Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി വൈ ഡി ബ്രാൻഡ് അംബാസഡറായി ഡികാപ്രിയോ

byd-cars Leonardo DiCaprio named brand ambassador in China for BYD new energy vehicles

ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ ബി വൈ ഡിയുടെ ബ്രാൻഡ് അംബാസഡറായി ലിയനാഡൊ ഡികാപ്രിയോ രംഗത്ത്. ഐക്യരാഷ്ട്ര സഭ സമാധാന ദൂതനും ഓസ്കർ അവാർഡ് ജേതാവുമാണു ഹോളിവുഡ് നടനായ ഡികാപ്രിയോ. ആഗോളതലത്തിൽതന്നെ ഏറ്റവുമധികം വൈദ്യുത വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനിയെന്നാണ് ബി വൈ ഡിയുടെ അവകാശവാദം. 2015ൽ ലോക വിപണിയിൽ വിറ്റതിൽ 11 ശതമാനവും കമ്പനിയുടെ മോഡലുകളായിരുന്നത്രെ.പരിസ്ഥിതി സംരക്ഷണത്തിനായി ലിയനാഡൊ ഡികാപ്രിയോ കാണിക്കുന്ന താൽപര്യവും പ്രതിപത്തിയും ലോകത്തിനു തന്നെ പ്രചോദനമായിട്ടുണ്ടെന്നു ബി വൈ ഡി ജനറൽ മാനേജർ (ബ്രാൻഡ് ആൻഡ് പബ്ലിക് റിലേഷൻസ്) ഷെറി ലീ അഭിപ്രായപ്പെട്ടു.

നൂതന ഊർജ സ്രോതസുകൾ പ്രയോജനപ്പെടുത്തുന്ന പുതിയ വാഹനങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമൊക്കെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഡികാപ്രിയോയുമായി സഹകരിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയിലെ എല്ലാ നിവാസികളുടെയും ആരോഗ്യവും സൗഖ്യവും ലക്ഷ്യമിട്ട് ഡികാപ്രിയോ 1998ൽ പരിസ്ഥിതി സംഘടനയായ ഡികാപ്രിയോ ഫൗണ്ടേഷൻ രൂപീകരിച്ചിരുന്നു. പരമ്പരാഗത ഇന്ധനങ്ങളിൽ ഓടുന്ന കാറുകൾക്ക് കാര്യക്ഷമത കുറവാണെന്ന യാഥാർഥ്യം ലോകമങ്ങുമുള്ള ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒപ്പം ഇത്തരം വാഹനങ്ങൾ ഭൂമിക്കു തന്നെ വൻ ഭീഷണിയാണെന്നും ഡികാപ്രിയോ കരുതുന്നു.

ചൈനയിലെ നിരത്തുകളിൽ മലിനീകരണ വിമുക്തമായ കൂടുതൽ വാഹനങ്ങൾ എത്തിക്കാനുള്ള ഉദ്യമങ്ങളിൽ സഹകരിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ബി വൈ ഡി വികസിപ്പിക്കുന്ന പുത്തൻ വാഹനങ്ങളുടെ പ്രചാരകനായി 2017 മുഴുവൻ ഡികാപ്രിയോ രംഗത്തുണ്ടാവും. ഇക്കൊല്ലം ആദ്യ പകുതിയിൽ ചൈനയിലെ വിൽപ്പനയിൽ 130% വളർച്ചയാണു ബി വൈ ഡി കൈവരിച്ചത്. ചൈനീസ് പ്ലഗ് ഇൻ വെഹിക്കിൾ വിപണിയിൽ 65% വിഹിതമാണു കമ്പനി അവകാശപ്പെടുന്നത്. 

Your Rating: