Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി കെ ബിർലയുടെ ടയർ നിർമാണശാല ഇനി ജെ കെയ്ക്ക്

jk-tyres

ബി കെ ബിർലയുടെ ഉടമസ്ഥതയിലുള്ള ടയർ നിർമാണ സംരംഭമായ കവെൻഡിഷ് ഇൻഡസ്ട്രീസ് ലിമിറ്റഡി(സി ഐ എൽ)നെ ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കിയെന്നു ജെ കെ ടയേഴ്സ്. 2,200 കോടി രൂപ ചെലവിട്ടുള്ള ഏറ്റെടുക്കൽ പൂർത്തിയാക്കിയതോടെ ജെ കെ ടയേഴ്സ് ഇരുചക്ര, ത്രിചക്ര ടയർ വിപണിയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ജെ കെ ടയേഴ്സിൽ നിന്നുള്ള ഇരുചക്രവാഹന ടയറുകൾ രണ്ടാഴ്ചയ്ക്കകം വിൽപ്പനയ്ക്കെത്തുമെന്നാണൂ സൂചന. ആഭ്യന്തരമായി സമാഹരിച്ച 700 കോടി രൂപയും വായ്പയെടുത്ത 1400 കോടി രൂപയും ഉപയോഗിച്ചാണു ജെ കെ ടയേഴ്സ്, ബി കെ ബിർല ഗ്രൂപ്പിന്റെ ടയർ നിർമാണ കേന്ദ്രങ്ങൾ ഏറ്റെടുക്കുന്ന നടപടി പൂർത്തിയാക്കിയത്. ഈ ശാല വഴി പ്രതിവർഷം ഒരു കോടിയോളം ടയറുകളുടെ അധിക ഉൽപ്പാദന ശേഷിയാണു കമ്പനി കൈവരിക്കുന്നത്. ജെ കെ ടയേഴ്സിന്റെ മൊത്തം വാർഷിക ഉൽപ്പാദനശേഷി ഇതോടെ 3.47 കോടി യൂണിറ്റോളമായി ഉയർന്നു.

സി ഐ എല്ലിന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിനടുത്ത് ലക്സറിലുള്ള ശാലയിൽ ടയർ, ട്യൂബ്, ഫ്ളാപ് എന്നിവയെല്ലാം നിർമിക്കാൻ സൗകര്യമുണ്ട്. ഈ ശാല കൂടി സ്വന്തമായതോടെ ജെ കെ ടയേഴ്സിനുള്ള ഉൽപ്പാദനകേന്ദ്രങ്ങൾ 12 ആയി ഉയർന്നു; ഇതിൽ ഒൻപതെണ്ണം ഇന്ത്യയിലും മൂന്നെണ്ണം മെക്സിക്കോയിലുമാണ്. ഹരിദ്വാർ ശാലയിൽ നിന്നു പ്രതിവർഷം 60 ലക്ഷത്തോളം ഇരുചക്ര, ത്രിചക്രവാഹന ടയറുകളും 12 ലക്ഷം ട്രക്ക് — ബസ് റേഡിയലുകളും നിർമിക്കാനാണു ജെ കെ ടയേഴ്സിന്റെ പദ്ധതി. അവശേഷിക്കുന്ന ഉൽപ്പാദനശേഷി മറ്റിനം ടയറുകളുടെ നിർമാണത്തിനായും നീക്കിവയ്ക്കും.

കവെൻഡിഷ് ഇൻഡസ്ട്രീസിനെ ഏറ്റെടുത്തതോടെ ഇന്ത്യൻ ടയർ വിപണിയിലെ ട്രക്ക് — ബസ് റേഡിയൽ വിഭാഗത്തിൽ മേധാവിത്തം ഉറപ്പിക്കാൻ ജെ കെ ടയേഴ്സിനാവുമെന്നു കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ രഘുപതി സിംഘാനിയ അഭിപ്രായപ്പെട്ടു. വളർച്ചാസാധ്യതയേറിയ ട്രക്ക് — ബസ് റേഡിയൽ വിഭാഗത്തിൽ കൂടുതൽ ഉൽപ്പാദനശേഷിയാണു ഹരിദ്വാർ ശാല സ്വന്തമാവുന്നതോടെ കമ്പനിക്കു കൈവരുന്നത്. ഉയർന്ന വിൽപ്പനയിലൂടെ നടപ്പു സാമ്പത്തികവർഷം ആഭ്യന്തര വിപണിയിൽ നിനന് 10,000 കോടി രൂപയുടെ വിറ്റുവരവ് നേടാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെങ്കിലും 2015 — 16ൽ കമ്പനി 7,800 കോടി രൂപയുടെ വിറ്റുവരവ് നേടിയിട്ടുണ്ടാവുമെന്നാണു പ്രതീക്ഷ.

Your Rating: