Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത ‘ബീറ്റ്’ ഇനി അർജന്റീനയിലേക്കും

Beat

യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ഉപസ്ഥാപനമായ ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ) ഹാച്ച്ബാക്കായ ‘ബീറ്റ്’ അർജന്റീനയിലേക്കും കയറ്റുമതി തുടങ്ങി. ഇതോടെ ഇന്ത്യൻ നിർമിത ‘ബീറ്റ്’ വിൽപ്പനയ്ക്കെത്തുന്ന ആറാമത്തെ പ്രമുഖ വിപണിയായി ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീന.
അർജന്റീനയിൽ വിൽപ്പനയ്ക്കുള്ള ‘ബീറ്റി’ന്റെ ആദ്യ ബാച്ച് അടുത്ത മാസം കപ്പൽ കയറും. ഇക്കൊല്ലം അര ലക്ഷം ‘ബീറ്റ്’ കയറ്റുമതി ചെയ്യാനാണു ജി എം ഐയുടെ പദ്ധതി; കഴിഞ്ഞ വർഷത്തെ കയറ്റുമതിയെ അപേക്ഷിച്ച് ഇരട്ടിയോളമാണിത്.‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ച് അർജന്റീനയിലേക്കു ‘ബീറ്റ്’ കയറ്റുമതി ആരംഭിക്കുന്നതിൽ അഭിമാനമുണ്ടെന്നു ജി എം ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കഹെർ കാസിം വ്യക്തമാക്കി.


നിലവിൽ മഹാരാഷ്ട്രയിലെ തലേഗാവ് ശാലയിൽ നിർമിച്ച ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള ‘ബീറ്റ്’ മെക്സിക്കോ, ചിലി, പെറു, മധ്യ അമേരിക്കൻ — കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജി എം ഐ കയറ്റുമതി ചെയ്യുന്നുണ്ട്. 2015 — 16ലെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്ന കാറുകളിൽ ആറാം സ്ഥാനത്താണു ‘ബീറ്റ്’. മൊത്തം 37,82 ‘ബീറ്റ്’ ആണു ജി എം ഐ കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതി ചെയ്തത്. ഇന്ത്യയ്ക്കു പുറത്ത് ‘സ്പാർക്’ എന്ന പേരിൽ വിപണനം ചെയ്യുന്ന ‘ബീറ്റ്’ ആഗോളതലത്തിൽ ഏഴുപതോളം വിപണികളിലാണു വിൽപ്പനയ്ക്കുള്ളത്. ഇതുവരെ 10 ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പനയും കാർ കൈവരിച്ചിട്ടുണ്ട്.

ഇന്ത്യയെ കയറ്റുമതി കേന്ദ്രമായി വികസിപ്പിക്കാനുള്ള ജി എമ്മിന്റെ തന്ത്രങ്ങളുടെ ഭാഗമായി 2016ൽ അര ലക്ഷം കാറുകൾ കയറ്റുമതി ചെയ്യാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്നു കാസിം വെളിപ്പെടുത്തി. 2015ൽ 21,000 കാറുകളായിരുന്നു കയറ്റുമതി. കയറ്റുമതി ഉയരുന്നതോടെ തലേഗാവ് ശാലയുടെ ശേഷി വിനിയോഗവും ഉയർത്താനാവുമെന്നാണു ജി എം ഐയുടെ പ്രതീക്ഷ; പ്രതിവർഷം 1.30 ലക്ഷം യൂണിറ്റാണു തലേഗാവ് ശാലയുടെ ഉൽപ്പാദനശേഷി. ഭാവിയിൽ കൂടുതൽ വിദേശ വിപണികളിൽ ഇന്ത്യൻ നിർമിത കാറുകൾ വിൽപ്പനയ്ക്കെത്തുമെന്നും കാസിം സൂചിപ്പിച്ചു.  

Your Rating: