Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കായി പുതിയ കോംപാക്ട് എസ് യു വിയെന്നു ‘ജീപ്പ്’

jeep-renegade Representative image

ഇന്ത്യൻ വിപണിയിലെ കോംപാക്ട് എസ് യു വി വിഭാഗം ലക്ഷ്യമിട്ട് 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള പുതിയ ഗ്ലോബൽ ഓഫ് റോഡർ അവതരിപ്പിക്കാൻ യു എസ് ബ്രാൻഡായ ‘ജീപ്പ്’ ഒരുങ്ങുന്നു. മികച്ച വിൽപ്പ ന കൈവരിച്ചു മുന്നേറുന്ന ഫോഡ് ‘ഇകോസ്പോർട്ടി’നെയും റെനോ ‘ഡസ്റ്ററി’നെയുമൊക്കെയാണു പുതിയ ‘ജീപ്പി’ലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ എൻജിനുകൾക്കും ട്രാൻസ്മിഷനും പറ്റിയാൽ പുതിയ ഉൽപന്നങ്ങൾക്കുമൊക്കെ ടാറ്റ മോട്ടോഴ്സുമായി സഹകരിക്കാനുള്ള സാധ്യതയും ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) പരിഗണിക്കുന്നുണ്ട്.

ആഗോളതലത്തിൽ തന്നെ കമ്പനിയെ സംബന്ധിച്ചിടത്തോളം അതീവ നിർണായക വിപണിയാണ് ഇന്ത്യയെന്ന് എഫ് സി എയിൽ ‘ജീപ്പ്’ ബ്രാൻഡ് മേധാവിയായ മൈക്ക് മാൻലി വ്യക്തമാക്കി. ബ്രസീലും ചൈനയും ഇന്ത്യയും പോലെ ഉദിച്ചുയരുന്ന സമ്പദ്വ്യവസ്ഥകളിൽ മികച്ച വിൽപ്പനയും വളർച്ചയും കൈവരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.കമ്പനിയുടെ മോഡൽ ശ്രേണിയിലെ ഏറ്റവും ചെറിയ എസ് യു വിയാകും ‘ജീപ്പ്’ ഇന്ത്യയ്ക്കായി വികസിപ്പിക്കുക. നിലവിൽ ഡ്രോയിങ് ഘട്ടത്തിലുള്ള പുതിയ എസ് യു വിയുടെ റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ ആഗോളതലത്തിലെ ഉൽപ്പാദന കേന്ദ്രവും ഇന്ത്യയാവും. പുതിയ ‘ജീപ്പി’ന്റെ നീളം നാലു മീറ്ററിൽ താഴെയായി പരിമിതപ്പെടുത്തി എക്സൈസ് ഡ്യൂട്ടി നിരക്കിലെ ഇളവ് സ്വന്തമാക്കാനും എഫ് സി എയ്ക്കു പദ്ധതിയുണ്ട്. വില പോലുള്ള കാര്യങ്ങളിൽ ഫോഡ് ‘ഇകോസ്പോർട്ടി’നോടു കിട പിടിക്കാനാവും ശ്രമമെന്നും മാൻലി വെളിപ്പെടുത്തി.

ടാറ്റ മോട്ടോഴ്സുമായുള്ള പങ്കാളിത്തം സംബന്ധിച്ചു കൂടുതൽ വിശദീകരണത്തിനു മാൻലി സന്നദ്ധനായില്ല; ഒപ്പം ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ ലാൻഡ് റോവറുമായി സഖ്യത്തിലേർപ്പെടുമോ എന്നും അദ്ദേഹം വ്യക്തമാക്കിയില്ല. പുണെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള സംയുക്ത നിർമാണശാലയ്ക്കപ്പുറത്തേക്ക് എഫ് സി എയും ടാറ്റ മോട്ടോഴ്സുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചാണു ചർച്ചയെന്ന് മാൻലി അറിയിച്ചു. ടാറ്റ മോട്ടോഴ്സുമായി നല്ല ബന്ധമാണ് എഫ് സി എയ്ക്കുള്ളത്; അതുകൊണ്ടുതന്നെ യോജിച്ച പ്രവർത്തനത്തിലൂടെ നേട്ടം കൊയ്യാനുള്ള മാർഗങ്ങളാണു കമ്പനി ടാറ്റ മോട്ടോഴ്സുമായി ചർച്ച ചെയ്യുന്നത്. എൻജിൻ, ട്രാൻസ്മിഷൻ, പ്ലാറ്റ്ഫോം നിർമാണത്തിനുള്ള ഘടകങ്ങൾ തുടങ്ങിയവയിലെല്ലാം ഇരുകമ്പനികളും സഹകരിക്കുമെന്ന് ഉറപ്പാണ്. മറ്റ് അവസരങ്ങൾ ലഭ്യമായാൽ അവ പ്രയോജനപ്പെടുത്താനുള്ള സാധ്യതയും ഇരു പങ്കാളികളും ചർച്ച ചെയ്യുമെന്നു മാൻലി വ്യക്തമാക്കി.