Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവായ് എ എം ടി ‘ക്വിഡ്’; ബുക്കിങ്ങിനു തുടക്കം

kwid-amt

ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതമെത്തുന്ന ‘ക്വിഡി’നുള്ള ബുക്കിങ്ങുകൾ റെനോ ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങി. ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡാ’ണ് എ എം ടിയോടെ വൈകാതെ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കാർ ‘റെനോ ക്വിഡ് ഈസി ആർ — എ എം ടി’ എന്ന പേരിലാവും വിൽപ്പനയ്ക്കെത്തുക. കാൽ ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു റെനോ ഡീലർമാർ കാറിനുള്ള ബുക്കിങ് സ്വീകരിക്കുന്നത്. മിക്കവാറും ഈ മാസം മധ്യത്തോടെ കാറിന്റെ വില അടക്കമുള്ള വിശദാംശങ്ങൾ കമ്പനി പ്രഖ്യാപിക്കുമെന്നാണു സൂചന.

കാറിന്റെ മുന്തിയ വകഭേദങ്ങളായ ‘ആർ എക്സ് ടി’, ‘ആർ എക്സ് ടി (ഒ)’ എന്നിവയാവും എ എം ടിയോടെ ലഭ്യമാവുകയെന്നാണു കരുതുന്നത്. ഏഴ് ഇഞ്ച് മീഡിയനാവ് ടച് സ്ക്രീൻ ഡിസ്പ്ലേ, റെഡ് ഇൻസർട്ട് സഹിതം ഫാബ്രിക് സീറ്റ് അപ്ഹോൾസ്ട്രി, മുൻ പവർ വിൻഡോ, ഓപ്ഷനൽ ഡ്രൈവർ എയർബാഗ് എന്നിവയെല്ലാം കാറിലുണ്ടാവും.

ഷിഫ്റ്റ് കൺട്രോൾ ഡയലോടെ എത്തുന്ന കാറിൽ മൂന്നു ഡ്രൈവ് മോഡുകളുണ്ടാവും: റിവേഴ്സ്, ന്യൂട്രൽ, ഡ്രൈവ് എന്നിവ. ത്രോട്ടിൽ വഴിയുള്ള നിർദേശമില്ലാതെ കാറിനെ മുന്നോട്ടും പിന്നോട്ടും നീങ്ങാൻ അനുവദിക്കുന്ന ‘ക്രോൾ’ ഫംക്ഷനുമുണ്ടാവും. ‘മാരുതി ഓൾട്ടോ കെ ടെന്നി’ലെ ഓട്ടോ ഗീയർ ഷിഫ്റ്റിൽ നിന്നു വ്യത്യസ്തമായി പരമ്പരാഗത രീതിയിലുള്ള ഗീയർ സെലക്ടറോ മാനുവൽ ഷിഫ്റ്റിങ് മോഡോ ഇല്ലാതെയാവും ‘ക്വിഡി’ലെ എ എം ടിയുടെ വരവ്; പകരം സെന്റർ കൺസോളിൽ ഘടിപ്പിച്ച ഡൽ വഴിയാവും ഡ്രൈവ് മോഡ് സെലക്ഷൻ.

ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡി’നായി പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഈസി — ആർ എ എം ടി’ യൂണിറ്റാണു കാറിൽ ഇടംപിടിക്കുക. കാറിലെ 999 സി സി എൻജിനു പരമാവധി 68 പി എസ് വരെ കരുത്തും 91 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. മാനുവൽ ട്രാൻസ്മിഷനുള്ള ‘ക്വിഡി’ന് ലീറ്ററിന് 23.01 കിലോമീറ്ററാണ് ഇന്ധനക്ഷമത; എ എം ടി ട്രാൻസ്മിഷൻ സഹിതവും ഇതേ ഇന്ധനക്ഷമത ലഭിക്കുമെന്നാണു പ്രതീക്ഷ. മാനുവൽ ട്രാൻസ്മിഷനുള്ള ‘ക്വിഡ് ആർ എക്സ് ടി’ക്ക് 3.82 ലക്ഷം രൂപയും ‘ആർ എക്സ് ടി (ഒ)’യ്ക്ക് 3.95 ലക്ഷം രൂപയുമാണു ഷോറൂം വില.