Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

36,860 കോടി രൂപയുടെ വികസന പദ്ധതികളുമായി ജെ എൽ ആർ

jlr

നടപ്പു സാമ്പത്തിക വർഷം 375 കോടി പൗണ്ടി(ഏകദേശം 36,860 കോടി രൂപ)ന്റെ വികസന പദ്ധതികൾ നടപ്പാക്കുമെന്നു ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ). ഉൽപ്പാദനശേഷി വർധിപ്പിക്കാനും പുതിയ മോഡലുകളുടെ അവതരണത്തിനും സാങ്കേതികവിദ്യ മെച്ചപ്പെടുത്താനുമൊക്കെയാവും കമ്പനി ഈ നിക്ഷേപം വിനിയോഗിക്കുക.
ഭാവിയിൽ തുടർച്ചയായ സുസ്ഥിരവും ലാഭകരവുമായ വളർച്ച ലക്ഷ്യമിട്ടാണു കമ്പനി 2016 — 17ൽ ഈ നിക്ഷേപം നടത്തുന്നതെന്ന് ജെ എൽ ആർ വ്യക്തമാക്കി.

ആഗോളതലത്തിൽ ഉൽപ്പാദനശേഷി ഉയർത്തുന്നതിനൊപ്പം പുതിയ സാങ്കേതികവിദ്യകളിലും കമ്പനി ഗണ്യമായ നിക്ഷേപം നടത്തും. ഒപ്പം ഇക്കൊല്ലം ജഗ്വാർ ‘എഫ് — പേസ്’, റേഞ്ച് റോവർ ‘ഇവോക് കൺവെർട്ട്ബ്ൾ’ തുടങ്ങിയ പുതിയ മോഡലുകൾ അവതരിപ്പിക്കാനും ജെ എൽ ആറിനു പദ്ധതിയുണ്ട്.
കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപ്പാദനവും വിൽപ്പനയും കൈവരിച്ചാണു ജെ എൽ ആർ മുന്നേറുന്നതെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റാൾഫ് സ്പെത്ത് വെളിപ്പെടുത്തി. യു കെയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായും ജെ എൽ ആർ മാറിയതായി അദ്ദേഹം അവകാശപ്പെട്ടു.
സുസ്ഥിരവും ലാഭകരവുമായി വളർച്ചയാണ് 2015 — 16ൽ കമ്പനി കൈവരിച്ചത്. ഒപ്പം വിപണിയിൽ തരംഗമായി മാറിയ ‘ഡിസ്കവറി സ്പോർട്’, ‘ജഗ്വാർ എക്സ് ഇ’, ‘ജഗ്വാർ എക്സ് എഫ്’ എന്നീ മോഡലുകളും കഴിഞ്ഞ വർഷം നിരത്തിലെത്തി. ഇവയെ കടത്തിവെട്ടുന്ന ആകർഷണീയതയുള്ള മോഡലുകളാണ് അണിയറയിൽ ഒരുങ്ങുന്നതെന്നും സ്പെത്ത് അഭിപ്രായപ്പെട്ടു.

ആഗോളതലത്തിൽ പ്രീമിയം വാഹന വിപണി മികച്ച വളർച്ച കൈവരിക്കുമെന്ന പ്രവചനങ്ങളിലാണു കമ്പനിയുടെ പ്രതീക്ഷ. ഈ അനുകൂല സാഹചര്യം മുതലെടുത്ത് മികച്ച വിൽപ്പന നേടാൻ ജെ എൽ ആർ മോഡലുകൾക്കു കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
കമ്പനി ചരിത്രത്തിലാദ്യമായി 2015 — 16ൽ ജെ എൽ ആറിന്റെ വാർഷിക വിൽപ്പന അഞ്ചു ലക്ഷം യൂണിറ്റിനു മുകളിലെത്തിയിരുന്നു. പുത്തൻ മോഡലുകളുടെ പിൻബലത്തിൽ മുൻ വർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 13% വർധനയാണ് ജെ എൽ ആർ കൈവരിച്ചത്.  

Your Rating: