Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലേക്കുള്ള സൗജന്യ എണ്ണക്കടത്ത് ഇറാൻ നിർത്തി

oil-market

ഇന്ത്യയിലേക്ക് സൗജന്യമായി അസംസ്കൃത എണ്ണ എത്തിച്ചു നൽകുന്നത് ഇറാൻ അവസാനിപ്പിച്ചു. എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്ന മാംഗ്ലൂർ റിഫൈനറീസ് ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡി(എം ആർ പി എൽ)നോടും എസ്സാർ ഓയിലിനോടും സ്വന്തം ചെലവിൽ ക്രൂഡ് ഓയിൽ കൊണ്ടു പോകാൻ ഇറാൻ ആവശ്യപ്പെട്ടതായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തി.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് 2013 നവംബറിലാണ് ഇന്ത്യൻ റിഫൈനർമാർക്ക് സൗജന്യമായി അസംസ്കൃത എണ്ണ എത്തിച്ചു നൽകാമെന്ന് ഇറാൻ വാഗ്ദാനം ചെയ്തത്. വിലക്ക് ഭയന്ന് രാജ്യാന്തര ഷിപ്പിങ് കമ്പനികൾ വിട്ടു നിന്നപ്പോൾ ഇറാൻ സ്വന്തം കപ്പൽ കമ്പനികൾ വഴിയാണു ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിച്ചത്; ഇതിനാവട്ടെ കടത്തുകൂലി ഈടാക്കിയിരുന്നുമില്ല.

എന്നാൽ 2016 ഏപ്രിൽ മുതൽ എണ്ണ വ്യാപാരം ഫ്രീ ഓൺ ബോർഡ്(എഫ് ഒ ബി) വ്യവസ്ഥയിലാവുമെന്നാണ് നാഷനൽ ഇറാനിയൻ ഓയിൽ കമ്പനി(എൻ ഐ ഒ സി) എം ആർ പി എല്ലിനെയും എസ്സാർ ഓയിലിനെയും അറിയിച്ചിരിക്കുന്നത്. ഇതൊടൊപ്പം കടത്തു കൂലി ഇന്ത്യൻ റിഫൈനർമാർ വഹിക്കണമെന്നും എൻ ഐ ഒ സി വ്യക്തമാക്കിയിട്ടുണ്ടെന്നു പ്രധാൻ രാജ്യസഭയെ അറിയിച്ചു. ചരക്ക് വാങ്ങിയ ആൾ ഏർപ്പാടാക്കിയ വാഹനം വരെ വിൽപ്പനക്കാരൻ സാധനം എത്തിച്ചുകൊടുക്കുന്ന രീതിക്കുള്ള വ്യാപാരനാമമാണു ഫ്രീ ഓൺ ബോർഡ് അഥവാ എഫ് ഒ ബി.

എന്നാൽ കഴിഞ്ഞ രണ്ടര വർഷക്കാലം കോസ്റ്റ്, ഇൻഷുറൻസ് ആൻഡ് ഫ്രൈറ്റ്(സി ഐ എഫ്) വ്യവസ്ഥയിലാണ് ഇറാൻ ഇന്ത്യൻ കമ്പനികൾക്ക് അസംസ്കൃത എണ്ണ വിറ്റിരുന്നത്. വിൽപ്പനക്കാരൻ തന്നെ സ്വന്തം നിലയിൽ ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു നൽകുന്ന രീതിയാണ് സി ഐ എഫ്.

വ്യവസ്ഥ മാറ്റുമ്പോഴും ഇന്ത്യൻ കമ്പനികൾ സ്വന്തം നിലയിൽ കാര്യങ്ങൾ ഏർപ്പാടാക്കും വരെ കപ്പലുകളും ഇൻഷുറൻസും ലഭ്യമാക്കാമെന്ന് എൻ ഐ ഒ സി വാഗ്ദാനം നൽകിയിട്ടുണ്ടെന്നും പ്രധാൻ അറിയിച്ചു.

ജനുവരിയിൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിച്ചതോടെയാണ് ഇറാൻ ക്രൂഡ് ഓയിൽ വ്യാപാര വ്യവസ്ഥകൾ സമഗ്രമായി പരിഷ്കരിച്ചത്. സൗജന്യ ചരക്കുനീക്കം പിൻവലിച്ചതിനൊപ്പം വാങ്ങുന്ന എണ്ണയിൽ പാതിയുടെ വില രൂപയായി ഈടാക്കുന്നതും ഇറാൻ നിർത്തി. മൂന്നു വർഷത്തോളമായി നിലനിന്ന രീതിയാണിത്. ഭാവിയിൽ എണ്ണ വില പൂർണമായും യൂറോയിൽ വേണമെന്ന് എൻ ഐ ഒ സി ആവശ്യപ്പെട്ടെന്നു പ്രധാൻ അറിയിച്ചു.

ഏപ്രിൽ മുതൽ വാങ്ങുന്ന എണ്ണയുടെ വില യൂറോയിലേക്കു മാറ്റിയതിനു പുറമെ എസ്സാർ ഓയിലും എം ആർ പി എല്ലും വരുത്തിയ കുടിശികയായ 650 കോടി ഡോളറും(ഏകദേശം 43283.47 കോടി രൂപ) യൂറോയിൽ തന്നെ വേണമെന്നാണ് ഇറാന്റെ ആവശ്യം. കുടിശികയിൽ 300 കോടിയോളം ഡോളർ എം ആർ പി എല്ലിന്റെ വിഹിതമാണ്; 250 കോടി ഡോളർ എസ്സാർ ഓയിലിന്റേതും. അവശേഷിക്കുന്നത് ഇന്ത്യൻ ഓയിൽ കോർപറേഷൻ, എച്ച് പി സി എൽ — മിത്തൽ എനർജി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ തുടങ്ങിയ കമ്പനികളുടെ വിഹിതമാണ്.

Your Rating: