Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിലേക്ക് ഇനി ഇന്ത്യൻ നിർമിത ‘ഇകോസ്പോർട്’

Ford EcoSport Ford EcoSport

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ആകൃഷ്ടരായി ഇന്ത്യൻ നിർമിത ‘ഇകോസ്പോർട്’ യു എസിലേക്കു കയറ്റുമതി ചെയ്യാൻ ഫോഡ് മോട്ടോർ കമ്പനി തയാറെടുക്കുന്നു. 2017 ഒക്ടോബറോടെയാവും കോംപാക്ട് എസ് യു വിയായ ‘ഇകോസ്പോർടി’ന്റെ ഇന്ത്യൻ നിർമിത മോഡലുകൾ ഫോഡിന്റെ ജന്മനാടായ യു എസിൽ വിൽപ്പനയ്ക്കെത്തുക. 90,000 ‘ഇകോസ്പോർട്’ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾക്കു ഫോഡ് തുടക്കവും കുറിച്ചിട്ടുണ്ട്; ഈ കോംപാക്ട് എസ് യു വിയുടെ ഇന്ത്യയിലെ വാർഷിക വിൽപ്പനയേക്കാൾ അധികമാണിത്.

അതേസമയം യു എസിലേക്കുള്ള കയറ്റുമതി സാധ്യമാക്കാൻ ഫോഡ് ഇന്ത്യയ്ക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവരുമെന്നാണു സൂചന. തായ്ലൻഡിലെ ഫോഡ് യൂണിറ്റും യു എസിലേക്കും കാനഡയിലേക്കുമുള്ള കയറ്റുമതി സാധ്യത തേടി സജീവമായി രംഗത്തുണ്ടെന്നതാണു കാരണം.

ഇന്ത്യയിൽ നിർമിച്ച വാഹനങ്ങൾ ഫോഡ് ഇപ്പോൾ തന്നെ യൂറോപ്യൻ വിപണികളിൽ വിൽക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഫോഡ് ഇന്ത്യയുടെ കയറ്റുമതി 78,814 യൂണിറ്റായിരുന്നു; മൊത്തം ഉൽപ്പാദനമാവട്ടെ 1.53 ലക്ഷം യൂണിറ്റും. കയറ്റുമതിയുടെ 70 ശതമാനത്തോളം ‘ഇകോസ്പോർട്ടി’ന്റെ സംഭാവനയുമായിരുന്നു.

ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡും കെ ടി എമ്മും ഇപ്പോൾ തന്നെ ഇന്ത്യയിൽ നിർമിച്ച മോഡലുകൾ യു എസിൽ വിൽക്കുന്നുണ്ട്. ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹയാവട്ടെ ഇന്ത്യയിൽ നിർമിച്ച 150 സി സി സ്പോർട്സ് ബൈക്കായ ‘ആർ വൺ ഫൈവ്’ ആണു ജന്മനാട്ടിൽ വിൽക്കുന്നത്. രണ്ടു പതിറ്റാണ്ടു മുമ്പ് ഇന്ത്യയിലെത്തിയ ഫോഡ് ഇതുവരെ 12,800 കോടിയോളം രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. എന്നാൽ ഇതിനൊത്ത സാമ്പത്തിക നേട്ടം കൊയ്യാൻ കമ്പനിക്കു കഴിഞ്ഞിട്ടില്ലെന്നതാണു ഫോഡ് ഇന്ത്യ നേരിടുന്ന പ്രതിസന്ധി. ‘ഇകോസ്പോർട്’ കയറ്റുമതി യു എസിലേക്കു കൂടി വ്യാപിപ്പിച്ച് 1000 കോടിയോളം രൂപയുടെ സഞ്ചിതനഷ്ടം നികത്താനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.