Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ എസ് യു വികളുമായി ഹ്യുണ്ടേയ്

carlino Carlino Compact SUV Concept

അടുത്ത രണ്ടു വർഷത്തിനിടെ നാലു സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ കൂടി അവതരിപ്പിക്കാൻ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഒരുങ്ങുന്നു. ഇതിൽ ആദ്യ മോഡലായ ‘ട്യുസോൺ’ അടുത്ത ആഴ്ച തന്നെ വിൽപ്പനയ്ക്കെത്തും. ‘ക്രേറ്റ’യ്ക്കു താഴെ ഇടംപിടിക്കുമെന്നു കരുതുന്ന പുതിയ കോംപാക്ട് എസ് യു വി 2018ൽ വിൽപ്പനയ്ക്കെത്തിക്കാനാണു പദ്ധതി. രണ്ടു ദശാബ്ദം മുമ്പ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഹ്യുണ്ടേയിയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 70 ലക്ഷം യൂണിറ്റോളമെത്തി. ഈ മാസം 22 — 23 തീയതികൾക്കുള്ളിൽ മൊത്തം വിൽപ്പന 70 ലക്ഷം പിന്നിടുമെന്നാണു കമ്പനിയുടെ കണക്ക്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ നിർമാതാവാണ് എച്ച് എം ഐ എല്ലെന്നും കമ്പനി അവകാശപ്പെടുന്നു.

പ്രവർത്തനം ആരംഭിച്ച് 18 വർഷവും രണ്ടു മാസവും കൊണ്ടാണു കമ്പനിയുടെ വിൽപ്പന 70 ലക്ഷം യൂണിറ്റിലെത്തിയതെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അറിയിച്ചു. എതിരാളികൾ ഈ നേട്ടം കൈവരിച്ചത് 28 വർഷം കൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ആ കമ്പനി പ്രവർത്തനം ആരംഭിച്ച കാലത്ത് ഇന്ത്യൻ വാഹന വിപണിയിലെ മൊത്തം വിൽപ്പന വളരെ കുറവായിരുന്നു എന്നതും വസ്തുതയാണ്.വിലയെ കുറിച്ചു മാത്രം ആശങ്കപ്പെട്ടിരുന്ന കാലത്തു നിന്ന് ഇന്ത്യൻ ഇടപാടുകാർ മൂല്യത്തെക്കുറിച്ച് ബോധവാന്മാരായി മാറിയെന്നും ശ്രീവാസ്തവ വിശദീകരിക്കുന്നു. 25 മുതൽ 32 വയസ് വരെ ശരാശരി പ്രായമുള്ളവരാണു ഹ്യുണ്ടേയിയുടെ ഇടപാടുകാർ; വാഹനവ്യവസായ ശരാശരിയെ അപേക്ഷിച്ച് അഞ്ചു മുതൽ ഏഴു വയസ് വരെ കുറവാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇത്തരക്കാർ വാഹനത്തിനായി മുടക്കുന്നതാവട്ടെ വ്യവസായ ശരാശരിയെ അപേക്ഷിച്ച് 15 മുതൽ 20% വരെ അധിക തുകയാണ്. നീലക്കടലായ എസ് യു വി വിപണിയിൽ മേൽത്തട്ടിനെയാണു ‘ട്യുസോണി’ലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
എസ് യു വി വിഭാഗത്തിൽ ‘ക്രേറ്റ’യ്ക്കും ‘സാന്റാ ഫെ’യ്ക്കുമിടയിലെ വിടവ് നികത്തുകയാണു ‘ട്യുസോണി’ന്റെ ദൗത്യം. കൂടാതെ നിലവിൽ സാന്നിധ്യമില്ലാത്ത വിഭാഗങ്ങളിൽ ഇടം പിടിക്കാനായി വരും വർഷങ്ങളിൽ ഓരോ മോഡൽ വീതം അവതരിപ്പിക്കാനും ഹ്യുണ്ടേയ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ നിലവിലുള്ള മോഡലുകളുടെ ഒന്നോ രണ്ടോ പരിഷ്കരിച്ച പതിപ്പുകളും ഓരോ വർഷവും പ്രതീക്ഷിക്കാം. രണ്ടു വർഷത്തിനകം സങ്കര ഇന്ധന സാങ്കേതികവിദ്യയുടെ പിൻബലമുള്ള മോഡലുകൾ അവതരിപ്പിക്കാനും എച്ച് എം ഐ എൽ തീരുമാനിച്ചിട്ടുണ്ടെന്ന് ശ്രീവാസ്തവ അറിയിച്ചു.  

Your Rating: