ഇരുചക്ര വാഹന ലോകം ആകാംക്ഷയോടെ കാത്തിരുന്ന കെടിഎം ഡ്യൂക്കിന്റെ പുതിയ മോഡൽ കമ്പനി പ്രദർശിപ്പിച്ചു. മിലാനിൽ നടന്ന രാജ്യാന്തര ടൂ വീലർ ഓട്ടോ ഷോയിലാണ് ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കെടിഎം ഡ്യൂക്കിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചത്. ഡ്യൂക്ക് 125, ഡ്യൂക്ക് 390, സൂപ്പർ ഡ്യൂക്ക് 1290, സൂപ്പർ ഡ്യൂക്ക് 790 തുടങ്ങിയ ബൈക്കുകളുടെ പുതിയ മോഡലുകളെയാണ് കമ്പനി പ്രദർശിപ്പിച്ചത്.
അടുത്ത വർഷം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ഡ്യൂക്ക് 390 ന്റെ ഡിസൈനും ഇതുതന്നയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ദ കോർണർ റോക്കറ്റ് എന്നാണ് പുതിയ ഡിസൈന് കമ്പനി നൽകിയിരിക്കുന്ന പേര്. കൂടുതൽ ഷാർപ്പായ ഡിസൈനാണ് ബൈക്കിന്. 13.4 ലീറ്റർ ഇന്ധനം നിറയ്ക്കാനാവുന്ന വലിയ ഫ്യൂവൽ ടാങ്കുകൾ. എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ. സ്മാർട്ട് ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ. കൂടുതൽ മികച്ച റൈഡർ, പില്യൻ സീറ്റുകൾ. കൂടാതെ ഉപഭോക്താവിന് ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ എന്നിവയും പുതിയ ഡ്യൂക്കിലുണ്ടാകും.
ഭാരം കുറഞ്ഞ പുതിയ ഫ്രെയിമിലാണ് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. പുതിയ സസ്പെൻഷൻ, ബ്രേക്കുകൾ എന്നിവയുണ്ട്. എന്നാൽ എൻജിൻ ഭാഗത്ത് കാര്യമായ മാറ്റങ്ങളില്ല. 373.2 സിസി സിംഗിൾ സിലിണ്ടർ 43.5 ബിഎച്ച്പി എൻജിൻ തന്നെ. അണ്ടർ ബെല്ലി എക്സ്ഹോസ്റ്റിന് പകരം സാദാ എക്സ്ഹോസ്റ്റായിരിക്കും. കൂടാതെ സ്ലിപ്പർ ക്ലച്ച്, റൈഡ് ബൈ വയർ സാങ്കേതിക വിദ്യ, വിറയൽ കുറയ്ക്കാനായി ബാലൻസർ ഷാഫ്റ്റ് തുടങ്ങിയവയും പുതിയ ഡ്യൂക്കിലുണ്ടാകും. ഡ്യൂക്ക് 390 ന് മാത്രമല്ല 200 നും ഇതേ ഡിസൈൻ തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.