Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ടി യു വി 300’ എത്തുന്നു, ബ്രോൺസ് ഗ്രീൻ നിറത്തിലും

tuv-300-combat-green

സബ് കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ടി യു വി 300’ ബ്രോൺസ് ഗ്രീൻ എന്ന പുതുവർണത്തിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). രാജ്യത്തിന്റെ 70—ാം സ്വാതന്ത്യ്രദിനാഘോഷം പ്രമാണിച്ച് അവതരിപ്പിച്ച ഈ പുതിയ നിറം വിവിധ വകഭേദങ്ങളിൽ ഓർഡർപ്രകാരമാണു ലഭ്യമാക്കുക. യുദ്ധ ടാങ്കുകളിൽ നിന്നു പ്രചോദിതമായ രൂപകൽപ്പനയായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ച, നാലു മീറ്ററിൽ താഴെ നീളമുള്ള ‘ടി യു വി 300’ എസ് യു വിയുടെ പ്രധാന ആകർഷണം. കരസേന വ്യാപകമായി ഉപയോഗിക്കുന്ന ‘പട്ടാള പച്ച’ നിറത്തോട് വിദൂര സാമ്യമുള്ള ബ്രോൺസ് ഗ്രീൻ നിറം അവതരിപ്പിച്ച് ‘ടി യു വി 300’കൂടുതൽ ആകർഷകമാക്കാനാണു മഹീന്ദ്രയുടെ ശ്രമം.

അവതരണ വേളയിൽ കോംബാറ്റ് ഗ്രീൻ എന്ന നിറത്തോടെയും ‘ടി യു വി 300’ ലഭ്യമായിരുന്നു; ഓർഡർ പ്രകാരം മാത്രമായിരുന്നു ഈ നിറവും വിപണിയിൽ ലഭ്യമായിരുന്നത്. മഹീന്ദ്രയുടെ ഇൻ ഹൗസ് കസ്റ്റമൈസേഷൻ വിഭാഗത്തിനാണ് ഇത്തരം പ്രത്യേക നിറങ്ങളിലുള്ള വാഹനങ്ങൾ വിപണിയിലെത്തിക്കാനുള്ള ചുമതല. അതേസമയം ബ്രോൺസ് ഗ്രീൻ നിറത്തിലുള്ള ‘ടി യു വി 300’ സ്വന്തമാക്കാനുള്ള അധിക ചെലവ് സംബന്ധിച്ചു മഹീന്ദ്ര വ്യക്തമായ സൂചന നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.സാധാരണ ഗതിയിൽ ഡൈനമൊ റെഡ്, ബോൾഡ് ബ്ലാക്ക്, മോൾട്ടൻ ഓറഞ്ച്, മജസ്റ്റിക് സിൽവർ, വെർവ് ബ്ലൂ, ഗ്ലേഷ്യർ വൈറ്റ് നിറങ്ങളിലാണു ‘ടി യു വി 300’ വിൽപ്പനയ്ക്കെത്തുന്നത്.

ബ്രോൺസ് ഗ്രീൻ നിറം എത്തുമ്പോഴും വാഹനത്തിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും മഹീന്ദ്ര മാറ്റം വരുത്തിയിട്ടില്ല: ഡ്രൈവർ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, പിയാനൊ ബ്ലാക്ക് കൺസോൾ, സ്റ്റീയറിങ് വീലിൽ ഘടിപ്പിച്ച വോള്യം — ടെലിഫോണി കൺട്രോൾ തുടങ്ങിയവയൊക്കെ ഈ മോഡലിലുമുണ്ട്. ബീജ് — ബ്രൗൺ ഇരട്ട വർണ സങ്കലനത്തിനുള്ള കാബിനിലും കാര്യമായ മാറ്റമൊന്നുമില്ല. രണ്ട് എൻജിൻ സാധ്യതകളോടെയാണ് ‘ടി യു വി 300’ എത്തുന്നത്: എം ഹോക്ക് 80, എം ഹോക്ക് 100. 1.5 ലീറ്റർ ശേഷിയുള്ള എൻജിന്റെ വ്യത്യസ്ത ട്യൂണിങ്ങിലൂടെയാണ് മഹീന്ദ്ര വ്യത്യസ്ത പ്രകടനം സാധ്യമാക്കുന്നത്. മാനുവൽ ട്രാൻസ്മിഷനൊപ്പം ‘എം ഹോക്ക് 80’ പരമാവധി 84 ബി എച്ച് പി കരുത്തും എ എം ടിക്കൊപ്പം 81 ബി എച്ച് പി വരെ കരുത്തുമാണു സൃഷ്ടിക്കുക; ഇരു ട്രാൻസ്മിഷനുമൊപ്പം 230 എൻ എമ്മാണു പരമാവധി ടോർക്ക്. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് എ എം ടി ഗീയർബോക്സിനൊപ്പമെത്തുന്ന ‘എം ഹോക്ക് 100’ എൻജിനാവട്ടെ പരമാവധി 100 ബി എച്ച് പി വരെ കരുത്തും 240 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക.
 

Your Rating: