Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡിഗൊയുടെ പുതിയ വിമാനം‘എയർബസ് 320 നിയോ’

Airbus-A320neo Airbus A320 Neo

ഇന്ധനക്ഷമതയേറിയ ‘എയർബസ് 320 നിയോ’ വിമാനങ്ങളിൽ ആദ്യത്തേത് മാർച്ചിൽ ലഭിക്കുമെന്ന് ഇൻഡിഗൊ. വാഗ്ദാനം ചെയ്തതിനേക്കാൾ മൂന്നു മാസം വൈകിയാണു നിർമാതാക്കളായ എയർബസ്, വിപണി വിഹിതം അടിസ്ഥാനമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗൊയ്ക്ക് ‘എ 320 നിയോ’വിമാനം കൈമാറുന്നത്. മുൻനിശ്ചയപ്രകാരം ആദ്യ ‘എയർബസ് 320 നിയോ’ വിമാനം ഡിസംബറിൽ തന്നെ ഇൻഡിഗൊയ്ക്കു ലഭിക്കേണ്ടതാണ്; പോരെങ്കിൽ മാർച്ച് ആകുമ്പോഴേക്ക് ‘എയർബസ് 320 നിയോ’ ഇനത്തിൽപെട്ട ഒൻപതു വിമാനങ്ങളാണ് എയർലൈനിനു ലഭിക്കേണ്ടിയിരുന്നത്. ഈ മാർച്ച് മുതൽ അടുത്ത മാർച്ച് വരെയുള്ള കാലത്തിനിടെ 24 പുതിയ വിമാനങ്ങൾ എയർബസിൽ നിന്നു ലഭിക്കുമെന്നാണ് ഇൻഡിഗൊ അറിയിച്ചത്. ഇതോടെ നേരത്തെ തീരുമാനിച്ച 26 ‘എയർബസ് 320 നിയോ’ വിമാനങ്ങൾക്കു പകരം ഇത്തരത്തിൽപെട്ട 24 എണ്ണം മാത്രമാണ് ഇൻഡിഗൊ വാങ്ങുകയെന്നും വ്യക്തമായിട്ടുണ്ട്.

Airbus-A320neo-1 Airbus A320 Neo

ഇടത്തരം ദൂരങ്ങളിലെ സർവീസിനുള്ള വിമാനങ്ങളിൽ ഏറെ ജനപ്രീതിയാർജിച്ച ‘എയർബസ് എ 320’ വിമാനത്തിന്റെ പരിഷ്കരിച്ചതും ഇന്ധനക്ഷമതയേറിയുമായ വകഭേദമായാണ് കമ്പനി ‘എയർബസ് 320 നിയോ’ അവതരിപ്പിച്ചത്. വിമാനത്തിലെ പുതിയ പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിനുകളുടെ ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇൻഡിഗൊയ്ക്കുള്ള ‘എയർബസ് 320 നിയോ’ കൈമാറ്റം വൈകിച്ചതെന്നാണു സൂചന.എയർബസിനെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ തന്നെയുള്ള മുൻനിര ഇടപാടുകാരാണ് ഇന്റർഗ്ലേബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇൻഡിഗൊ. 250 ‘എയർബസ് 320 നിയോ’ വിമാനം വാങ്ങാൻ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇൻഡിഗൊ തീരുമാനിച്ചത്; എയർബസിനെ സംബന്ധിച്ചടത്തോളം വിമാനങ്ങളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ഓർഡറുമായിരുന്നു ഇത്. പോരെങ്കിൽ എയർബസിൽ നിന്ന് ‘എ 320’ ശ്രേണിയിൽപെടുന്ന മൊത്തം 530 വിമാനം വാങ്ങാനാണ് കമ്പനിയും ഇൻഡിഗൊയുമായി ധാരണയിലെത്തിയത്. പുതിയ ‘എയർബസ് 320 നിയോ’ എത്തുന്നതോടെ 2016 — 17 സാമ്പത്തിക വർഷം എയർലൈനിന്റെ വിമാനലഭ്യതയിൽ22.4% വർധന പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇൻഡിഗൊ പ്രഖ്യാപിച്ചു. നിലവിൽ നൂറോളം വിമാനങ്ങളാണ് ഇൻഡിഗൊയുടെ പക്കലുള്ളത്.

Your Rating: