങൾ; വ്യക്തിഗത ഉപയോഗം ലക്ഷ്യമിടുന്നവരാവട്ടെ മാരുതി സുസുക്കി ‘എർട്ടിഗ’യ്ക്കും ഹോണ്ട ‘മൊബിലിയൊ’യ്ക്കും പിന്നാലെയാണ്. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ റെനോ ‘ലോജി’ ആർക്കൊപ്പമാണെന്ന കാര്യത്തിലാവട്ടെ അന്തിമ തീരുമാനമായിട്ടുമില്ല. എം പി വിയുടെ രൂപകൽപ്പനയടക്കമുള്ള കാര്യങ്ങൾ തീരുമാനമായെന്നും വാഹനം അടുത്ത വർഷം പുറത്തെത്തുമെന്നും എച്ച് എം ഐ എൽ ചീഫ് കോഓർഡിനേറ്റർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) യങ് ജിൻ ആൻ വ്യക്തമാക്കി. നിലവിൽ കോംപാക്ട് സെഡാനായ ‘എക്സന്റ്’ മാത്രമാണു ഹ്യുണ്ടായ് ടാക്സി വിഭാഗത്തിനായി ലഭ്യമാക്കുന്നത്. ഏഴു സീറ്റുമായെത്തുന്ന എം പി വി സ്വാഭാവികമായും ടാക്സി മേഖലയിൽ പ്രിയം നേടുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

ഇതോടൊപ്പം നാലു മീറ്ററിൽ താഴെ നീളമുള്ള മിനി എസ് യു വി വിഭാഗത്തിലും ഹ്യുണ്ടായിക്കു നോട്ടമുണ്ട്. ഫോഡിന്റെ ‘ഇകോ സ്പോർട്’, മഹീന്ദ്ര അടുത്തയിടെ അവതരിപ്പിച്ച ‘ടി യു വി 300’ എന്നിവയാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. എന്നാൽ വാഹന വ്യവസായ രംഗത്തെ വളർച്ച പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് എച്ച് എം ഐ എല്ലിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. പോരെങ്കിൽ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’ മികച്ച വിജയം നേടിയതും ഹ്യുണ്ടായിയെ ചിന്താക്കുഴപ്പത്തിലാക്കുന്നു. 85 ദിവസത്തിനുള്ളിൽ 55,000 ബുക്കിങ്ങാണു ‘ക്രേറ്റ’ നേടിയത്; ഇതിൽ 26,000 വാഹനങ്ങൾ ഹ്യുണ്ടായ് ഉടമകൾക്കു കൈമാറിയിട്ടുമുണ്ട്.

അവതരണവേളയിൽ ‘ക്രേറ്റ’യുടെ പ്രതിമാസ വിൽപ്പന ലക്ഷ്യം 4,500 യൂണിറ്റായിരുന്നെന്ന് ആൻ വെളിപ്പെടുത്തുന്നു. എന്നാൽ ഇപ്പോൾ 7,500 യൂണിറ്റിനടുത്താണു മാസം തോറും ‘ക്രേറ്റ’ നേടുന്ന ശരാശരി വിൽപ്പന. ‘ക്രേറ്റ’ ലഭിക്കാൻ മൂന്നു മാസത്തോളം കാത്തിരിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ മറ്റൊരു മിനി എസ് യു വി പുറത്തിറക്കി ‘ക്രേറ്റ’യ്ക്കു തിരിച്ചടി സൃഷ്ടിക്കണോ എന്നാവും ഹ്യുണ്ടായിയിലെ ചിന്ത. ഇന്ത്യയിൽ ഹ്യുണ്ടായ് നേടുന്ന മൊത്തം വിൽപ്പനയിൽ 20 ശതമാനത്തോളം ‘ക്രേറ്റ’യുടെയും ‘സാന്റാ ഫെ’യുടെയും സംഭാവനയാണ്.

‘ക്രേറ്റ’, പുതിയ ‘ഐ 20’ എന്നിവയുടെ കരുത്തിൽ ഇന്ത്യയിലെ വിപണി വിഹിതം 2014ലെ 16.1 ശതമാനത്തിൽ നിന്ന് നിലവിൽ 17% ആയി ഉയർത്താനും ഹ്യുണ്ടായിക്കു കഴിഞ്ഞിട്ടുണ്ട്. ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം അഞ്ചു ലക്ഷത്തിലേറെ യൂണിറ്റിന്റെ വാർഷിക വിൽപ്പനയോടെ കൊറിയയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.