Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ ഒ സി പാരദീപ് റിഫൈനറി ഉദ്ഘാടനം ഏഴിന്

ioc-paradip Indian Oil Corporation Ltd Paradip Refinery

ഒഡീഷയിലെ പാരദീപിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ ഒ സി) സ്ഥാപിച്ച എണ്ണ ശുദ്ധീകരണശാല പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ ഐ ഒ സി എണ്ണ ശുദ്ധീകരണശാലകളിൽ ഏറ്റവും വലുതായ പാരദീപ് റിഫൈനറിയുടെ നിർമാണ ചെലവ് 34,555 കോടി രൂപയാണ്. 10 വർഷത്തിനിടയിൽ ഐ ഒ സി സ്ഥാപിക്കുന്ന ആദ്യ റിഫൈനറിയായ പാരദ്വീപിൽ നിന്നു തുടക്കത്തിൽ പെട്രോളാണ് ഉൽപ്പാദിപ്പിക്കുന്നത്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള ഇന്ധനങ്ങളാണ് പ്രതിവർഷം 15 ദശലക്ഷം മെട്രിക് ടൺ(എം എം ടി പി എ) ശുദ്ധീകരണ ശേഷിയുള്ള പാരദീപ് റിഫൈനറി ഉൽപ്പാദിപ്പിക്കുക. രാജ്യത്തിന്റെ കിഴക്കൻ, തെക്കു കിഴക്കൻ മേഖലകളിലെ വിൽപ്പനയ്ക്കൊപ്പം ഇന്ധന കയറ്റുമതിയും ലക്ഷ്യമിടുന്ന ശാല ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണഉ രാജ്യത്തിനു സമർപ്പിക്കുക.

നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 14 വർഷം പിന്നിടുമ്പോഴാണു പാരദീപിലെ പുതിയ എണ്ണ ശുദ്ധീകരണ ശാല പ്രവർത്തനസജ്ജമവുന്നത്. ഇളവുകളെ ചൊല്ലി ഒഡീഷയിലെ നവീൻ പട്നായിക് സർക്കാരിന്റെ തുടർച്ചയായ നിലപാട് മാറ്റവും വിദേശ പങ്കാളിയായിരുന്നു കുവൈത്ത് പെട്രോളിയത്തിന്റെ പിന്മാറ്റവും പ്രദേശവാസികളിൽ നിന്നും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളിൽ നിന്നും സർക്കാർ ഇതര സംഘടനകളിൽ നിന്നുമൊക്കെയുള്ള നിരന്തര എതിർപ്പുകളും ശാല വൈകാൻ ഇടയാക്കി. നിർമാണഘട്ടത്തിൽ ശക്തിയേറിയ രണ്ടു ചുഴലിക്കാറ്റുകൾ അഴിച്ചുവിട്ടു പ്രകൃതിയും പാരദീപ് ശാലയ്ക്കു ‘പാര’ വച്ചു. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ് 2002 മേയിൽ നിർദിഷ്ട പാരദീപ് എണ്ണ ശുദ്ധീകരണ ശാലയ്ക്കു ശിലയിട്ടത്. 1992 ജൂലൈയിൽ പി വി നരസിംഹറാവു സർക്കാർ തയാറാക്കിയ പദ്ധതിക്കായിരുന്നു ദശാബ്ദത്തിനു ശേഷം അന്ന് ഔപചാരികമായി തുടക്കമായത്. പാരദീപ് തുറമുഖത്തിനടുത്ത് 3,350 ഏക്കർ വിസ്തൃതിയിൽ സ്ഥാപിച്ച ശാലയുടെ നിർമാണം നീണ്ടതോടെ 3,500 കോടി രൂപയുടെ അധിക ചെലവ് നേരിട്ടെന്നാണു കണക്ക്. ശാലയ്ക്കു പുറമെ ഡൽഹി പബ്ലിക് സ്കൂളഉം സ്റ്റേഡിയം കോംപ്ലക്സുമൊക്കയുള്ള ആധുനിക പാർപ്പിട സമുച്ചയവും പാരദീപിലുണ്ട്.

ഗുണമേന്മയോടെ കൂടുതൽ പാചകവാതക ഉൽപ്പാദനം സാധ്യമാക്കാൻ ഐ ഒ സി വികസിപ്പിച്ചെടുത്ത ഇൻഡ്മാക്സ് സാങ്കേതികവിദ്യയോടെ രാജ്യത്തെ ഏറ്റവും ആധുനികമായ എണ്ണ ശുദ്ധീകരണ ശാല സമുച്ചയമാണു പ്രവർത്തനം തുടങ്ങുന്നതെന്നു പാരദീപ് റിഫൈനറി പ്രോജക്ടിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടർ രാംജീ റാം അറിയിച്ചു. രാജ്യത്തെ കിഴക്കൻ തീരത്തെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് റിഫൈനറിയുമാണു പാരദീപിലേത്. പ്രതിവർഷം 3.9 ദശലക്ഷം മെട്രിക് ടൺ ഉൽപ്പാദന ശേഷിയുള്ള മോട്ടോർ സ്പിരിറ്റ്സ്(പെട്രോൾ) യൂണിറ്റ് പ്രവർത്തനം തുടങ്ങിയതോടെ വാക്വം ഗ്യാസ് ഓയിൽ ഹൈഡ്രോട്രീറ്റർ(വി ജി ഒ — എച്ച് ഡി ടി) കമ്മിഷനിങ് മാത്രമാണു ബാക്കിയുള്ളത്; ഇതും അടുത്ത മാസം പകുതിയോടെ പ്രവർത്തനക്ഷമമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.