Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ വൈദ്യുത ബസ് പരീക്ഷണ ഓട്ടത്തിന്

India's-ebus

പരിസ്ഥിതി സൗഹൃദ വാഹനങ്ങളായ വൈദ്യുത ബസ്സുകൾ പുറത്തിറക്കാൻ രാജ്യാന്തര ഏജൻസികൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഢ്കരി. ഈ സാധ്യത പരിഗണിച്ച് വൈകാതെ 10 വൈദ്യുത ബസ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. ബഹിരാകാശ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഐ എസ് ആർ ഒയുമായി സഹകരിച്ചു വികസിപ്പിച്ച പ്രാദേശിക ബാറ്ററി സാങ്കേതികവിദ്യയിൽ ഓടുന്ന 10 ബസ്സുകളാണ് തുടക്കത്തിൽ നിരത്തിലെത്തുക. വിദേശ നിർമിത ബാറ്ററികൾക്ക് 55 ലക്ഷം രൂപ വിലയുള്ളപ്പോൾ ആഭ്യന്തരമായി വികസിപ്പിച്ച ബാറ്ററികൾക്ക് വെറും അഞ്ചു ലക്ഷം രൂപയാണു വിലയെന്നു കൊൽക്കത്തിൽ ഭാരത് ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക പൊതുയോഗത്തിനെത്തിയ ഗഢ്കരി വെളിപ്പെടുത്തി. പരീക്ഷണം വിജയിച്ചാൽ പൊതുമേഖലയിലെ ട്രാൻസ്പോർട് കോർപറേഷനുകളുടെ പക്കലുള്ള ഒന്നര ലക്ഷത്തോളം ബസ്സുകൾക്കു പകരം വൈദ്യുത ബസ്സുകൾ നിരത്തിലെത്തിക്കാനാണു സർക്കാരിന്റെ തീരുമാനം.

രാജ്യാന്തരതലത്തിൽ പ്രശസ്തരായ കെഎഫ്ഡബ്ല്യു ഗ്രൂപ് പോലുള്ള ഏജൻസികളാണു വൈദ്യുത ബസ് പദ്ധതിക്കു പിന്തുണയുമായി രംഗത്തുള്ളത്. ഉപഗ്രഹങ്ങളിലും മറ്റും ഉപയോഗിക്കാനുള്ള ലിതിയം അയോൺ ബാറ്ററി വികസിപ്പിച്ചു പരിചയമുള്ള സ്ഥാപനമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഐ എസ് ആർ ഒ). ഇത്തരം ബാറ്ററികൾ ബസ് പോലുള്ള വാഹനങ്ങളിൽ ഉപയോഗിക്കുമ്പോൾ വരുത്തേണ്ട പരിഷ്കാരം സംബന്ധിച്ച പഠനങ്ങളാണു നിലവിൽ പുരോഗമിക്കുന്നതെന്നു ഗഢ്കരി അറിയിച്ചു.

ഫോസിൽ ഇന്ധനങ്ങളിൽ എതനോൾ കലർത്തുന്നതു പ്രോത്സാഹിപ്പിക്കാനും സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. ഒപ്പം ബയോ ഇന്ധനങ്ങൾക്കുള്ള ഗുണനിലവാര നടപടികൾ നിർണയിക്കാനും നടപടിയെടുക്കും. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി ജലമാർഗമുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കുമെന്നും ഗഢ്കരി അറിയിച്ചു. ഇതിനിടയിലും 3.80 ലക്ഷം കോടി രൂപ ചെലവിലുള്ള പുത്തൻ റോഡ് നിർമാണ പദ്ധതികൾ നേരിട്ടിരുന്ന തടസ്സങ്ങളിൽ 90 ശതമാനത്തോളം നീക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.