Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബര എസ്‌യുവി ഡിസ്കവറി സ്പോർട്ട് ലാൻഡ് റോവർ പുറത്തിറക്കി

landrover-discovery-sport-new-suv-launched

മുംബൈ ആഡംബര വാഹനനിർമാതാക്കളായ ലാൻഡ് റോവർ പുതിയൊരു ആഡംബര എസ്‌യുവി ഡിസ്കവറി സ്പോർട്ട് പുറത്തിറക്കി. ഡിസ്കവറി കുടുംബത്തിലെ ആദ്യ അംഗം എന്ന ലേബലിലാണ് ലാൻഡ് റോവർ പുതിയ ആഡംബര എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. ഉപയോഗ്യത, സൗന്ദര്യം, കരുത്ത് എന്നിവയ്ക്കെല്ലാം തുല്യമായി ഊന്നൽ നൽകിയാണു ലാന്‍ഡ് റോവർ പുതിയ ഡിസ്കവറി സ്പോർട്ടിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ സുന്ദരനു 46.10 ലക്ഷം രൂപ (ടാക്സ് കൂടാതെയുള്ള മുംബൈ എക്സ് ഷോറൂം വില) മുതലാണു വില ആരംഭിക്കുന്നത്. നിലവിൽ ലാൻഡ് റോവറിന്റെ എല്ലാ അംഗീകൃത റീടെയിൽ ഷോപ്പുകളിൽ നിന്നും ഈ മോഡൽ മുന്‍കൂറായി ബുക്കു ചെയ്യുവാനാകും.

landrover-discovery-sport-new-suv1

ഏഴു പേർക്കു സുഖമായി യാത്ര ചെയ്യാവുന്ന തരത്തിൽ 5+2 സീറ്റിങ്ങാണു നൽകിയിരിക്കുന്നത്. 5 സീറ്റ് ഓപ്ഷനും നൽകിയിരിക്കുന്നു. 17 സ്പീക്കറുകൾ അടങ്ങിയ 825 വാട്ടിന്റെ മെറീഡിയൻ റ്റിഎം സറൗണ്ട് മ്യൂസിക് സിസ്റ്റം, ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷൻ, ടെറെയിൻ റെസ്പോൺസസ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര ഫീച്ചറുകൾ തന്നെയാണു ഡിസ്കവറി സ്പോർട്ടിന്റെ പ്രധാന ആകർഷണങ്ങൾ. പാർക്ക് അസിസ്റ്റ്, 20.32 ഇഞ്ച് കളർ ടച്ച്സ്ക്രീൻ നാവിഗേഷൻ സിസ്റ്റം, പുറകിലെ സീറ്റിലും എന്റർടെയിൻമെന്റ് സിസ്റ്റം എന്നിവ ആഡംബരത്തോടൊപ്പം പ്രൗഢിക്കും മാറ്റു കൂട്ടുന്നു.

ഗുണമേന്മയേറിയ മെറ്റീരിയലുകളുപയോഗിച്ചു നിർമിച്ചിരിക്കുന്ന ഉൾവശം (ഇന്റീരിയർ) ആഡംബരത്തോടൊപ്പം മികച്ച യാത്രാസുഖവും പകരുവാൻ പോന്നതാണ്. കരുത്തിനൊപ്പം യാത്രാസുഖത്തിനു തെല്ലും പോറലേൽപ്പിക്കാത്ത വിധത്തിലാണ് ഉൾവശം രൂപപ്പെടുത്തിയിരിക്കുന്നത് എന്നർഥം. യുഎസ്ബി ചാർജിങ് സോക്കറ്റുകളും പവർ-പിൻ സോക്കറ്റുകളും ക്യാബിനിൽ നൽകിയിരിക്കുന്നത് ഒരേ സമയം പല ഉപകരണങ്ങൾ ചാര്‍ജു ചെയ്യുവാന്‍ സഹായിക്കുന്നു.

landrover-discovery-sport-new-suv2

പേരു സൂചിപ്പിക്കുന്നതു പോലെ സാഹസികതയ്ക്ക് ഇണങ്ങുന്ന എക്സ്റ്റീരിയറാണു ഡിസ്കവറിയ്ക്കുള്ളത്. 600 എംഎം ഉയരമുള്ള ചെളിയിലും വെള്ളക്കെട്ടിലും ഏതു പ്രതികൂല കാലാവസ്ഥയിലും അനായാസം മുന്നോട്ടു കുതിക്കുവാൻ ഈ വാഹനത്തിനു കഴിയും. ടെറെയിൻ റെസ്പോൺസ് ടെക്നോളജിയാണ് ഈ വാഹനത്തെ ഇതിനു പ്രാപ്തനാക്കുന്നത്. ഇതിനായി 25, 31, 21 ഡിഗ്രിയില്‍ അപ്രോച്, ഡിപാർചർ, ബ്രേയ്ക്ക്-ഓവർ ആംഗിളുകള്‍ ക്രമീകരിച്ചിരിക്കുന്നത് ഇത്തരം എതിർ കാലാവസ്ഥയിലുള്ള മുന്നേറ്റത്തെ കൂടുതൽ സുഗമമാക്കുന്നു.

സുരക്ഷയ്ക്കു മുൻകരുതൽ നൽകി നിർമിച്ചിരിക്കുന്ന ലാൻഡ് റോവർ ന്യൂ ഡിസ്കവറിയുടെ ബോഡി നിർമിച്ചിരിക്കുന്നത് കനം കുറഞ്ഞ അലുമിനിയം, കരുത്തുറ്റ സ്റ്റീൽ എന്നിവയുപയോഗിച്ചാണ്. 2.2 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ഡിസ്കവറി സ്പോർട്ടിന്റെ കരുത്ത്. 140 കിലോവാട്ട് എസ്ഡി4, 110 കിലോവാട്ട് റ്റിഡി4 എന്നിങ്ങനെ രണ്ടു വ്യത്യസ്ത വേരിയന്റുകൾ ലഭ്യമാണ്.

മോഡലുകളും അവയുടെ വിലയും

1. 2.2 ലിറ്റർ റ്റിഡി4 ഡീസൽ എസ് - 46.10 ലക്ഷം രൂപ (5 സീറ്റ്).

2. 2.2 ലിറ്റർ റ്റിഡി4 ഡീസൽ എസ്ഇ - 51.01 ലക്ഷം രൂപ (5 സീറ്റ്), 52.50 ലക്ഷം രൂപ (5+2 സീറ്റ്).

landrover-discovery-sport-new-suv

3. 2.2 ലിറ്റർ റ്റിഡി4 ഡീസൽ എച്ച്എസ്ഇ - 53.34 ലക്ഷം രൂപ (5 സീറ്റ്), 54.83 ലക്ഷം രൂപ (5+2 സീറ്റ്).

4. 2.2 ലിറ്റർ എസ്ഡി4 ഡീസൽ എച്ച്എസ്ഇ ലക്ഷ്വറി- 60.70 ലക്ഷം രൂപ (5 സീറ്റ്), 62.18 ലക്ഷം രൂപ (5 +2 സീറ്റ്).

(* എല്ലാ വിലയും ടാക്സ് കൂടാതെയുള്ള മുംബൈയിലെ എക്സ് ഷോറൂം വിലയാണ്.)

മൂന്നു വർഷം വരെയോ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററോ ആദ്യം പൂര്‍ത്തിയാകുന്നതിനനുസരിച്ചു വാറന്റിയും, മൂന്നു വർഷത്തെ വില്‍പാനനന്തര സേവനവും കമ്പനി മേൽപറഞ്ഞ വിലയ്ക്കു നൽകുന്നുണ്ട്. ഏഴു നിറങ്ങളിൽ ലഭ്യമാകുന്ന ഈ മോഡൽ ലാൻഡ് റോവറിന്റെ പൂനെയിലുള്ള ഫാക്ടറിയിലാണു നിർമിക്കുക. കേരളത്തിൽ കൊച്ചിയിലാണ് ലാൻഡ് റോവറിന്റെ അംഗീകൃത റീടെയിൽ ഷോറൂം ഉള്ളത്. കൊച്ചിയടക്കം ഇന്ത്യയിലാകമാനം 22 പ്രമുഖ നഗരങ്ങളിൽ ഈ മോഡല്‍ ഉടൻ വിൽപ്പനയ്ക്കെത്തും.