Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിനിൻഫരിനയ്ക്കൊപ്പം പ്രീമിയം കാർ നിർമിക്കാൻ മഹീന്ദ്ര

mahindra-pininfarina

ഇന്ത്യൻ വിപണിക്കായി പുതിയ പ്രീമിയം കാർ നിർമിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫരിന എസ് പി എയുടെ സഹകരണം തേടുന്നു. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിപണിയിൽ മത്സരം ശക്തമായ സാഹചര്യത്തിലാണ് മഹീന്ദ്ര പ്രീമിയം കാർ വിഭാഗത്തിലേക്കു ചുവടു മാറ്റുന്നത്.

എസ് യു വികൾക്കൊപ്പം ട്രാക്ടർ നിർമാണത്തിലും മുൻപന്തിയിലുള്ള മഹീന്ദ്രയിൽ നിന്നുള്ള പ്രീമിയം കാർ സംബന്ധിച്ച വിശദാംശങ്ങൾ ഏതാനും മാസത്തിനുള്ളിൽ പ്രതീക്ഷിക്കാമെന്നാണു കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ പവൻ ഗോയങ്ക നൽകുന്ന സൂചന. നാലു വർഷത്തിനുള്ളിൽ പ്രീമിയം കാർ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

Watch Video - Mahindra XUV Aero Unveiled | Auto Expo 2016

നഷ്ടത്തിലായിരുന്ന ഓട്ടോ ഡിസൈൻ, എൻജിനിയറിങ് കമ്പനിയായ പിനിൻഫരിന എസ് പി എയെ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ഉപസ്ഥാപനമായ ടെക് മഹീന്ദ്രയുമായി ചേർന്നാണ് എം ആൻഡ് എം കഴിഞ്ഞ ഡിസംബറിൽ സ്വന്തമാക്കിയത്. ഫെറാരിയും മസെരാട്ടിയും റോൾസ് റോയ്സും കാഡിലാക്കുമടക്കമുള്ള ലോകപ്രശസ്ത കാറുകളുടെ രൂപകൽപ്പന നിർവഹിച്ച പിനിൻഫരിനയെ 18.50 കോടി ഡോളർ (ഏകദേശം 1256 കോടി രൂപ) മുടക്കിയാണ് മഹീന്ദ്ര സ്വന്തമാക്കിയത്.

mahindra-tuv

എസ് യു വി വിപണിയിൽ ശക്തമായ വെല്ലുവിളിയാണു മഹീന്ദ്ര അഭിമുഖീകരിക്കുന്നത്. രണ്ടു വർഷം മുമ്പ് ഈ വിഭാഗത്തിൽ 48% വിപണി വിഹിതമുണ്ടായിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 37% ആയി കുറഞ്ഞതാണ് മഹീന്ദ്രയെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. കോംപാക്റ്റ് എസ് യു വി വിഭാഗത്തിൽ ഫോഡ് മോട്ടോർ കമ്പനിയും റെനോ എസ് എയും ഹ്യൂണ്ടേയ് മോട്ടോർ കമ്പനിയുമൊക്കെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ മോഹിക്കുന്ന മഹീന്ദ്രയെ അടുത്ത തലത്തിലെത്തിക്കാൻ പിനിൻഫരിനയ്ക്കു കഴിയുമെന്നാണു ഗോയങ്കയുടെ വിലയിരുത്തൽ. പിനിൻഫരിനയുടെ ബ്രാൻഡ് മൂല്യത്തിനൊപ്പം ഡിസൈൻ, എൻജിനിയറിങ് രംഗങ്ങളിലെ വൈദഗ്ധ്യവും മുതലെടുക്കാനാണു മഹീന്ദ്രയുടെ ശ്രമം.

ഇതിന്റെ തുടക്കമെന്ന നിലയിലാണ് പിനിൻഫരിനയുടെ പിന്തുണയോടെ സാക്ഷാത്കരിച്ച ‘എക്സ് യു വി ഏറോ’ മഹീന്ദ്ര ഓട്ടോ എക്സ്പൊയിൽ പ്രദർശിപ്പിച്ചത്. പ്രേക്ഷകരുടെ പ്രതികരണം ആശാവഹമെങ്കിൽ ഈ കാർ 20 ലക്ഷം രൂപയ്ക്കു വിൽപ്പനയ്ക്കെത്തിക്കുമെന്നാണു ഗോയങ്കയുടെ നിലപാട്. മഹീന്ദ്രയുടെ പാരമ്പര്യവും പിനിൻഫരിനയിൽ നിന്നുള്ള രൂപകൽപ്പനയും സമന്വയിക്കുന്ന മോഡലാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം വാഹന വ്യവസായത്തിനപ്പുറമുള്ള നേട്ടങ്ങൾ കൊയ്യാൻ പിനിൻഫരിന ബന്ധം വഴി തെളിക്കുമെന്ന പ്രതീക്ഷയിലാണ് ടെക് മഹീന്ദ്രയുടെ സ്ട്രാറ്റജി മേധാവിയും മാർക്കറ്റിങ് ഓഫിസറുമായ ജഗദീഷ് മിത്ര. വ്യോമഗതാഗതം, കൺസ്യൂമർ ഗുഡ്സ് തുടങ്ങിയ വിഭാഗങ്ങളിലും പിനിൻഫരിനയുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.