Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ്: ജപ്പാനിൽ 4.4 ലക്ഷം കാർ തിരിച്ചുവിളിച്ചു ഹോണ്ട

Honda logo

നിർമാണ പിഴവുള്ള എയർബാഗുകളുടെ സാന്നിധ്യം ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനിയെ ഒഴിയാബാധയായി പിന്തുടരുന്നു. തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ ഘടിപ്പിച്ച 4.40 ലക്ഷം കാറുകൾ കൂടി ജപ്പാനിൽ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു കമ്പനിയുടെ പുതിയ തീരുമാനം. 2005 — 2014 മോഡൽ കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക; ജപ്പാനിൽ ഏറെ ജനപ്രിയമായ ‘ഫിറ്റും’ പരിശോധിക്കേണ്ട പട്ടികയിൽ പെടുമെന്നും കമ്പനി വ്യക്തമാക്കി.

വിന്യാസവേളയിലെ പൊട്ടിത്തെറിക്കിടെ യാത്രക്കാരുടെ ജീവനു ഭീഷണി ഉയർത്താനുള്ള സാധ്യത പരിഗണിച്ച് തകാത്ത നിർമിച്ചു നൽകിയ എയർബാഗ് ഘടിപ്പിച്ച 57 ലക്ഷം കാറുകൾ കൂടി ആഗോളതലത്തിൽ തിരിച്ചുവിളിക്കുമെന്നു ഹോണ്ട പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു കമ്പനി ജന്മനാട്ടിൽ 4.40 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. ഇതേ പ്രശ്നത്തിന്റെ പേരിൽ യു എസിൽ വിറ്റ 22 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ഹോണ്ട കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അവശേഷിക്കുന്ന കാറുകൾ ഏതൊക്കെ രാജ്യങ്ങളിലാണു വിറ്റതെന്നു ഹോണ്ട സ്ഥിരീകരിച്ചിട്ടില്ല.

Takata Airbag

വിന്യാസവേളയിൽ ഇൻഫ്ളേറ്റർ പൊട്ടിത്തെറിക്കുമ്പോൾ മൂർച്ചയേറിയ വസ്തുക്കൾ ചിതറിത്തെറിച്ച് യാത്രക്കാർക്ക് പരുക്കേൽക്കാനുള്ള സാധ്യതയാണു തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളെ അപകടകാരികളാക്കുന്നത്. ഡ്രൈവറുടെ ഭാഗത്തെ എയർബാഗുകളിൽ നിന്നുള്ള ഭീഷണി പരിഗണിച്ചാണ് ഹോണ്ട, യു എസിൽ വിറ്റ 22 ലക്ഷം വാഹനങ്ങൾ കമ്പനി തിരിച്ചുവിളിക്കുന്നത്. തകാത്ത എയർബാഗിന്റെ പേരിൽ അധികമായി പരിശോധിക്കേണ്ടി വരുമെന്നു യു എസ് അധികൃതർ കണ്ടെത്തിയ 50 ലക്ഷത്തോളം വാഹനങ്ങളിൽ പകുതിയോളമാണു ഹോണ്ട തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്.

പഴയതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെയാണു ഹോണ്ട കാറുകൾ തിരിച്ചുവിളിക്കുന്നത്; തകാത്ത കോർപറേഷന്റെ എയർബാഗ് ഉയർത്തുന്ന സുരക്ഷാഭീഷണിയുടെ പേരിൽ 2005ൽ നിർമിച്ചവ മുതൽ 2015, 2016 മോഡലുകളിൽ പെട്ട കാറുകൾ വരെ പരിശോധിക്കേണ്ടി വരുമെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ.

ഇതോടെ തകാത്തയിൽ നിന്നുള്ള എയർബാഗിന്റെ പേരിൽ യു എസിൽ മാത്രം തിരിച്ചുവിളിച്ചു പരിശോധിച്ച വാഹനങ്ങളുടെ എണ്ണം 2.40 കോടിയിലെത്തി. എയർബാഗ് പൊട്ടിത്തെറിച്ച് ആഗോളതലത്തിൽ ഇതുവരെ 11 പേർ മരിക്കുകയും 139 പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്നാണു കണക്ക്.

വിന്യാസം കാര്യക്ഷമമാക്കാനുള്ള സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റിനെ ആശ്രയിക്കുന്നതാണ് തകാത്ത നിർമിച്ച എയർബാഗുകളുടെ പ്രശ്നമെന്നാണു വിലയിരുത്തൽ. കാലപ്പഴക്കത്താൽ നിലവാരം ഇടിയുന്ന ഈ രാസവസ്തു ചൂടും ഈർപ്പവും അടിക്കുന്നതോടെ കൂടുതൽ അപകടകാരിയാവുന്നു. വിന്യാസഘട്ടത്തിൽ എയർബാഗ് നിയന്ത്രണമില്ലാതെ പൊട്ടിത്തെറിക്കുന്നതോടെ സ്ഫോടനത്തെ ചെറുക്കേണ്ട ലോഹഭാഗമാണ് യാത്രക്കാർക്കു ഭീഷണി സൃഷ്ടിച്ചു പാഞ്ഞടുക്കുക.

യു എസിൽ വിറ്റ ഹോണ്ട ‘സി ആർ വി’(2007 — 2011), ആക്യൂറ ‘ആർ എൽ’(2005 — 2012), ‘ആർ ഡി എക്സ്’ (2007 — 2016), ഹോണ്ട ‘റിഡ്ജ്ലൈൻ’ (2007 — 2014), ‘ഫിറ്റ്’ (2009 — 2014), ‘അക്യൂറ ‘ടി എൽ’ (2009 — 2014), ഹോണ്ട ‘എഫ് സി എക്സ് ക്ലാരിറ്റി’ ( 2010 — 2014), ‘ഇൻസൈറ്റ്’ (2010 — 2014), അക്യൂറ ‘സെഡ് ഡി എക്സ്’ (2010 — 2013), ഹോണ്ട ‘സി ആർ സെഡ്’ (2011 — 2015), അക്യൂറ ‘ഐ എൽ എക്സ്’ (2013 — 2016) എന്നീ മോഡലുകൾക്കാണു പരിശോധന ആവശ്യമുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.