Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ 1.99 ലീറ്റർ എൻജിനുമായി മഹീന്ദ്ര

Mahindra XUV 500

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുകൾക്ക് രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിൽ ഏർപ്പെടുത്തിയ നിരോധനത്തെ മറികടക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) പുതുവഴികൾ തേടുന്നു. 1999 സി സി ശേഷിയുള്ള പുത്തൻ എം ഹോക്ക് ഡീസൽ എൻജിൻ അവതരിപ്പിച്ചാണ് രാജ്യതലസ്ഥാനത്തു നടപ്പായ നിയന്ത്രണങ്ങളെ മറികടക്കാൻ മഹീന്ദ്ര ശ്രമിക്കുന്നത്. ഈ എൻജിനോടെയാവും അടുത്ത തലമുറ ‘സ്കോർപിയോ’, പുതിയ ‘എക്സ് യു വി 500’ എന്നിവ എൻ സി ആർ പ്രദേശത്തു കമ്പനി വില്പ്പനയ്ക്കെത്തിക്കുക. രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച വാഹനങ്ങളുടെ റജിസ്ട്രേഷന് മൂന്നു മാസക്കാലത്തേക്ക് ഏർപ്പെടുത്തിയ വിലക്കിനെ കഴിഞ്ഞ മാസം സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഡൽഹിക്കു പുറമെ സമീപത്തെ ഉപഗ്രഹ നഗരങ്ങൾ കൂടി ഉൾപ്പെട്ട പ്രദേശത്താണ് ഇത്തരം എൻജിനുള്ള കാറുകളുടെയും എസ് യു വികളുടെയും റജിസ്ട്രേഷൻ വിലക്കു നിലവിലുള്ളത്.

Scorpio

തീരുമാനം നടപ്പായതോടെ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസും ഔഡിയും ബി എം ഡബ്ല്യുവും മാത്രമല്ല ‘ഇന്നോവ’ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറും രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്രയുമൊക്കെ പ്രതിസന്ധിയിലായി. ഏറ്റവുമധികം വിൽപ്പന നേടിയിരുന്ന ‘സ്കോർപിയോ’, ‘ബൊളേറൊ’, ‘എക്സ് യു വി 500’, ‘താർ’ എന്നിവയുടെയൊക്കെ എൻജിൻ ശേഷി രണ്ടു ലീറ്ററിലേറെയായതിനാൽ എൻ സി ആർ മേഖലയിലെ ഡീസൽ വാഹന വിലക്ക് മഹീന്ദ്രയ്ക്കാണ് ഏറെ തിരിച്ചടിയായത്. ഇതോടെ ഡൽഹിക്കായി മഹീന്ദ്ര ശേഷി കുറഞ്ഞ ഡീസൽ എൻജിൻ വികസിപ്പിക്കുമെന്നതും ഏറെക്കുറെ ഉറപ്പായിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ചു മഹീന്ദ്ര വികസിപ്പിച്ച പുതിയ 1.99 ലീറ്റർ ഡീസൽ എൻജിന് ഓട്ടമോട്ടീവ് റിസർച് അസോസിയേഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. അതിനാൽ വൈകാതെ ഈ എൻജിൻ ഘടിപ്പിച്ച വാഹനങ്ങൾ എൻ സി ആർ പ്രദേശത്തെ ഡീലർഷിപ്പുകളിലും പ്രതീക്ഷിക്കാം.

സുപ്രീം കോടതി മാർഗനിർദേശം പാലിക്കുന്ന പുതിയ ഡീസൽ എൻജിന്റെ പിൻബലത്തിൽ ‘സ്കോർപിയോ’, ‘ബൊളേറൊ’, ‘എക്സ് യു വി 500’, ‘താർ’ എന്നിവുടെയൊക്കെ വിൽപ്പന എൻ സി ആറിൽ പുനഃരാരംഭിക്കാനാണു മഹീന്ദ്രയുടെ പദ്ധതി. ശേഷിയിൽ ചില്ലറ കുറവു വരുമെങ്കിലും പുതിയ എൻജിൻ സൃഷ്ടിക്കുന്ന കരുത്തിലും ടോർക്കിലുമൊന്നും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നാണു മഹീന്ദ്രയുടെ അവകാശവാദം. പുതിയ എൻജിൻ ‘സ്കോർപിയോ’യിൽ 120 ബി എച്ച് പി വരെയും ‘എക്സ് യു വി ഫൈവ് ഒ ഒ’യിൽ 140 ബി എച്ച് പി വരെയും കരുത്ത് സൃഷ്ടിക്കുമത്രെ. ഈ വാഹനങ്ങളിൽ മുമ്പുണ്ടായിരുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിന്റെ പരമാവധി കരുത്തും ഇതുതന്നെയായിരുന്നു.അതേസമയം ഈ പുതിയ എൻജിന്റെ വികസനം 2014 ഓഗസ്റ്റിൽ തന്നെ ആരംഭിച്ചതാണെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷാ അറിയിച്ചു. ‘സ്കോർപിയോ’യുടെ പുതുതലമുറ മോഡലിലും പുത്തൻ ‘എക്സ് യു വി ഫൈവ് ഒ ഒ’യിലും ഈ എൻജിനാവും ഇടംപിടിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.