Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുകാറുകൾക്കുള്ള ഇറക്കുമതി ചുങ്കം ശ്രീലങ്ക കുറച്ചു

wagon-r-1

എൻജിൻ ശേഷി കുറഞ്ഞ കാറുകൾക്കുള്ള ഇറക്കുമതി തീരുവ ശ്രീലങ്ക കുറച്ചു; ഒപ്പം എൻജിൻ ശേഷിയേറിയ കാറുകൾക്കുള്ള തീരുവ ഉയർത്തിയിട്ടുമുണ്ട്. ചെറിയ കാറുകൾക്കുള്ള തീരുവ കുറച്ചത് ഇന്ത്യൻ നിർമാതാക്കൾക്കു ഗുണകരമാവുമെന്നാണു പ്രതീക്ഷ.
മിനിമം യൂണിറ്റ് ടാക്സിൽ നടപ്പായ വർധന മൂലമാണ് 1,000 സി സിയിലേറെ എൻജിൻ ശേഷിയുള്ള കാറുകളുടെ ഇറക്കുമതി ചെലവ് ഉയരുകയെന്ന് ശ്രീലങ്കയിലെ വെഹിക്കിൾ ഇംപോർട്ടേഴ്സ് അസോസിയേഷൻ വിശദീകരിച്ചു. ശ്രീലങ്കൻ ധനമന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനപ്രകാരം 800 — 1000 സി സി എൻജിനുള്ള കാറുകളെ താഴ്ന്ന ഇറക്കുമതി ചുങ്കം ബാധകമായ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ ശ്രീലങ്കയിൽ വിൽപ്പനയ്ക്കെത്തുന്നവയിൽ ഏറെയും ഇന്ത്യയിൽ നിർമിച്ച കാറുകളാണ്. മാരുതി സുസുക്കിയുടെ ‘വാഗൺ ആർ’ പോലുള്ള മോഡലുകളാണ് ഈ വിഭാഗത്തിൽ ഇടംപിടിക്കുന്നത്. ഇത്തരം കാറുകൾക്കുള്ള ഇറക്കുമതി ചുങ്കം നിലവിലുള്ള 15 — 16 ലക്ഷം ശ്രീലങ്കൻ രൂപ(6.86 — 7.32 ലക്ഷത്തോളം രൂപ)യിൽ നിന്ന്


13.5 ലക്ഷം ശ്രീലങ്കൻ രൂപ(6.18 ലക്ഷം രൂപ) ആയി കുറയുമെന്നാണു വാഹന വ്യാപാരികളുടെ പ്രതീക്ഷ.അതേസമയം ഇന്ത്യൻ നിർമിത ത്രിചക്ര വാഹനങ്ങൾക്കും ഓട്ടോ ടാക്സികൾക്കുമുള്ള ഇറക്കുമതി തീരുവ ഉയർന്ന നിലവാരത്തിൽ തുടരുമെന്നാണു സൂചന.സ്പോർട് യൂട്ടിലിറ്റി വാഹന പ്രേമികൾക്കും ഇറക്കുമതി ചുങ്കത്തിലെ വർധന തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ 54 ലക്ഷം ശ്രീലങ്കൻ രൂപ(24.71 രൂപ)യായിരുന്ന തീരുവ 76 ലക്ഷം ശ്രീലങ്കൻ രൂപ(ഏകദേശം 34.78 ലക്ഷം രൂപ) ആയിട്ടാണ് ഉയർത്തിയത്. ഇതോടെ എസ് യു വി വിലയിൽ കുറഞ്ഞത് 13 ലക്ഷം ശ്രീലങ്കൻ രൂപ(ആറു ലക്ഷത്തോളം രൂപ)യുടെ വർധന നിലവിൽ വരുമെന്നാണ് ആശങ്ക. വിദേശനാണയ ലഭ്യതയിലെ പരിമിതകളാണു വാഹന ഇറക്കുമതി കുറയ്ക്കാനുള്ള കർശന നടപടി സ്വീകരിക്കാൻ ശ്രീലങ്കൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണു വിലയിരുത്തൽ.