Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രിംഗൊ: ഫോൺ വിളിച്ചാൽ ട്രാക്ടറുമായി മഹീന്ദ്ര

mahindra-yuvo-tractor

ഫോൺ വിളിച്ചാൽ ട്രാക്ടർ എത്തി കൃഷിയിടം ഉഴുതു നൽകുന്ന ‘ട്രിംഗൊ’ പദ്ധതി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഗുജറാത്തിലേക്കു വ്യാപിപ്പിച്ചു. ഗാന്ധിനഗറിനു സമീപം ചിലോദയിലെ കസ്റ്റം ഹയറിങ് സെന്റർ വഴിയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഫാം എക്വിപ്മെന്റ് സെക്ടർ ഗുജറാത്തിൽ ട്രാക്ടറുകളും കാർഷികോപകരണങ്ങളും വാടകയ്ക്കു കൊടുക്കാൻ ആരംഭിച്ചത്.
ആവശ്യക്കാരെ തേടി ടാക്സി കാറുകൾ എത്തുന്ന റേഡിയോ കാബ് പദ്ധതിക്കു സമാനമാമാണു കർഷകർക്കു ട്രാക്ടറുകൾ ലഭ്യമാക്കാനായി മഹീന്ദ്ര വികസിപ്പിച്ച ‘ട്രിംഗൊ’ മാതൃക. ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ട്രിംഗൊ’യിൽ അംഗത്വമെടുക്കുന്ന കർഷകർക്ക് അവശ്യഘട്ടത്തിൽ ട്രാക്ടറുകളും മറ്റു കാർഷികോപകരണങ്ങളും ഉപയോഗപ്പെടുത്താം. ട്രാക്ടറിന്റെയും മറ്റും ഉടമസ്ഥതയ്ക്കായി നിക്ഷേപം നടത്തേണ്ട എന്നതാണ് ഈ സംവിധാനത്തിൽ കർഷകർക്കുള്ള നേട്ടം.

ടോൾ ഫ്രീം നമ്പറിൽ ബന്ധപ്പെട്ടാൽ ആവശ്യക്കാരെ തേടി ട്രാക്ടറും മറ്റ് ഉപകരണങ്ങളുമെത്തുമെന്ന് ‘ട്രിംഗൊ’ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അരവിന്ദ് കുമാർ വിശദീകരിച്ചു. സമീപത്തെ കസ്റ്റം ഹയറിങ് കേന്ദ്രങ്ങൾ വഴിയാണു ‘ട്രിംഗൊ’ സേവനം കർഷകരിലെത്തുന്നത്. ഇത്തരം കേന്ദ്രങ്ങൾ രാജ്യവ്യാപകമാക്കാനാണു മഹീന്ദ്രയുടെ പദ്ധതി; ഗുജറാത്തിൽ തന്നെ ഇത്തരം 16 കേന്ദ്രം തുറക്കും. അഞ്ചു കിലോമീറ്റർ ചുറ്റളവിലാവും ഓരോ കേന്ദ്രത്തിന്റെയും സേവനം ലഭ്യമാവുകയെന്നും കുമാർ വിശദീകരിച്ചു.ഫോൺ വഴി ട്രാക്ടർ എത്തിച്ചു നൽകുന്ന സേവനത്തിലൂടെ രാജ്യത്തെ കാർഷിക മേഖലയിലെ യന്ത്രവൽക്കരണത്തിൽ ഗണ്യമായ വർധനയുണ്ടാവുമെന്നും അദ്ദേഹം കരുതുന്നു. ഇതോടെ ചെറുകിട, നാമമാത്ര കർഷകരുടെ പാടത്തെ ഉൽപ്പാദനക്ഷമതയും ഉയരുമെന്നാണു കണക്കുകൂട്ടൽ.

കഴിഞ്ഞ മാർച്ച് ഒന്നിന് ആരംഭിച്ച ആദ്യഘട്ടത്തിൽ ‘ട്രിംഗൊ’യുടെ സേവനം നിലവിൽ 3,500 കർഷകരാണു പ്രയോജനപ്പെടുത്തുന്നത്. അഞ്ചു വർഷത്തിനകം ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എട്ടു ലക്ഷം കർഷകർ അംഗങ്ങളാവുമെന്നാണു കുമാറിന്റെ പ്രതീക്ഷ. മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നിലവിൽ എഴുപതോളം കേന്ദ്രങ്ങളാണു ‘ട്രിംഗൊ’യ്ക്കു കീഴിലുള്ളത്. 2017 മാർച്ചോടെ കേന്ദ്രങ്ങളുടെ എണ്ണം 165 ആയി ഉയരുമെന്നാണു പ്രതീക്ഷ. ഗുജറാത്തിൽ 16 കേന്ദ്രങ്ങൾ തുറന്ന് എട്ടു ജില്ലകളിൽ സേവനം ലഭ്യമാക്കാനാണു ‘ട്രിംഗൊ’ ലക്ഷ്യമിടുന്നത്. 100 — 120 ഗ്രാമങ്ങളാണ് ഓരോ കേന്ദ്രത്തിന്റെയും പ്രവർത്തനപരിധിയിൽ വരിക. ഓരോ കേന്ദ്രത്തിലും അഞ്ചു വീതം ട്രാക്ടറുകളും മറ്റു കാർഷികോപരണങ്ങളുമാണു കർഷകർക്കായി സജ്ജീകരിക്കുക. കൂടാതെ അസംഘടിത മേഖലയിലുള്ള ട്രാക്ടർ ഉടമകളുടെ സേവനവും ‘ട്രിംഗൊ’ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അരവിന്ദ് കുമാർ അറിയിച്ചു.