Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇ ടു ഒ’വുമായി മഹീന്ദ്ര രേവ യൂറോപ്പിലേക്ക്

Mahindra e2o

ബാറ്ററിയിൽ ഓടുന്ന കാറുകൾ അടുത്ത വർഷം യൂറോപ്പിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നു മഹീന്ദ്ര ഗ്രൂപ്പിൽപെട്ട മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസ്. കമ്പനിയെ സംബന്ധിച്ചിടത്തോളം താൽപര്യമേറെയുള്ള വിപണിയാണു യൂറോപ്പെന്നും 2016ൽ തന്നെ അവിടെ കാർ വിൽപ്പന ആരംഭിക്കുമെന്നും മഹീന്ദ്ര രേവ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ജഗൻ കുര്യൻ അറിയിച്ചു. പുതിയ സാഹചര്യങ്ങളിൽ മഹീന്ദ്ര രേവയുടെ ഉൽപന്നങ്ങൾക്ക് ഏറെ സാധ്യതയുള്ള വിപണിയാണു യൂറോപ്പ് എന്നും അദ്ദേഹം കരുതുന്നു. ഇന്ത്യയിൽ നിർമിക്കുന്ന കാറുകൾ ഇറക്കുമതി വഴിയാവും യൂറോപ്യൻ വിപണികളിൽ വിൽക്കുക.

Mahindra E2O Mahindra e2o

എന്നാൽ യൂറോപ്പിലെ വിൽപ്പന ലക്ഷ്യം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കുര്യൻ തയാറായില്ല. അതേസമയം യൂറോപ്പിലേക്കുള്ള കയറ്റുമതിക്കായി ബെംഗളൂരുവിലെ ശാലയുടെ ഉൽപ്പാദന ശേഷി ഉയർത്തേണ്ടി വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 30,000 യൂണിറ്റാണ് ഈ ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി. നിലവിൽ മുംബൈയും ബെംഗളൂരുവുമടക്കം എട്ട് ഇന്ത്യൻ നഗരങ്ങളിലാണു മഹീന്ദ്ര രേവ കാറുകൾ വിൽപ്പനയ്ക്കുള്ളത്. അടുത്ത വർഷം മധ്യത്തോടെ കൂടുതൽ സംസ്ഥാനങ്ങളിലേക്കു വിൽപ്പന വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നു കുര്യൻ അറിയിച്ചു. ഈ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായും കമ്പനി ചർച്ച നടത്തുന്നുണ്ട്. വൈദ്യുത കാർ വിൽപ്പനയിൽ പ്രാദേശിക നികുതി ഘടന സുപ്രധാനമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.വൈദ്യുത കാറുകളെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ യു എസും യൂറോപ്പും ചൈനയുമാണു പ്രധാന വിപണികൾ; മൊത്തം വിൽപ്പനയുടെ 30% വീതമാണ് ഈ വിപണികളുടെ സംഭാവന. എട്ടോ ഒൻപതോ ശതമാനമാണു ജപ്പാന്റെ വിഹിതം. അവശേഷിക്കുന്ന ഒരു ശതമാനം വിൽപ്പന മാത്രമാണ് ബാക്കിയുള്ള ലോക രാജ്യങ്ങളുടെ സംഭാവനയെന്നു കുര്യൻ വിശദീകരിച്ചു.

e2o-interior Mahindra e2o interior

കശ്മീരിൽ നിന്നു കന്യാകുമാരിയിലേക്ക് ഇലക്ട്രിക് കാറുകളെ പങ്കെടുപ്പിച്ച മഹീന്ദ്ര രേവ നടത്തിയ ‘ഗുഡ്നെസ് ഡ്രൈവ്’ വിജയകരമായി പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ‘മഹീന്ദ്ര രേവ ഇ ടു ഒ’ കാറുകളാണ് 52 കേന്ദ്രങ്ങൾ പിന്നിട്ട് 5,300 കിലോമീറ്റർ നീണ്ട പര്യടനം പൂർത്തിയാക്കിയത്. യാത്രയ്ക്കിടെ ബാറ്ററിയുടെ ചാർജ് തീർന്നു കാർ നിന്നു പോകുമോ എന്നതാണു വൈദ്യുത വാഹനം വാങ്ങാനെത്തുന്നവരുടെ പ്രധാന ആശങ്കയെന്നു മഹീന്ദ്ര രേവ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അരവിന്ദ് മാത്യു അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം വ്യാപിപ്പിക്കേണ്ടതു സുപ്രധാനമാണെന്നും അദ്ദേഹം കരുതുന്നു. ഇത്തരം സൗകര്യങ്ങൾ വിപുലീകരിച്ചതോടെയാണു യൂറോപ്യൻ രാജ്യങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കു സ്വീകാര്യതയേറിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ നഗരങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സൗകര്യം വർധിപ്പിക്കണമെന്നു മാത്യു നിർദേശിച്ചു. ഗതാഗതത്തിരക്കേറിയ മുംബൈ — പുണെ, ഡൽഹി — ജയ്പൂർ പാതകളിൽ പെട്രോൾ പമ്പുകൾ പോലെ ചാർജിങ് സ്റ്റേഷനുകളുടെ സാന്നിധ്യവും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.