Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പവൻ ഗോയങ്ക മഹീന്ദ്ര അഗ്രി സൊല്യൂഷൻസ് ചെയർമാൻ

pawan-goenka

മഹീന്ദ്ര അഗ്രി സൊല്യൂഷൻസ് ലിമിറ്റഡ് (എം എ എസ് എൽ) ചെയർമാനായി പവൻ ഗോയങ്ക നിയമിതനായി. അശോക് ശർമയാണു കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും. ഇ പി സി ഇൻഡസ്ട്രി ഒഴികെ ഗ്രൂപ്പിന്റെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ ഒരേ കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടാണു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഈ പുതിയ കമ്പനി രൂപീകരിച്ചത്. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് എം ആൻഡ് എം എക്സിക്യൂട്ടീവ് ഡയറക്ടറായ പവൻ ഗോയങ്കയെ ചെയർമാനാക്കിയതെന്നു മഹീന്ദ്ര അഗ്രി സൊല്യൂഷൻസ് അറിയിച്ചു. മഹീന്ദ്രയുടെ ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും പ്രവർത്തനങ്ങൾക്കൊപ്പം അഗ്രി ബിസിനസിന്റെയും പ്രസിഡന്റാണു ശർമ. കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർമാരായി എം ജി ഭിഡെ, ഹർദീപ് സിങ്, അരുണ ഭിംഗെ എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

സാങ്കേതിക വിദ്യയിലൂടെ കാർഷിക മേഖലയെ അഭിവൃദ്ധിയിലേക്കു നയിക്കുകയാണ് എം എ എസ് എല്ലിന്റെ ദൗത്യമെന്നു പുതിയ എം ഡി അശോക് ശർമ വിശദീകരിച്ചു. കൃഷിയിലെ മൂല്യ ശൃംഖലയുടെ എല്ലാതലത്തിലും ഇടം നേടി കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും അങ്ങനെ രാജ്യത്തെ കർഷകരെ പുരോഗതിയിലേക്കു നയിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. കാർഷിക മേഖലയിൽ നിലവിൽ തന്നെ ഗ്രൂപ്പിനു സജീവ സാന്നിധ്യമുള്ളതിനാൽ കൃഷിയിലും അനുബന്ധ മേഖലയിലും കാര്യമായ മാറ്റം സൃഷ്ടിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. വിള സംരക്ഷണത്തിനു പുറമെ ഉരുളക്കിഴങ്ങ് — പയർ വർഗ വിത്ത് ഉൽപ്പാദനം, ഭക്ഷ്യ എണ്ണ, പഴവർഗങ്ങൾ, പാലുൽപ്പാദനം, മൈക്രോ ഇറിഗേഷൻ തുടങ്ങിയ മേഖലകളിലാണു നിലവിൽ മഹീന്ദ്രയ്ക്കു സാന്നിധ്യമുള്ളത്. ഇതിൽ മൈക്രോ ഇറിഗേഷൻ ഒഴികെയുള്ള സംരംഭങ്ങളെയാണു മഹീന്ദ്ര എം എ എസ് എല്ലിനു കീഴിലാക്കിയത്. മൈക്രോ ഇറിഗേഷൻ രംഗത്തു പ്രവർത്തിക്കുന്ന ഇ പി സി ഇൻഡസ്ട്രി ലിമിറ്റഡ് മാത്രം ഭാവിയിലും മഹീന്ദ്രയുടെ നേരിട്ടുള്ള ഉപസ്ഥാപനമായി തുടരും.

Your Rating: