Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനയാത്ര നിരക്ക് കുറയ്ക്കാൻ കേന്ദ്രം

airport-air-india

രാജ്യത്ത് വിമാനയാത്രയുടെ ചെലവു കുറച്ച് കൂടുതൽ പേരെ വിമാനയാത്രയ്ക്കു പ്രേരിപ്പിച്ച് വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കാൻ വ്യോമയാന മന്ത്രാലയം. രാജ്യത്തിനകത്ത് ഒരു മണിക്കൂർ ദൈർഘ്യം വരുന്ന യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് പരമാവധി 2500 രൂപയാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

രാജ്യത്തിനകത്ത് ഉപയോഗിക്കാതെ കിടക്കുന്ന നൂറ്റി അറുപതിലേറെ എയർസ്ട്രിപ്പുകൾ നന്നാക്കി ഇവയെ ബന്ധിപ്പിച്ച് റീജനൽ വിമാനക്കമ്പനികളുടെ സർവീസ് ശൃംഖല തുടങ്ങും. മണിക്കൂറിന് 2500 രൂപയിലേറെ ചെലവു വരുന്ന ഇത്തരം യാത്രകൾക്ക് സർക്കാർ റീജനൽ വിമാനക്കമ്പനികൾക്ക് സബ്സിഡി നൽകും. ഈ സബ്സിഡിയ്ക്ക് തുക കണ്ടെത്തുന്നതിനായി 80ലേറെ സീറ്റുകളുമായി സർവീസ് നടത്തുന്ന വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് ഓരോ ലാൻഡിങിനും 8000 രൂപ വീതം ലെവി എയർപോർട്ട് അതോറിറ്റി വഴി ശേഖരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതു വഴി പ്രതിവർഷം 500 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യം.

റീജനൽ വിമാനക്കമ്പനികളെ പ്രോൽസാഹിപ്പിക്കുന്നതിനായി ഇവർക്ക് ചില ഇളവുകൾ നൽകാനും വ്യോമയാന മന്ത്രാലയം ആലോചിക്കുന്നുണ്ട്. റീജനൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് രണ്ടു ശതമാനം മാത്രം നിശ്ചിത എക്സൈസ് ഡ്യൂട്ടിയിൽ വിമാനഇന്ധനം നൽകാനാണു നീക്കം. ഈ ഇളവ് ആദ്യത്തെ മൂന്നു വർഷത്തേക്കായിരിക്കും. രാജ്യത്ത് നിലവിൽ വിമാന ഇന്ധനത്തിന് 14 ശതമാനമാണ് എക്സൈസ് ഡ്യൂട്ടി. ഇതിനു പുറമെ സേവനനികുതി ആദ്യ ഒരു വർഷത്തേക്ക് 1.4 % മാത്രമായിരിക്കും. നിലവിൽ രാജ്യത്തെ വിമാനക്കമ്പനികൾ 5.6 % സേവനനികുതിയാണ് ടിക്കറ്റിൻമേൽ ഈടാക്കുന്നത്.

ചെലവു ചുരുക്കലിന്റെ ഭാഗമായി വിമാനത്താവള സുരക്ഷാസേനയുടെ ചെലവുകൾ കുറയ്ക്കാനും നിർദേശമുണ്ട്. ഇതിനായി നിരന്തരം സർവീസുകളില്ലാത്ത വിമാനത്താവളങ്ങളിൽ വിമാനസർവീസുകളുള്ള സമയത്തു മാത്രം സുരക്ഷാ വിഭാഗത്തെ നിയമിച്ചാൽ മതിയെന്ന നിർദേശമാണ് ഉയർന്നു വന്നിട്ടുള്ളത്.

ഇതിനായി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സുരക്ഷാ വിഭാഗത്തിനു പകരം റീജനൽ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ കേന്ദ്രീകരിച്ചുള്ള സുരക്ഷാ വിഭാഗമാകും പ്രവർത്തിക്കുക. ഇത്തരം വിമാനത്താവളങ്ങളിൽ വിമാനമിറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് സുരക്ഷാ സേനയെത്തി സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിമാനം പുറപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞാൽ സേനയെ പിൻവലിക്കുകയും ചെയ്യുന്നതിനുള്ള നിർദേശമാണ് സമർപ്പിച്ചിട്ടുള്ളത്. മറ്റുള്ള സമയങ്ങളിൽ പരിമിതമായ എണ്ണം സുരക്ഷാ സൈനികർ മാത്രമാകും വിമാനത്താവളങ്ങളിലുണ്ടാകുക.

അതേ സമയം വ്യോമയാന മന്ത്രാലയത്തിന്റെ ഈ നീക്കത്തിനു വ്യോമസുരക്ഷാ മേഖലയിൽനിന്നു വ്യാപകമായ എതിർപ്പുകൾ ഇതിനകം ഉയർന്നു വന്നു കഴിഞ്ഞു. സുരക്ഷാ ഭീഷണി വലിയ വിമാനങ്ങൾക്കും ചെറിയ വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും ഒരേ പോലെയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വിമാനം റാഞ്ചൽ ഭീഷണി വലിയ വിമാനങ്ങൾക്കും ചെറിയ വിമാനങ്ങൾക്കും ഒരേ പോലെയാണ്. ഇതിനു പുറമെ വിമാനസർവീസ് വൈകുകയോ, സർവീസ് റദ്ദാക്കുകയോ ചെയ്യേണ്ടി വന്നാൽ ഇത്തരം സംവിധാനങ്ങൾ അപ്രസക്തമാകുമെന്നും വിമാനങ്ങൾ വിമാനത്താവളത്തിലുള്ള സമയമത്രയും ശക്തമായ സുരക്ഷയൊരുക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്കും അനിവാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.

രാജ്യത്തെമ്പാടും വിമാനസർവീസുകൾ എത്തിക്കുന്നതിനായി അൻപതു മുതൽ നൂറു കോടി രൂപ വരെ വീതം ചെലവാക്കിയാണ് ഉപയോഗശൂന്യമായ എയർ സ്ട്രിപ്പുകൾ പുനരുദ്ധരിക്കുന്നത്. വിമാനസർവീസ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ‌ മാത്രമേ ഇവിടെയുണ്ടാകുകയുളളൂ എന്നതിനാൽ‌ വിമാനയാത്രയുടെ ചെലവും കുറവായിരിക്കും.

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

കഴിഞ്ഞ മാസം ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകളിൽ 78.72 ലക്ഷം യാത്രക്കാർ. മുൻകൊല്ലം മാർച്ചിലെക്കാൾ 5.3% വളർച്ച. ഇൻഡിഗോയ്ക്ക് ആണ് ഏറ്റവുമധികം യാത്രക്കാരെ കിട്ടിയത്. 38.4% ആണ് അവരുടെ വിപണി വിഹിതം. ജെറ്റ് എയർവേയ്സിന് 17.6%, എയർ ഇന്ത്യയ്ക്ക് 14.7% എന്നിങ്ങനെ വിഹിതമുണ്ട്.

സ്പൈസ് ജെറ്റിന് 91.1% സീറ്റുകളും ഉപയോഗപ്പെടുത്താനായപ്പോൾ ഗോ എയർന് 86.3% സീറ്റുകളിലാണ് യാത്രക്കാരുണ്ടായത്. ഇൻഡിഗോ മൂന്നാം സ്ഥാനത്താണ്–85.1%.

ജനുവരി–മാർച്ച് കാലയളവിൽ 230.03 ലക്ഷം ആഭ്യന്തര വിമാന യാത്രക്കാരാണുണ്ടായിരുന്നത്. വാർഷികാടിസ്ഥാനത്തിൽ വളർച്ച 24%. 11 കമ്പനികളാണ് സർവീസ് നടത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.