Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഗ്വാർ ‘എഫ് പേസ്’ 20ന് എത്തും; വില 68.4 ലക്ഷം മുതൽ

jaguar-f-pace

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)ൽ നിന്നുള്ള ആദ്യ പെർഫോമൻസ് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഫെ പേസി’ന്റെ വില പ്രഖ്യാപിച്ചു. ഡൽഹി ഷോറൂമിൽ 68.40 ലക്ഷം രൂപ മുതലാണ് ‘എഫ് പേസി’നു വില. താൽപര്യമുള്ളവർക്ക് ഓൺലൈൻ വഴിയും രാജ്യത്തെ 23 ജെ എൽ ആർ ഡീലർഷിപ്പുകൾ വഴിയും ‘എഫ് പേസ്’ ബുക്ക് ചെയ്യാൻ അവസരമുണ്ട്. വിവിധ എൻജിൻ സാധ്യതകളോടെ വിൽപ്പനയ്ക്കെത്തുന്ന ‘എഫ് പേസ്’ വകഭേദങ്ങളുടെ ഡൽഹി ഷോറൂമിലെ വില(ലക്ഷം രൂപയിൽ): രണ്ടു ലീറ്റർ (132 കിലോവാട്ട്) ഡീസൽ പ്യുവർ — 68.40, രണ്ടു ലീറ്റർ (132 കിലോവാട്ട്) ഡീസൽ പ്രസ്റ്റീജ് — 74.50, മൂന്നു ലീറ്റർ (221 കിലോവാട്ട്) ഡീസൽ ആർ — സ്പോർട് — 102.35 ലക്ഷം, മൂന്നു ലീറ്റർ (221 കിലോവാട്ട്) ഡീസൽ ഫസ്റ്റ് എഡീഷൻ — 112.55 ലക്ഷം.

ഒക്ടോബർ 20ന് ‘എഫ് പേസ്’ വിൽപ്പനയ്ക്കെത്തുന്നത് ജഗ്വാറിന്റെ ഉൽപന്ന ശ്രേണി വികസനത്തിലെ നിർണായക നാഴികക്കല്ലാണെന്നു ജഗ്വാർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് രോഹിത് സൂരി അഭിപ്രായപ്പെട്ടു. ജഗ്വാറിൽ നിന്നുള്ള ആദ്യ പെർഫോമൻസ് എസ് യു വിക്കു വിപണിയിൽ മികച്ച സ്വീകാര്യത നേടാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ടു ലീറ്റർ, നാലു സിലിണ്ടർ ടർബോ ചാർജ്ഡ് ഇൻജെനിയം ഡീസൽ, മൂന്നു ലീറ്റർ വി സിക്സ് ടർബോ ചാർജ്ഡ് ഡീസൽ എൻജിനുകളോടെയാണു കാർ എത്തുക. ശേഷിയേറിയ എൻജിന് 221 കിലോവാട്ട് വരെ കരുത്തും 700 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ശേഷി കുറഞ്ഞ എൻജിനാവട്ടെ 132 കിലോവാട്ട് വരെ കരുത്ത് സൃഷ്ടിക്കാനാവും. മൂന്നു ലീറ്റർ എൻജിന് നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.2 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ അവകാശവാദം.

‘എഫ് ടൈപ്പി’ൽ നിന്നു പ്രചോദിതമായി രൂപകൽപ്പന ചെയ്ത ‘എഫ് പേസി’ന്റെ അകത്തളത്തിൽ 10 നിറങ്ങളുടെ സാധ്യതയോടെ ഇന്റീരിയർ മൂഡ് ലൈറ്റിങ്ങും ജഗ്വാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ആംഗ്യങ്ങൾ തിരിച്ചറിഞ്ഞു തുറക്കുന്ന ടെയിൽഗേറ്റാണു കാറിലെ മറ്റൊരു സവിശേഷത; രണ്ടു ലീറ്റർ ഡീസൽ എൻജിനുള്ള മോഡലിൽ ഓപ്ഷൻ വ്യവസ്ഥയിലും മൂന്നു ലീറ്റർ എൻജിനുള്ള കാറുകളിൽ സ്റ്റാൻഡേഡ് വ്യവസ്ഥയിലും ജസ്റ്റർ ടെയിൽഗേറ്റ് ലഭിക്കും. ‘എഫ് പേസി’ലെ പിൻ ഫ്ളാങ്കിനു താഴെ കാൽ വച്ചാൽ തന്നെ തുറക്കുന്ന രീതിയിലാണ് ഈ ടെയിൽഗേറ്റിന്റെ രൂപകൽപ്പന. ‘സി എക്സ് — 17’ കൺസപ്റ്റിൽ നിന്നു പ്രചോദിതമാണ് ‘എഫ് പേസ് ഫസ്റ്റ് എഡീഷൻ’. മൂന്നു ലീറ്റർ എൻജിനോടെ വിൽപ്പനയ്ക്കുള്ള കാർ സ്റ്റണ്ണിങ് സീഷ്യം ബ്ലൂ, റീഗൽ ഹാലികോൺ ഗോൾഡ് നിറങ്ങളിലാണു ലഭിക്കുക. കൂടാതെ റോഡിയം സിൽവർ, അൾട്ടിമേറ്റ് ബ്ലാക്ക് നിറങ്ങളിലും ഫസ്റ്റ് എഡീഷൻ വിൽപ്പനയ്ക്കുണ്ടാവും.