Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറമുഖങ്ങളിൽ വാഹനക്കടത്തിനു 80% വരെ നിരക്കിളവ്

BCN_SNAPSHOT-1

രാജ്യത്തെ പ്രധാന(മേജർ) തുറമുഖങ്ങൾ വഴി വാഹനങ്ങൾ കൊണ്ടു പോകുന്നതിന് വിവിധ നിരക്കുകളിൽ 80% വരെ ഇളവ് അനുവദിക്കുമെന്നു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. കടൽ മാർഗമുള്ള വാഹന കടത്തിന് വെസൽ റിലേറ്റഡ് ചാർജിലും റോ റോ യാനങ്ങൾ വഴി തീരപാതയിലൂടെയുള്ള വാഹന കടത്തിന് കോസ്റ്റൽ റിലേറ്റഡ് ചാർജിലും രണ്ടു വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹന കടത്തിന് ഉപയോഗിക്കുന്ന റോ — പാസഞ്ചർ, പി സി സി, പി സി ടി സി, പി ടി സി കപ്പലുകൾക്ക് നിരക്ക് ഇളവ് ബാധകമാണെന്നു മന്ത്രാലയം ബാധകമാക്കി. ഇതു സംബന്ധിച്ച വിശദ ഉത്തരവ് കഴിഞ്ഞ 20നാണു പുറത്തിറങ്ങിയതെന്നും അധികൃതർ അറിയിച്ചു.

ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഷിപ്പിങ് സർവീസ് ദാതാക്കളെ പ്രേരിപ്പിക്കാനായി വിവിധ വിപണന തന്ത്രങ്ങളുമായി മേജർ തുറമുഖങ്ങൾ രംഗത്തെത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ നിലവിലുണ്ടായിരുന്ന പദ്ധതി പ്രകാരം റോ — റോ അടക്കമുള്ള കോസ്റ്റൽ യാനങ്ങൾക്ക് വിദേശത്തേക്കു പോകുന്ന കപ്പലുകളെ അപേക്ഷിച്ച് 40% ഇളവാണ് അനുവദിച്ചിരുന്നത്. എന്നാൽ നിരക്ക് ഇളവ് 80% ആയി ഉയരുന്നതോടെ നിലവിൽ റോഡ് മാർഗം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നല്ലൊരു പങ്ക് തീരപാതയിലൂടെയുള്ള ജലയാനങ്ങളിലേക്കു മാറുമെന്നാണു മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇതുവഴി റോഡുകളിലെ ഗതാഗതക്കുരുക്കഴിക്കാനും വഴി തെളിയുമെന്നു ഷിപ്പിങ് മന്ത്രാലയം കരുതുന്നു. വാഹനക്കടത്ത് വർധിക്കുന്നതോടെ റോ റോ ഷിപ് സർവീസുകളുടെ പ്രവർത്തനം സുസ്ഥിരത കൈവരിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നുണ്ട്.