Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ കയറ്റുമതിയിൽ ചൈനയെ പിന്തള്ളി ഇന്ത്യ

cars

കഴിഞ്ഞ സാമ്പത്തിക വർഷത്തെ കാർ കയറ്റുമതിയിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിൽ. രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്കനുസരിച്ച് 5,32,053 കാറുകളായിരുന്നു 2015 — 16ൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി. ഇതേ കാലയളവിൽ ചൈന 4,09,800 കാറുകൾ കയറ്റുമതി ചെയ്തെന്നാണു ചൈന അസോസിയേഷൻ ഓഫ് ഓട്ടമൊബീൽ മാനുഫാക്ചറേഴ്സിന്റെ കണക്ക്. ലോകത്തിലെ പ്രമുഖ കാർ കയറ്റുമതി രാജ്യങ്ങളെ ഉൾപ്പെടുത്തിയ 2015 ഫോബ്സ് 2000 പട്ടികയിലും ഇന്ത്യയാണു മുന്നിൽ: 20—ാം സ്ഥാനം. ചൈനയാവട്ടെ 22—ാം സ്ഥാനത്താണ്.  കാർ കയറ്റുമതി കണക്കെടുപ്പിൽ ചൈനയെ ഇന്ത്യ പിന്നിലാക്കുന്നത് ഇതാദ്യമല്ല. 2009 ജനുവരി — ജൂലൈ കാലത്ത് 2,01,138 യൂണിറ്റിന്റെ കയറ്റുമതിയോടെയും ഇന്ത്യ മുന്നിലെത്തിയിരുന്നു. ഇതേ കാലയളവിൽ ചൈനയിൽ നിന്നുള്ള കയറ്റുമതി 1,64,800 യൂണിറ്റായിരുന്നു. സാമ്പത്തിക മേഖലയിൽ മൊത്തത്തിൽ തന്നെ ചൈനയെ അപേക്ഷിച്ചു മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. 2015ൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം(ജി ഡി പി) 7.9% ആയപ്പോൾ ചൈനയുടേത് 6.7 ശതമാനത്തിലൊതുങ്ങി. ഇതോടെ ആഗോളതലത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളിൽ അതിവേഗ വളർച്ച കൈവരിക്കുന്ന രാജ്യമെന്ന ബഹുമതിയും ഇന്ത്യ നിലനിർത്തി.

ഇന്ത്യൻ വാഹന വ്യവസായം 8.68% വാർഷിക വളർച്ച കൈവരിച്ചപ്പോൾ ചൈനയുടെ വളർച്ച 4.3 ശതമാനത്തിലൊതുങ്ങി. ഇന്ത്യയിലെ കാർ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 10.18% വർധിച്ചപ്പോൾ ചൈനയിലെ വിൽപ്പന വളർച്ച 6.5% ആയിരുന്നു.  ആവേശകരമായ സമ്പദ്വ്യവസ്ഥയും യുവ ജനതയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വളർച്ചയുമൊക്കെയായി വാഹന നിർമാതാക്കളെയും അനുബന്ധ ഘടക വ്യവസായികളെയും സംബന്ധിച്ചിടത്തോളം രജതരേഖയായി മാറുകയാണ് ഇന്ത്യ. എന്നാൽ ചൈനീസ് സമ്പദ്വ്യവസ്ഥയാവട്ടെ മാന്ദ്യത്തിന്റെ ലക്ഷണങ്ങളാണു പ്രകടിപ്പിക്കുന്നത്.

വിദേശ നിർമാതാക്കളുമായുള്ള സഖ്യങ്ങളിലൂടെയും സംയുക്ത സംരംഭങ്ങളിലൂടെയും വളർന്നതും വികസിച്ചതും ചൈനയിൽ നിന്നുള്ള വാഹന കയറ്റുമതിക്ക് ഇപ്പോൾ തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ചൈനീസ് വാഹന വിപണിയുടെ മേൽത്തട്ട് അടക്കിവാഴുന്ന വിദേശി നിർമാതാക്കൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് രാജ്യത്തെ വിപുലമായ ആഭ്യന്തര വിഭാഗത്തിലെ വിൽപ്പനയിലാണ്. താഴെത്തട്ടിൽ കേന്ദ്രീകരിച്ച ചൈനീസ് നിർമാതാക്കൾക്കാവട്ടെ വിദേശത്തു സ്വാധീനം ഉറപ്പിക്കാൻ കഴിയുംവിധത്തിൽ രൂപകൽപ്പനയോ ഗുണനിലവാരമോ മെച്ചപ്പെടുത്താനാവാതെയും പോയി. ചൈനയിലെ ഉൽപ്പാദനം ഏറെക്കുറെ പൂർണമായും ആഭ്യന്തര വിപണിക്കു മാത്രം വേണ്ടിയുള്ളതാണ്; അതുകൊണ്ടുതന്നെ ചൈനയിൽ നിന്നുള്ള കാർ കയറ്റുമതിക്കും പരിമിതികളുണ്ടായി. വികസിത രാജ്യങ്ങളിലേക്കുള്ള ലഘു ട്രക്ക്, കാർ കയറ്റുമതിയാണ് ഇപ്പോൾ ചൈന നടത്തുന്നത്. ജപ്പാനും ദക്ഷിണ കൊറിയയും ഒഴികെ ഏഷ്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ കാര്യമായ പുരോഗതിയില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

റാങ്ക് രാജ്യം കയറ്റുമതി(ദശലക്ഷം യൂണിറ്റിൽ) മൂല്യം(ശതകോടി  ഡോളറിൽ) ആഗോള  വിഹിതം
1 ജപ്പാൻ 4.00 86.10 12.80%
2 ദക്ഷിണ കൊറിയ 3.50 41.80 6.20%
3 തായ്‌ലൻഡ് 1.20 9.40 1.40%
4 തുർക്കി 0.90 6.90 1.00%
5 ഇന്ത്യ 0.53 5.40 0.80%
6 ചൈന 0.53 4.10 0.60%
7 ഇന്തൊനീഷ 0.31 2.30 0.30%
8 തയ്‌വാൻ 0.083 1.30 0.20%
9 റഷ്യ 0.058 1.10 0.20%
10 ഹോങ്കോങ് 0.008 0659 0.10%
Your Rating: