Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്രയിൽ വമ്പൻ റിഫൈനറിക്കു വഴി തെളിയുന്നു

kochi-refinery Representative Image

രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല സ്ഥാപിക്കാൻ പൊതുമേഖല എണ്ണ കമ്പനികളുടെ കൂട്ടായ്മ രംഗത്ത്. മഹാരാഷ്ട്രയിൽ 3000 കോടി ഡോളർ(ഏകദേശം 2.02 ലക്ഷം കോടി രൂപ) ചെലവിൽ പുതിയ റിഫൈനറി സ്ഥാപിക്കാനാണു പൊതുമേഖല കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ ഒ സി), ഭാരത് പെട്രോളിയം കോർപറേഷൻ(ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ(എച്ച് പി സി എൽ) എന്നിവർ ധാരണാപത്രം ഒപ്പിട്ടത്. ഐ ഒ സിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൺസോർഷ്യം സ്ഥാപിക്കുന്ന ശാലയുടെ വാർഷിക ശുദ്ധീകരണ ശേഷി ആറു കോടി ടൺ അസംസ്കൃത എണ്ണയാവും. രാജ്യതലസ്ഥാനത്തു നടക്കുന്ന പെട്രോടെക് സമ്മേളനത്തോടനുബന്ധിച്ച് ഒപ്പിട്ട കരാർ പ്രകാരം പുതിയ പദ്ധതിയിൽ 50% ഓഹരി ഇന്ത്യൻ ഓയിലിനാവും.

വശേഷിക്കുന്ന ഓഹരി പകുതി വീതം എച്ച് പി സിക്കും ബി പി സിക്കുമാണ്. കൂടാതെ സൗദി അറേബ്യയയിലെ സൗദി അരാംകോ പോലെ ആഗോളതലത്തിലെ പ്രമുഖ കമ്പനികൾക്കും പദ്ധതിയിൽ പങ്കാളിത്തം നേടാൻ താൽപര്യമുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. എന്നാൽ വിദേശ പങ്കാളികളെ ഒപ്പം കൂട്ടുന്നതു സംബന്ധിച്ചു നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ഘട്ടമായിട്ടാവും എണ്ണ ശുദ്ധീകരണ ശാലയും വമ്പൻ പെട്രോകെമിക്കൽ സമുച്ചയവും പൂർത്തിയാവുക. ആദ്യ ഘട്ടത്തിൽ നാലു കോടി ടൺ വാർഷിക ശുദ്ധീകരണ ശേഷിക്കൊപ്പം അരോമാറ്റിക് കോംപ്ലക്സ്, നാഫ്ത ക്രാക്കർ യൂണിറ്റ്, പോളിമർ സമുച്ചയം എന്നിവയാണു ലക്ഷ്യമിടുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായാൽ ആറു വർഷത്തിനകം യാഥാർഥ്യമാവുന്ന ആദ്യ ഘട്ടത്തിന് 1.2 — 1.5 ലക്ഷം കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. 12,000 — 15,000 ഏക്കർ ഭൂമി ആവശ്യമുള്ള പദ്ധതിക്കായി മഹാരാഷ്ട്ര തീരത്തെ രണ്ടു മൂന്നു കേന്ദ്രങ്ങളാണു പരിഗണനയിലുള്ളത്. പ്രതിവർഷം രണ്ടു കോടി ടൺ ശുദ്ധീകരണ ശേഷിയുള്ള റിഫൈനറിയാണു രണ്ടാം ഘട്ടത്തിൽ വിഭാവന ചെയ്യുന്നത്; 50,000 — 60,000 കോടി രൂപയാവും നിർമാണ ചെലവ്.

നിലവിലുള്ള ശുദ്ധീകരണ ശാലകൾ ഉത്തരേന്ത്യയിലാണ് എന്നതിനാലാണ് പശ്ചിമ, ദക്ഷിണ ഇന്ത്യകൾക്കായി രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തു പുതിയ റിഫൈനറി സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ താൽപര്യം പ്രകടിപ്പിക്കുന്നത്. നിലവിൽ മുംബൈയിലുള്ള റിഫൈനറികളുടെ ശുദ്ധീകരണ ശേഷിയിലെ പരിമിതി മറികടക്കാനാണ് ബി പി സി എല്ലും എച്ച് പി സി എല്ലും പുതിയ ശാലയിൽ പങ്കാളിത്തം നേടുന്നത്.
പെട്രോൾ, ഡീസൽ, വിമാന ഇന്ധനം(എ ടി എഫ്), പ്ലാസ്റ്റിക്, രാസവസ്തു, വസ്ത്ര വ്യവസായങ്ങൾക്കുള്ള പെട്രോകെമിക്കൽ പ്ലാന്റുകൾക്ക് ആവശ്യമായ ഫീഡ് സ്റ്റോക്ക് എന്നിവയാണു പുതിയ ശാല ഉൽപ്പാദിപ്പിക്കുക. നിലവിൽ രാജ്യത്തു പൊതുമേഖല കമ്പനികൾക്കുള്ള ഏറ്റവും വലിയ ശുദ്ധീകരണ ശാലയുടെ ശേഷി പ്രതിവർഷം ഒന്നര കോടി ടണ്ണാണ്. ഒഡീഷയിലെ പാരദീപിൽ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ഈ ശാല പ്രവർത്തിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലാവട്ടെ റിലയൻസ് ഇൻഡസ്ട്രീസിനാണു രാജ്യത്ത് ഏറ്റവും വലിയ റിഫൈനറിയുള്ളത്; ഗുജറാത്തിലെ ജാംനഗറിലുള്ള കമ്പനിയുടെ ശാലയ്ക്ക് പ്രതിവർഷം 3.3 കോടി ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാം. കൂടാതെ പൂർണമായും കയറ്റുമതി ലക്ഷ്യമിട്ട് 2.9 കോടി ടൺ ശുദ്ധീകരണ ശേഷിയുള്ള ശാലയും റിലയൻസ് ജാംനഗറിൽ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ വാർഷിക ശുദ്ധീകരണ ശേഷി 23.206 കോടി ടണ്ണിലെത്തിയിരുന്നു; രാജ്യത്തെ ഇന്ധന ആവശ്യമാവട്ടെ 18.35 കോടി ടൺ മാത്രമാണ്.  

Your Rating: