Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറിടത്ത് സാന്നിധ്യം ഉറപ്പിക്കാൻ ‘ഓല റെന്റൽസ്’

ola-rentals

പുതിയ സംരംഭമായ ‘ഓല റെന്റൽസ്’ രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കുകയാണെന്ന് ടാക്സി അഗ്രിഗേറ്റർമാരായ ഓല. നഗരപരിധിക്കുള്ളിലെ യാത്രകൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ കാറുകൾ വാടകയ്ക്കു നൽകുന്ന പദ്ധതിയാണ് ‘ഓല റെന്റൽസ്’. ആഡംബര കാറുകളുടെ ഓല ലക്സ്, സെഡാനും എസ് യു വികളും ഉൾപ്പെട്ട ഓല പ്രൈം, ചെറുകാറുകൾ ഇടംപിടിക്കുന്ന ഓല മിനി എന്നിവയൊക്കെ ‘ഓല റെന്റൽസ്’ വ്യവസ്ഥയിൽ ലഭ്യമാവും. കഴിഞ്ഞ ജൂലൈയിലാണ് ഓല പരീക്ഷണാടിസ്ഥാനത്തിൽ ‘ഓല റെന്റൽസ്’ അവതരിപ്പിച്ചത്. തുടർന്ന് ഓലയുടെ മൊബൈൽ ആപ്ലിക്കേഷനിൽ ‘ഓല റെന്റൽസി’ന് ആവശ്യക്കാരേറെയായിരുന്നെന്നു കമ്പനി അവകാശപ്പെടുന്നു. ഇതിനോടക് ‘ഓല റെന്റൽസ്’ ലക്ഷത്തിലേറെ പാക്കേജുകൾ പിന്നിട്ടെന്നാണ് ഓല കാബ്സിന്റെ കണക്ക്. നിലവിൽ 85 നഗരങ്ങളിലാണ് ‘ഓല റെന്റൽസ്’ സേവനം ലഭ്യമാവുന്നത്; വൈകാതെ 100 നഗരങ്ങളിൽ ഈ സേവനം ഉറപ്പാക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

ഇടപാടുകാർക്കിടയിൽ ഏറെ ജനപ്രീതി നേടിയാണ് ‘ഓല റെന്റൽസി’ന്റെ മുന്നേറ്റം. ചെന്നൈ, ബെംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിലാണ് ‘ഓല റെന്റൽസ്’ ഏറെ സ്വീകാര്യത കൈവരിച്ചിരിക്കുന്നത്. രണ്ടു മണിക്കൂറിൽ 30 കിലോമീറ്റർ, നാലു മണിക്കൂറിൽ 40 കിലോമീറ്റർ, എട്ടു മണിക്കൂറിൽ 80 കിലോമീറ്റർ എന്നീ പാക്കേജുകളാണ് നിലവിൽ ‘ഓല റെന്റൽസ്’ വഴി കമ്പനി ലഭ്യമാക്കുന്നത്. ദിവസം മുഴുവൻ ഒരേ കാബ് ഉപയോഗിക്കാമെന്നതാണ് ‘ഓല റെന്റൽസ്’ വാഗ്ദാനം ചെയ്യുന്ന പ്രധാന ആകർഷണമെന്ന് കമ്പനി ചീഫ് മാർക്കറ്റിങ് ഓഫിസറും കാറ്റഗറീസ് മേധാവിയുമായ രഘുവേശ് സരൂപ് വിശദീകരിക്കുന്നു. ഗുണനിലവാരമുള്ള കാറുകളും പ്രവർത്തന മികവ് തെളിയിച്ച ഡ്രൈവർമാരുമാണ് ‘ഓല റെന്റൽസി’ന്റെ മറ്റൊരു സവിശേഷത. യാത്രക്കാർക്കു മെച്ചപ്പെട്ട അനുഭവ സമ്മാനിക്കാൻ ഡ്രൈവർമാർക്ക് നിരന്തര പരിശീലനം ലഭ്യമാക്കുന്നുണ്ടെന്നും സരൂപ് അറിയിച്ചു.

യാത്രക്കാർക്കു പുറമെ ഡ്രൈവർമാർക്കും ‘ഓല റെന്റൽസി’നോടു പ്രിയമേറിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സമയം കൂടുതൽ ഉൽപ്പാദനക്ഷമമായി ചെലവഴിക്കുന്നതിനൊപ്പം അധിക വരുമാനവും നേടാമെന്നതാണു ഡ്രൈവർമാരെ ‘ഓല റെന്റൽസി’ലേക്ക് ആകർഷിക്കുന്നത്. എസ് ഒ എസ് ബട്ടൻ, റൈഡ് ലൈവ ട്രാക്കിങ് തുടങ്ങിയവയോടെ ഹാച്ച്ബാക്കുകളും സെഡാനുകളും എസ് യു വികളും ആഡംബര കാറുകളുമൊക്കെ പ്രവർത്തന മികവ് തെളിയിച്ച ഡ്രൈവർ സഹിതം വാടകയ്ക്കു ലഭിക്കുമെന്നതിനാൽ ‘ഓല റെന്റൽസ്’ എക്സിക്യൂട്ടീവുകൾക്കും മുതിർന്ന പൗരന്മാർക്കും വിനോദ സഞ്ചാരികൾക്കുമൊക്കെ ഗുണകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.