Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേരി ബാര ജി എം ചെയർമാനാവുന്നതിനെ എതിർത്ത് നിക്ഷേപകർ

mary-barra Marry Barra

ജനറൽ മോട്ടോഴ്സ്(ജി എം) കമ്പനിയുടെ ചെയർമാൻ സ്ഥാനവും കമ്പനി ചീഫ് എക്സിക്യൂട്ടീവായ മേരി ബാരയെ ഏൽപ്പിച്ചതിനെ എതിർത്ത് നിക്ഷേപകർ രംഗത്ത്. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സി ഇ ഒ), ചെയർമാൻ പദവികൾ പ്രത്യേകമായി തന്നെ നിലനിർത്തണമെന്ന് വാദിക്കുന്നവരാണ് ബാരയെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അധ്യക്ഷയാക്കിയതിനെതിരെ നിലപാടെടുക്കുന്നത്. കടുത്ത സമ്മർദം സൃഷ്ടിച്ചു കമ്പനി ഓഹരി ഉടമകൾക്കു കൂടുതൽ പണം നൽകാൻ കഴിഞ്ഞ വർഷം ജി എമ്മിനെ നിർബന്ധിരാക്കിയ ഹെഡ്ജ് ഫണ്ടുകളിൽ ഒന്നിന്റെ നേതാവായ ഹാരി വിൽസൻ ആണു ചീഫ് എക്സിക്യൂട്ടീവ്, ചെയർമാൻ പദങ്ങൾ വേറിട്ടു നിർത്തണമെന്നു വാദിക്കുന്നവരിൽ പ്രധാനി. ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിൽ കമ്പനിയുടെ മാനേജ്മെന്റിനെ നയിക്കുന്നതു ബോർഡിന്റെ ചെയർമാൻ സ്ഥാനവും വ്യത്യസ്ത ജോലികളാണെന്നാണു വിൽസന്റെ പക്ഷം.

യു എസിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ചെയർമാൻ എന്ന അധിക ചുമതല ഈ മാസം ആദ്യമാണു മേരി ബാര(54)യെ തേടിയെത്തിയത്. 2014 ജനുവരിയിൽ ജി എമ്മിന്റെ സി ഇ ഒ പദത്തിലെത്തിയ ബാരയെ ചെയർമാന്റെ കൂടി ചുമതല ഏൽപ്പിക്കാൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ബാരയുടെ മുൻഗാമിയും കമിൻസ് ഡീസൽ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായിരുന്ന തിയഡോർ സോൾസൊയെ ബോർഡിലെ ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടറായി നിലനിർത്താനും തീരുമാനമായിരുന്നു. ഇതോടെ യു എസിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ പ്രമുഖ വാഹന നിർമാണ കമ്പനിയെ നയിക്കുന്ന ആദ്യ വനിതയെന്ന പെരുമയോടെ ജി എമ്മിന്റെ സി ഇ ഒ പദത്തിലെത്തിയ മേരി ബാരയ്ക്ക് ഇരട്ട നേട്ടവും സ്വന്തമായി.

അതേസമയം, ബാരയുടെ നിയമന വേളയിൽ സോൾസൊ നടത്തിയ പ്രതികരണം ഉദ്ധരിച്ചാണു ജി എം വിൽസന്റെ ആരോപണത്തെ നേരിടുന്നത്. കമ്പനിയുടെ താൽപര്യം മുൻനിർത്തിയാണു ചെയർപഴ്സൻ, സി ഇ ഒ സ്ഥാനങ്ങൾ സംയോജിപ്പിക്കാനുള്ള തീരുമാനം ബോർഡ് സ്വീകരിച്ചതെന്നായിരുന്നു അന്നു സോൾസൊ വിശദീകരിച്ചത്. ഒപ്പം ഭാവിക്കായി തയാറാക്കിയ വീക്ഷണവും പദ്ധതിയും നടപ്പാക്കാനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗവും ഇതുതന്നെയാണെന്ന് സോൾസൊ അന്നു വ്യക്തമാക്കിയിരുന്നു. ചെയർമാൻ പദം കൂടി സി ഇ ഒ വഹിക്കുന്നതിനെഎതിർക്കുമ്പോഴും കഴിഞ്ഞ 18 മാസത്തിനിടെ ബാരയുടെ നേതൃത്വത്തിൽ ജി എം കാഴ്ചവച്ച പ്രകടനത്തെ വിൽസൺ പ്രശംസിച്ചിട്ടുണ്ട്.