Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെറാറിയെ സ്നേഹിച്ച പയ്യൻ

ferrari-technician-challenge ദുബായിലെ ഫെറാറി ഡിസ്ട്രിബ്യൂട്ടറായ അൽ ടയർമോട്ടേഴ്സ് അധികാരികളോടൊപ്പം പ്രശസ്തി പത്രവുമായി ജസ്റ്റിൻ അഗസ്റ്റിന്‍

കുട്ടിക്കാലം മുതലേ കാറുകളെ സ്നേഹിച്ച ഒരു വിയ്യൂരുകാരനുണ്ടായിരുന്നു! ഫസ്റ്റ്ഗിയറിൽ പുറപ്പെട്ട് പതിയേ പതിയേ ടോപ്ഗിയറിൽ പറക്കും വേഗത്തിലെത്തിയ ഒരാൾ – ജസ്റ്റിൻ അഗസ്റ്റിൻ. ആർക്കും അത്ര എളുപ്പം എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലാണ് ഈ മുപ്പത്തിയാറുകാരൻ ഇപ്പോൾ – ഫെറാറി കമ്പനി നടത്തുന്ന ലോക ടെക്നീഷ്യൻ ചാലഞ്ചിലെ ജേതാവ്. ദുബായിലെ ഫെറാറി ഡിസ്ട്രിബ്യൂട്ടറായ അൽ ടയർ മോട്ടേഴ്സിന്റെ ടെക്നിക്കൽ അഡ്വൈസറായ ജസ്റ്റിനാണ് ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരൻ. 2006 ലാണ് അൽ ടയർ മോട്ടേഴ്സിൽ ജസ്റ്റിൻ ടെക്നീഷ്യനായി ജോലിക്കെത്തുന്നത്. കൈത്തഴക്കവും പ്രതിഭയും കൊണ്ട് അവിടെ ജസ്റ്റിൻ പേരെടുത്തു. ഇന്ത്യയിൽ നിന്ന് രത്തൻ ടാറ്റയും ഗൗതം സിംഘാനിയയും പോലുള്ള തലയെടുപ്പുള്ള കസ്റ്റമേഴ്സ് പോലും ജസ്റ്റിനെ തേടി ദുബായിലെത്തി. ആ പ്രവർത്തന മികവാണ് ജസ്റ്റിനെ ടെക് ചാലഞ്ചിലേക്കെത്തിക്കുന്നത്. ജസ്റ്റിന്റെ കൈത്തഴക്കം മനസിലാക്കിയ കമ്പനി പരിശീലനത്തിനായി ഭീമമായ തുക നീക്കിവച്ചതും വെറുതേയായില്ല.

കരുത്തരായ പ്രതിയോഗികളോട് മുട്ടാനുള്ള പരിചയസമ്പത്തിന്റെ കുറവിനെ കഠിനാധ്വാനം കൊണ്ടാണു ജസ്റ്റിൻ മറികടന്നത്. റേസിങ് ട്രാക്കിന് ഏറ്റവും അനുയോജ്യമായ രീതിയിൽ വണ്ടിയോടിക്കുന്ന ‘ഡൈനമിക് ടെലി മെട്രിക്ക് ടെസ്റ്റ്’ ഉൾപ്പെടെയുള്ള കടമ്പകളാണ് മുന്നിലുള്ളത്. ദിവസം 15 മണിക്കൂർ വരെ നീളുന്ന പരിശീലന പരിപാടികൾ. അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടിയപ്പോൾ ഫെറാറി കാറിനെക്കുറിച്ചുള്ള ‘കേട്ടുകേൾവിയൊക്കെ ഇന്ത്യാക്കാർക്കുണ്ടോ’ എന്ന പരിഹാസവുമായാണ് അമേരിക്കക്കാർ ഉൾപ്പെടെയുള്ളവർ ജസ്റ്റിനെ എതിരേറ്റത്. എന്നാൽ മത്സരം വിജയിച്ച ശേഷം ചുറ്റും നിന്ന് സെൽഫി എടുക്കാൻ എത്തിയത് അതേ വിമർശകർ!

ferarri1 ജസ്റ്റിൻ അഗസ്റ്റിൻ

ജസ്റ്റിന്റെ മൂന്നു മക്കളിൽ മൂത്തയാളുടെ പേര് അലോൺസോ എന്നാണ്. അലോൺസോ എന്നാൽ സ്പാനിഷിൽ ‘പോരാട്ടത്തിൽ തൽപരൻ’ എന്നർഥം. ഫെറാറിയോടുള്ള കമ്പം മൂലം ഫോർമുലാ വൺ കാറോട്ടമത്സരത്തിൽ 2010-14 സീസണിൽ ഫെറാറി ടീമിന്റെ ഡ്രൈവറായിരുന്ന ഫെർണാണ്ടോ അലോൻ‍സോയുടെ പേരിൽ നിന്ന് കടമെടുത്ത പേരാണിത്. വിജയിയായി ജസ്റ്റിനെ പ്രഖ്യാപിച്ച വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫെറാറി സീനിയർ മാനേജർമാർ കൗതുകത്തോടെ ആരാഞ്ഞത് കുഞ്ഞൻ അലോൺസോയുടെ ക്ഷേമവിവരങ്ങളായിരുന്നു!

ഫെറാറിക്കാലത്തിനു മുൻപ്

തൃശൂര്‍ ജില്ലയിലെ വിയ്യൂരിൽ ഇടത്തരം കുടുംബത്തിലെ മൂത്ത മകനായാണ് ജസ്റ്റിൻ ജനിച്ചത്. കണ്ണൂരിലെ സ്വകാര്യ പടക്ക കമ്പനിയിൽ സൂപ്പർവൈസറായിരുന്ന പിതാവ് അഗസ്റ്റിൻ 1995 ൽ കണ്ണൂരിലെ പടക്കക്കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടു. അമ്മയുടെ തുച്ഛമായ വരുമാനം കൊണ്ടു മാത്രം കുടുംബം പുലരേണ്ട അവസ്ഥയെത്തിയപ്പോൾ ജസ്റ്റിൻ വിട പറഞ്ഞത് എൻജിനീയറിങ് ബിരുദം എന്ന മോഹത്തോടു മാത്രമായിരുന്നു. തന്റെ സ്വപ്നങ്ങളോടായിരുന്നില്ല! സ്വകാര്യ ഐടിസിയിൽ ചേരുമ്പോഴും വാഹനങ്ങളോടുള്ള അടങ്ങാത്ത കമ്പം തന്നെയാണ് ജസ്റ്റിനെ മുന്നോട്ടു നയിച്ചതും.

2002–ൽ ചെന്നൈയിൽ നടന്ന മാരുതി സൗത്ത് സോൺ സ്കിൽ ടെസ്റ്റിൽ ജസ്റ്റിൻ ഒന്നാമതെത്തി. അതേ വർഷം അഖിലേന്ത്യ സ്കിൽ കോംപറ്റീഷനിലെ റണ്ണറപ്പ് സ്ഥാനവും നേടിയതോടെ ജസ്റ്റിൻ താരമായി. 2003 ൽ സുസുക്കി ഏഷ്യൻ ലെവെൽ ടെക്നിക്കൽ കോംപറ്റീഷനിൽ പങ്കെടുക്കുന്ന രണ്ട് ഇന്ത്യാക്കാരിൽ ഒരാളായി മത്സരത്തിനെത്തിയ ജസ്റ്റിൻ മടങ്ങിയത് ഒന്നാം സ്ഥാനവുമായി. പിന്തള്ളിയത് ഏഷ്യയിൽ നിന്നുള്ള 3500 ടെക്നിഷ്യൻമാരെ! പിറ്റേ വർഷം സുസുക്കി വേൾഡ് ടെക്നിക്കൽ സ്കിൽ കോംപറ്റീഷനിൽ പങ്കെടുത്ത മാരുതി ഇന്ത്യൻ ടീം ലീഡറായിരുന്ന ജസ്റ്റിൻ മടങ്ങിയത് ഓവർസീസ് ടീമിന്റെ ബെസ്റ്റ് പെർഫോമൻസ് എന്ന ഖ്യാതിയുമായി. ജിഷയാണു ഭാര്യ. മക്കൾ അലോൺഡോ, അഡ്രിനോ, അമേയ.