Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവായ് ലക്സസ്; ആദ്യ കാറുകൾ മാർച്ചോടെ ഇന്ത്യയിൽ

lexus-es300h Lexus ES 300H

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷന്റെ ആഡംബര ബ്രാൻഡായ ലക്സസ് അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. വരുന്ന മാർച്ചിനകം ക്രോസോവറായ ‘ആർ എക്സ് 450 എച്ച്’, സെഡാനായ ‘ഇ എസ് 300 എച്ച്’ എന്നിവ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനി ഒരുങ്ങുന്നത്. പൂർണമായും വിദേശ നിർമിതമായ കാറുകൾ ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക; വിപണി വളരുന്നതിനനുസൃതമായി പ്രാദേശികതലത്തിൽ അസംബ്ലിങ് പ്ലാന്റ് പരിഗണിക്കും. അടുത്ത വർഷം മാർച്ചോടെ ഇന്ത്യയിൽ നാലു പുതിയ ഡീലർഷിപ്പുകൾ തുറക്കാനാണു ലക്സസ് ലക്ഷ്യമിടുന്നത്; ഇതിൽ രണ്ടെണ്ണം ഡൽഹിയിലും ഓരോന്നു മുംബൈയിലും ബെംഗളൂരുവിലുമാവും. ലക്സസ് കാറുകൾക്കുള്ള സർവീസ് സൗകര്യവും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.

വാഹനവിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ലക്സസ് ശ്രേണിക്കുള്ള ബുക്കിങ് ടൊയോട്ട ആരംഭിച്ചിരുന്നു. മുംബൈയിൽ ‘ലക്സസ് ബുട്ടീക്’ എന്ന ആദ്യ ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ചു ക്രോസോവറായ ‘ആർ എക്സ് 450 എച്ച്’, സെഡാനായ ‘ഇ എസ് 300 എച്ച്’, എസ് യു വികളായ ‘എൽ എക്സ് 450 ഡി’, ‘എൽ എക്സ് 570’ എന്നിവയ്ക്കുള്ള ബുക്കിങ്ങാണു സ്വീകരിച്ചിരുന്നത്. ഇതിൽ ‘എൽ എക്സ് 450 ഡീസൽ’, ‘എൽ എക്സ് 570 പെട്രോൾ’, ‘എൻ എക്സ്’ തുടങ്ങിയവ അടുത്ത വർഷം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ. 75 ലക്ഷം രൂപ മുതൽ 2.20 കോടി രൂപ വരെയാണു വിവിധ മോഡലുകളുടെ വില. ‘എൽ എക്സ് 450 എച്ച്’ ക്രോസവറിന്റെ നാലാം തലമുറ മോഡലാണ് ഇന്ത്യയിലെത്തുന്നത്. 3.5 ലീറ്റർ, വി സിക്സ് പെട്രോൾ എൻജിനൊപ്പം വൈദ്യുത മോട്ടോറും കാറിലുണ്ട്. 308 എച്ച് പിയാണ് എൻജിനും മോട്ടോറും കൂടി സൃഷ്ടിക്കുന്ന മൊത്തം കരുത്ത്.

അടുത്തുതന്നെ വിൽപ്പനയ്ക്കെത്തുന്ന ‘ടൊയോട്ട പ്രയസി’ലെ പോലെ ഇലക്ട്രോണിക് കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(ഇ സി വി ടി) ആണു കാറിലുമുള്ളത്. ടൊയോട്ട ‘കാംറി’ ആധാരമാക്കിയുള്ള ‘ഇ എസ് 300 എച്ച്’ സെഡാനാവും ലക്സസിന്റെ ഇന്ത്യയിലെ എൻട്രി ലവൽ മോഡൽ. ‘എൽ എക്സ് 450 എച്ച്’ പോലെ ഹൈബ്രിഡ് രൂപത്തിലാവും ഈ സെഡാന്റെയും ഇന്ത്യയിലേക്കുള്ള വരവ്. ഇവയ്ക്കൊപ്പം എസ് യു വികളായ ‘എൽ എക്സ് 450 ഡി’, ‘എൽ എക്സ് 570’ എന്നിവയും ഇന്ത്യയിലെത്തും. ‘ലാൻഡ് ക്രൂസർ’ ആധാരമാക്കി വികസിപ്പിച്ച ഇരുമോഡലുകളും ഡീസൽ എൻജിനോടെയും ലഭ്യമാവുമെന്ന പ്രത്യേകതയുണ്ട്. ‘എൽ എക്സ് 450 ഡി’യിലെ നാലര ലീറ്റർ വി എയ്റ്റ് ഡീസൽ എൻജിൻ പരമാവധി 260 എച്ച് പി കരുത്തും 650 എൻ എം വരെ ടോർക്കുമാണ് സൃഷ്ടിക്കുക. ‘എൽ എക്സ് 570’ എസ് യു വിക്കു കരുത്തേകുന്നത് 5.7 ലീറ്റർ വി എയ്റ്റ് പെട്രോൾ എൻജിനാണ്; 383 ബി എച്ച് പി വരെ കരുത്തും 546 എൻ എം ടോർക്കുമാണ് ഈ എൻജിന്റെ ശേഷി. ‘ലക്സസ്’ ശ്രേണിയുടെ വില(ലക്ഷം രൂപയിൽ): ‘ഇ എസ് 300 എച്ച്’ — 75, ‘ആർ എക്സ് 450 എച്ച്’ — 115, ‘എൽ എക്സ് 450 ഡി’ — 200, ‘എൽ എക്സ് 570’— 220.  

Your Rating: