Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്പനി ഓഹരി തിരിച്ചുവാങ്ങാനൊരുങ്ങി കെ ടി എം

duke-200

കമ്പനിയെ സ്വകാര്യ ഉടമസ്ഥതയിലേക്കു മാറ്റുകയെന്ന ലക്ഷ്യത്തോടെ ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ടി എം പൊതു വിപണിയിലുള്ള ഓഹരികൾ മടക്കിവാങ്ങുന്നു. നിലവിൽ വിയന്ന സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു വ്യാപാരം നടക്കുന്ന ഓഹരികൾ മടക്കിവാങ്ങാനാണു കമ്പനി ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സ്റ്റെഫാൻ പിയററുടെ നീക്കം. കെ ടി എം എ ജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രോസ് ഇൻഡസ്ട്രീസാണ് കെ ടി എമ്മിന്റെ ഭൂരിപക്ഷ ഓഹരി ഉടമ. കെ ടി എമ്മിന്റെ 51.4% ഓഹരികളോടെയാണു ക്രോസ് ഇൻഡസ്ട്രീസ് കമ്പനിയെ നിയന്ത്രിക്കുന്നത്; അവശേഷിക്കുന്നതിൽ 48% ഓഹരികളാണ് ഇന്ത്യൻ ഇരുചക്ര — ത്രിചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പക്കലുള്ളത്. ഓഹരി വിപണിയിൽ വ്യാപാരത്തിലുള്ള, അവശേഷിക്കുന്ന 0.6% ഓഹരികൾ മടക്കിവാങ്ങാനാണു ക്രോസ് ഇൻഡസ്ട്രീസിന്റെ നീക്കം; ഓഹരിക്ക് 122.5 യൂറോ(ഏകദേശം 9248.75 രൂപ) നിരക്കിലാണു കമ്പനി വാഗ്ദാനം ചെയ്യുന്ന വില. ഇതോടെ കെ ടി എമ്മിന്റെ പൂർണ നിയന്ത്രണം ലഭിക്കുമെങ്കിലും ഓഹരി ഇടപാട് ബജാജ് ഓട്ടോയുമായുള്ള പങ്കാളിത്തത്തെ ബാധിക്കില്ലെന്നു ക്രോസ് ഇൻഡസ്ട്രീസ് വ്യക്തമാക്കിയിട്ടുണ്ട്.

നാമമാത്ര ഓഹരികളാണു വ്യാപാരത്തിലുള്ളത് എന്നതിനാൽ ഈ നീക്കം കെ ടി എമ്മിന്റെ ബിസിനസിനെയോ മോട്ടോർ സൈക്കിൾ വികസനത്തെയോ ഒന്നും ബാധിക്കില്ല. ഉടമസ്ഥത സ്വകാര്യ വ്യവസ്ഥയിലേക്കു മാറുന്നതോടെ തീരുമാനങ്ങളെപ്പറ്റി അധികമാരോടും വിശദീകരിക്കേണ്ടി വരില്ലെന്നതാണു ക്രോസ് ഇൻഡസ്ട്രീസ് കാണുന്ന പ്രധാന നേട്ടം. മാത്രമല്ല, ഭാവി മോഡൽ വികസനം പോലുള്ള കാര്യങ്ങളിൽ വേണ്ടത്ര സ്വകാര്യത ഉറപ്പാക്കാനും കെ ടി എമ്മിനു കഴിയും. കെ ടി എമ്മിനു പുറമെ ഉപസ്ഥാപനമായ ഡബ്ല്യു പി സസ്പെൻഷന്റെ പൂർണ നിയന്ത്രണം നേടാനും ക്രോസ് ഇൻഡസ്ട്രീസ് ശ്രമിക്കുന്നുണ്ട്. ഇതോടെ കെ ടി എം എ ജി, കെ ടി എം സ്പോർട്മോട്ടോർസൈക്കിൾ ജി എം ബി എച്ച്, ഹസ്ക്വർണ മോട്ടോർസൈക്കിൾസ് ജി എം ബി എച്ച്, കിസ്ക ഡിസൈൻ ജി എം ബിച്ച് എന്നിവ ഉൾപ്പെടുന്ന കെ ടി എം ഗ്രൂപ്പിന്റെ നിയന്ത്രണം തന്നെ ക്രോസ് ഇൻഡസ്ട്രീസിനു കൈവരുമെന്ന നേട്ടമുണ്ട്.