Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൊളാരിസ് പിന്തുണയിൽ വൈദ്യുത ബസ് നിർമിക്കാൻ ജെ ബി എം

jbm-bus

ബദൽ ഇന്ധന ബസ് നിർമാണത്തിനായി പോളണ്ടിലെ സൊളാരിസ് ബസ് ആൻഡ് കോച്ച് എസ് എയുടെ സഹകരണത്തോടെ ജെ ബി എം ഓട്ടോ സംയുക്ത സംരംഭം സ്ഥാപിക്കുന്നു. വൈദ്യുതിയിലും സങ്കര ഇന്ധനത്തിലും ഓടുന്ന ബസ്സുകൾ നിർമിക്കാനാണു പദ്ധതിയെന്നു നിലവിൽ യന്ത്രഘടക നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ജെ ബി എം ഓട്ടോ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. അതേസമയം, സംയുക്ത സംരംഭത്തിന്റെ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ ജെ ബി എം ഓട്ടോ പൂർണമായും ബാറ്ററിയിൽ ഓടുന്ന ബസ്സായ ‘ഇകോലൈഫ്’ പ്രദർശിപ്പിച്ചിരുന്നു. സൊളാരിസ് ബസ് ആൻഡ് കോച്ചിന്റെ സഹകരണത്തോടെയാണു കമ്പനി ഈ ബസ് വികസിപ്പിച്ചത്. പൊതുഗതാഗത മേഖല ലക്ഷ്യമിട്ട് കമ്പനി അവതരിപ്പിക്കുന്ന രണ്ടാമതു മോഡലാണ് ‘ഇകോലൈഫ്’ എന്നും ജെ ബി എം ഗ്രൂപ് അറിയിച്ചു.

സൊളാരിസിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ ‘ഇകോലൈഫ്’ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനാണു ജെ ബി എം ഓട്ടോയുടെ പദ്ധതി. ലിതിയം ബാറ്ററികളിൽ നിന്ന് ഊർജം കണ്ടെത്തുന്ന ഈ ബസ് നഗരത്തിനുള്ളിൽ സർവീസ് നടത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 10 — 15 മണിക്കൂറിനിടെ 150 — 200 കിലോമീറ്റർ ഓടാൻ ‘ഇകോലൈഫി’നു കഴിയുമെന്നാണു ജെ ബി എം ഓട്ടോയുടെ അവകാശവാദം. യൂറോപ്പിൽ നഗരാന്തര, അന്തർ നഗര യാത്രകൾക്ക് അനുയോജ്യമായതും പ്രത്യേക ആവശ്യങ്ങൾക്കുള്ളതുമായ ബസ് നിർമാണ മേഖയിലെ പ്രമുഖരാണു സൊളാരിസ് ബസ് ആൻഡ് കോച്ച് എസ് എ. ബസ്സുകൾക്കു പുറമെ ലോ ഫ്ളോർ ട്രാം നിർമാണത്തിലും കമ്പനിക്കു വൈദഗ്ധ്യമുണ്ട്. 1996ൽ ഉൽപ്പാദനം ആരംഭിച്ച സൊളാരിസ് 30 രാജ്യങ്ങളിലായി പതിനാലായിരത്തിലേറെ ബസ്സുകൾ വിറ്റഴിച്ചിട്ടുണ്ട്. പോളണ്ടിലെ പൊസ്നനു സമീപം ബൊലെചൊവോയിലാണു കമ്പനിയുടെ നിർമാണശാല.

Your Rating: