Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയുടെ സ്വപ്നത്തിൽ തിളങ്ങിയ വാഹന ലോകം

jayalalitha--daimler-plant-chennai Jayalalithaa lights a ceremonial lamp during the inauguration of the Daimler India Commercial Vehicles Plant at Oragadam in Chennai on April 18, 2012

രാജ്യാന്തര വാഹനനിർമാതാക്കൾക്കു മുന്നിൽ ചെന്നൈയുടെ വാതിൽ തുറന്നിട്ടുകൊണ്ട് ജയലളിത പറഞ്ഞു: ‘ചെന്നൈയെ ലോകത്തിലെ ഏറ്റവും വലിയ ഓട്ടോ ക്ലസ്റ്റർ ആക്കിമാറ്റുകയാണ് എന്റെ ലക്ഷ്യം’. ഇന്ന് ആ സ്വപ്നം യാഥാർത്ഥ്യത്തിന്റെ പാതയിലേയ്ക്ക് നയിച്ചിട്ടാണ് അമ്മ വിടവാങ്ങിയത്. ഇന്ന് ഇന്ത്യൻ വാഹന ലോകത്തെ ഡിട്രോയി‍റ്റാണ് ചെന്നൈ.

1991 ലെ കേന്ദ്ര സർക്കാരിന്റെ എൽപിജി നയത്തെ പിൻപറ്റി വാഹനലോകത്ത് ചെന്നൈയ്ക്കു പ്രത്യേക സ്ഥാനമാണു ജയലളിത നേടിക്കൊടുത്തത്. ഇന്ത്യൻ ഡിട്രോയി‍റ്റ് എന്നറിയപ്പെടുന്ന ചെന്നൈയിൽ ഇന്ന് ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കൾക്കെല്ലാം തന്നെ പ്ലാന്റുകളുണ്ട്. അശോക് ലെയ്‌ലൻ‍ഡ്, ബിഎംഡബ്ല്യു, ഡെയ്മ്‌ലർ, ഫോഡ്, ഫോഴ്സ്, ഹിന്ദുസ്ഥാൻ‌ മോട്ടോഴ്സ്, ഹ്യുണ്ടേയ്, മിറ്റ്സുബിഷി. നിസാൻ, റെനോ, റോയൽ എൻഫീൽഡ്, ടഫേ ടാക്ടേഴ്സ്, യമഹ തുടങ്ങിയ വാഹന നിർമാതാക്കളെ കൂടാതെ അപ്പോളോ ടയേഴ്സ്, ബ്രിജ്സ്റ്റോൺ, ഡൺലപ്, ജെകെ ടയേഴ്സ്, മിഷ്‍‌ലിൻ, എംആർഎഫ് തുടങ്ങിയ ടയർ നിർമാതാക്കൾക്കും പ്ലാന്റുകളുണ്ട്.

ford-plant-chennai Ford Plant

എന്തുകൊണ്ട് ചെന്നൈ

1991 ലെ കേന്ദ്ര ഉദാരവത്കരണ നയത്തിനു ശേഷം ജയലളിത സർക്കാർ സ്വീകരിച്ച നയം തന്നെയാണ് വാഹനലോകത്തെ പ്രമുഖരെ തമിഴ്നാട്ടിലെത്തിച്ചത്. വലിയ നിർമാണശാലകൾക്ക് സർക്കാർ നൽകുന്ന ഇളവുകളും ഉദാരനയങ്ങളും മികച്ച തൊഴിലാളികളും തുറമുഖത്തിന്റെ സാന്നിധ്യവും നിലയ്ക്കാത്ത വൈദ്യുതിയുമെല്ലാം ചെന്നൈയെ നിക്ഷേപകരുടെ സ്വർഗമാക്കി.

