Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎ നമ്പർ 89..!

mla-innova

89 വെറുമൊരു നമ്പരല്ല, പി.ബി.അബ്ദുൽ റസാഖ് എംഎൽഎക്ക്. പൊരുതി നേടിയൊരു ജയത്തിന്റെ ഓർമകൂടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു നീണ്ട പോരാട്ടത്തിനൊടുവിൽ ബിജെപിയുടെ കെ.സുരേന്ദ്രനെ മുസ്‌ലിം ലീഗിന്റെ പി.ബി.അബ്ദുൽ റസാഖ് പരാജയപ്പെടുത്തിയത് 89 വോട്ടിനാണ്. എംഎൽഎ പുതുതായി കാർ വാങ്ങിയപ്പോൾ റജിസ്ട്രേഷൻ നമ്പർ ഏതു വേണമെന്ന് ഒരുസംശയവും ഉണ്ടായില്ല, 89 തന്നെ.

പുതിയതായി വാങ്ങിയ ഇന്നോവയുടെ റജിസ്ട്രേഷൻ നമ്പർ കെഎൽ 14 ടി 89. ആർടി ഓഫിസിൽ പണം അടച്ച് 89 എന്ന നമ്പർ ആവശ്യപ്പെട്ടപ്പോൾ ലേലത്തിനു മറ്റാരുമുണ്ടായില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ സിറ്റിങ് എംഎൽഎ പി.ബി.അബ്ദുൽ റസാഖിന് 56,870 വോട്ടുകളാണു ലഭിച്ചത്.

എതിർസ്ഥാനാർഥി കെ.സുരേന്ദ്രന് 56,781 വോട്ടും. ഭൂരിപക്ഷം വെറും 89 വോട്ട്. ഇത്തവണത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്. ഭാഗ്യനമ്പരുകളിലൊന്നും വിശ്വസിക്കുന്നില്ലെങ്കിലും പരാജയത്തിന്റെ വക്കിലെത്തി ജയം തിരിച്ചുപിടിച്ചതിന്റെ ഓർമപ്പെടുത്തലാണ് 89 എന്ന അക്കം, എനിക്കും പാർട്ടിക്കും – പി.ബി.അബ്ദുൽ റസാഖ് പറയുന്നു.