Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ട വർണ തിളക്കത്തില്‍ ‘ടി യു വി 300’

tuv-300

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ‘ടി യു വി 300’ ഇരട്ട വർണ സങ്കലനത്തിൽ വിൽപ്പനയ്ക്കെത്തി. സിൽവർ ബോഡിക്കൊപ്പം കറുപ്പ് മേൽക്കൂരയോടെയും ഇനി ‘ടി യു വി 300’ ലഭിക്കും; ഒപ്പം കറുപ്പ് നിറമുള്ള സൈഡ് പില്ലർ, ഇരട്ട വർണ മുൻ — പിൻ ബംപറുകൾ എന്നിവയുമുണ്ടാകും. മാനുവൽ ട്രാൻസ്മിഷനും 100 എച്ച് പി എൻജിനുമുള്ള ‘ടി എയ്റ്റ്’ വകഭേദമാണ് ഇരട്ട വർണ സങ്കലനത്തോടെ വിപണിയിലുണ്ടാവുക. നിലവിൽ ‘ടി യു വി 300’ ലഭിക്കുന്ന വെഴ്‌വ് ബ്ലൂ, ഡൈനമിറ്റ് റെഡ്, മോൾട്ടൻ ഓറഞ്ച്, ഗ്ലേഷ്യർ വൈറ്റ്, മജസ്റ്റിക് സിൽവർ, ബോൾഡ് ബ്ലാക്ക്, ബ്രോൺസ് ഗ്രീൻ നിറങ്ങൾക്കു പുറമെയാണ് ഇപ്പോഴത്തെ സിൽവർ — ബ്ലാക്ക് നിറക്കൂട്ട്.

ഒറ്റ വർണ മോഡലിനെ അപേക്ഷിച്ച് 15,000 രൂപ വിലവർധനയോടെയാണ് ‘ടി യു വി 300’ ഇരട്ട വർണ സങ്കലന വകഭേദം വിൽപ്പനയ്ക്കെത്തുന്നത്; മുന്തിയ ‘ടി എയ്റ്റി’ന് 9.15 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. സിൽവർ — ബ്ലാക്ക് നിറക്കൂട്ടുള്ള ‘ടി യു വി 300’ ബുക്കിങ്ങുകൾ രാജ്യമെങ്ങുമുള്ള ഡീലർഷിപ്പുകൾ സ്വീകരിക്കുന്നുണ്ട്. മറ്റു നിറങ്ങളും വകഭേദങ്ങളും ഇരട്ട വർണ സങ്കലനമാക്കാൻ സഹായിക്കുന്ന ബ്ലാക്ക്/വൈറ്റ് ഡികാൽ മഹീന്ദ്ര ജനുവിൻ അക്സസറിയായി ലഭിക്കും. പൂർണമായും ആഭ്യന്തരമായി വികസിപ്പിച്ച ‘ടി യു വി 300’ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു വിൽപ്പനയ്ക്കെത്തിയത്. നടപ്പു സാമ്പത്തിക വർഷം ഇതുവരെ 35,000 യൂണിറ്റിന്റെ വിൽപ്പനയും വാഹനം നേടിയിട്ടുണ്ട്. അടുത്തയിടെ കരുത്തേറിയ ‘എം ഹോക്ക് 100’ എൻജിനോടെയും മഹീന്ദ്ര ‘ടി യു വി 300’ വിൽപ്പനയ്ക്കെത്തിച്ചിരുന്നു; 100 ബി എച്ച് പി വരെ കരുത്തും 240 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഓട്ടമാറ്റിക് ഗീയർ മാറ്റത്തിനായി ഓട്ടോ ഷിഫ്റ്റ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ടെക്നോളജി(എ എം ടി)യും മഹീന്ദ്ര ഈ എസ് യു വിയിൽ ലഭ്യമാക്കുന്നുണ്ട്.

Your Rating: