Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവിങ്ങിൽ അലക്ഷ്യർ കേരളത്തിലെ സ്ത്രീകൾ

women-driving1 representative image

ഇന്ത്യയിൽ ഏറ്റവും അലക്ഷ്യമായി വാഹനമോടിക്കുന്നത് കേരളത്തിലെ സ്ത്രീകളാണെന്ന് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ കണക്കുകൾ പ്രകാരമാണ് ഇന്ത്യയിൽ അലക്ഷ്യമായി വാഹനം ഓടിക്കുന്നത് കേരളത്തിലെ സ്ത്രീകളാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2014ൽ അലക്ഷ്യമായി വാഹനം ഓടിച്ച് അപകടങ്ങളുണ്ടാക്കിയ പേരിൽ കേരളത്തിൽ 263 കേസുകളാണ് സ്ത്രീകൾക്കെതിരെ ചാർജ് ചെയ്തത്. ഇന്ത്യയിൽ സ്ത്രീകൾക്കെതിരെ ചാർജ് ചെയ്തിട്ടുള്ള കേസുകളിൽ 19.4 ശതമാനവും കേരളത്തിൽ നിന്നു തന്നെയാണ്. രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മഹാരാഷ്ട്രയാണ്; 183 കേസുകളാണ് ചാർജ് ചെയ്തത്. 141 കേസുകളുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്തുണ്ട്. മധ്യപ്രദേശ്(117), ഡൽഹി(97), രാജസ്ഥാൻ (88) എന്നിവയാണ് ആദ്യ ആറു സ്ഥാനങ്ങളിലെത്തിയ മറ്റ് സംസ്ഥാനങ്ങൾ‍. ഇന്ത്യയിൽ ആകെമാനം അലക്ഷ്യമായി വാഹനം ഓടിച്ച് അപകടങ്ങൾ സൃഷ്ടിച്ചതിന് ഏകദേശം 1355 സ്ത്രീകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

അലക്ഷ്യമായി വാഹനം ഓടിക്കുന്നതിൽ കേരളത്തിലെ സ്ത്രീകളാണ് മുന്നിലെങ്കിലും മരണത്തിൽ കലാശിച്ച അപകടം വരുത്തിയവരുടെ ലിസ്റ്റിൽ ആദ്യ സ്ഥാനം ബീഹാറിനാണ്. 52 സ്ത്രീകൾക്കെതിരെയാണ് ഐപിസി 304 എ പ്രകാരം മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുള്ളത്. ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത്. 49 കേസുകളാണ് യുപിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാള്‍ (42), തമിഴ്നാട് (24), കർണ്ണാടക (21), മഹാരാഷ്ട്ര (20) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്.

അലക്ഷ്യമായി വാഹനം ഓടിക്കുന്നതിൽ കേരളത്തിലെ പുരുഷന്മാരും പിന്നിലല്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1,10757 പുരുഷന്മാർക്കെതിരെയാണ് കേരളത്തിൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്. ഇത് ആദ്യമായാണ് അലക്ഷ്യമായി വാഹനം ഓടിച്ച് പിടിയിലായവരുടെ കണക്കുകൾ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിടുന്നത്.