ഫോഡിൽനിന്ന് തുടക്കം

1995 ൽ, ഗുജറാത്തിനെ തഴഞ്ഞ് ഫോഡ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ നിർമാണശാല ചെന്നൈയിൽ സ്ഥാപിച്ചതോടെയാണ് വാഹനലോകത്തിന്റെ ശ്രദ്ധ ചെന്നൈയിലേക്ക് എത്തുന്നത്. ഒരു ബില്യൺ ഡോളറായിരുന്നു നിക്ഷേപം. തുടർന്ന് ഹ്യുണ്ടേയ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ നിർമാണശാലയും ചെന്നൈയിൽ ആരംഭിച്ചു. പിന്നാലെ നിരവധി വാഹന നിർമാതാക്കളാണ് ചെന്നൈയിൽ എത്തിയത്. ഇന്ന് ഇന്ത്യൻ വാഹന വിപണിയിലെ ഏകദേശം 33 ശതമാനം കോമേഷ്യൽ വാഹനങ്ങളും 21 ശതമാനം പാസഞ്ചർ വാഹനങ്ങളും 35 ശതമാനം അനുബന്ധ ഘടകങ്ങളും ചെന്നൈയിലാണ് നിർമിക്കുന്നത്. കഴിഞ്ഞ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച റെയിൽ ഓട്ടോഹബിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ചെന്നൈയിലേക്കു കൂടുതൽ നിർമാതാക്കളുടെ ശ്രദ്ധ പതിയും എന്നാണ് കരുതുന്നത്. കാരണം റോഡും ജലപാതകളും റെയിൽവേയും വഴി വാഹനങ്ങൾ അയയ്ക്കാനുള്ള സൗകര്യമേറും എന്നതു തന്നെ.

hyundai-plant-chennai Hyundai Plant

ജയലളിത സർക്കാർ പ്രഖ്യാപിച്ച വിഷൻ 2023

2012 ൽ ജയലളിത സർക്കാർ പ്രഖ്യാപിച്ച വിഷൻ 2023 പ്രകാരം അടുത്ത പത്തു വർഷത്തിൽ ചെന്നൈയിലെ വാഹന നിർമാണവും നിക്ഷേപവും വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. കൂടാതെ 2020 ഓട‌െ ചെന്നൈയിൽ നിർമിക്കപ്പെടുന്ന കാറുകളുടെ എണ്ണം 50 ലക്ഷത്തിലെത്തിക്കാനും പദ്ധതിയുണ്ട്.

2015 ലെ കണക്കുകൾ പ്രകാരം ഏകദേശം 19 ദശലക്ഷം ആളുകൾക്കാണ് നേരിട്ടും അല്ലാതെയും തമിഴ്നാട്ടിലെ വാഹന നിർമാണ ലോകം ജോലി നൽകുന്നത്. 2020 ൽ അത് 25 ദശലക്ഷത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ആറ് പാസഞ്ചർ കാർ നിർമാതാക്കൾ ചെന്നൈയിലുണ്ട് അവയിൽ നിന്ന് ഏകദേശം 13.80 ലക്ഷം കാറുകൾ ഓരോ വർഷവും പുറത്തിറങ്ങുന്നുണ്ട്. കൂടാതെ 3.71 ലക്ഷം കൊമേഷ്യൽ വാഹനങ്ങളും ചെന്നൈയിലെ നിർമാണ ശാലകളിൽനിന്ന് പുറത്തു വരുന്നുണ്ട്.

ഇന്ത്യൻ വാഹനവിപണിയിൽ‌ ചെന്നൈ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയത് ജയയുടെ തീരുമാനത്തിന്റെ തണലിലാണ്. ഇനി അതു വളരുന്നത് രാജ്യാന്തര വിപണിയിൽ പേരെഴുതിച്ചേർ‌ക്കുകയെന്നതു ലക്ഷ്യമിട്ടാണ്. ചെന്നൈയെ ലോകത്തെ മികച്ച പത്ത് ഓട്ടമൊബീൽ ഹബുകളിലൊന്നാക്കുകയെന്ന 'അമ്മ'യുടെ സ്വപ്നമാണ് ആ യാത്രയിൽ ചെന്നൈയുടെ കരുത്ത്.