Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ വിൽപനയിൽ മാരുതിക്ക് കുതിപ്പ്

vitara-brezza-test-drive-9

ഉത്സവ സീസൺ ആഘോഷമാക്കി കാർ നിർമാതാക്കൾ. സെപ്റ്റംബറിൽ മിക്കവാറും എല്ലാ കാർ നിർമാതാക്കൾക്കും വിൽപനയിൽ നേട്ടം കൊയ്യാനായി. 29.4% വർധനയോടെ മാരുതി സുസൂക്കിയാണ് വൻ കുതിപ്പു നടത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോഡ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ എന്നിവയും നേട്ടമുണ്ടാക്കി. പക്ഷേ, വർധന ഇരട്ടയക്കത്തിലെത്തിയില്ല എന്നുമാത്രം.

മാരുതി സുസുക്കി 1,37,321 കാറുകളാണ് വിറ്റത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് 1,06,083 ആയിരുന്നു. ഈ വർഷം ഇതുവരെ കമ്പനിയുടെ മികച്ച പ്രതിമാസ വിൽപനയാണിത്. സിയസ്, ബലേനൊ, വിറ്റാര ബ്രസ, എസ്ക്രോസ് എന്നിവയുടെ വിൽപനയിൽ വൻ കുതിപ്പുണ്ടായതായി മാരുതി സുസൂക്കി മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.എസ്. കാൽസി പറഞ്ഞു.

ആൾട്ടൊ, വാഗണർ എന്നിവയുൾപ്പെടുന്ന മിനി സെഗ്‌മെന്റിൽ 44,395 എണ്ണമായിരുന്നു വിൽപന. മുൻ വർഷം 35,570. വർധന 24.8%. സ്വിഫ്റ്റ്, റിറ്റ്സ്, സെലെറിയോ, ബലേനൊ, ഡിസയർ മോഡലുകളിൽ 50,324 എണ്ണമാണു വിറ്റുപോയത്. 2015 സെപ്റ്റംബറിൽ 44,826 എണ്ണം വിറ്റു. വർധന 12.3%.ജിപ്സി, എസ്ക്രോസ്, വിറ്റാര ബ്രസ, എർട്ടിഗ എന്നിവയുൾപ്പെടുന്ന യൂട്ടിലിറ്റി വാഹന വിഭാഗത്തിലായിരുന്നു വിൽപനയുടെ കുതിച്ചുചാട്ടം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 6,331 വാഹനങ്ങൾ വിറ്റുപോയിടത്ത് ഇത്തവണ വിറ്റത് 18,423 എണ്ണം. 191% വർധന.

ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ആറു ശതമാനം വർധനയാണ് നേടിയത്. 12,067 കാറുകൾ. 2015 സെപ്റ്റംബറിൽ 11,376 എണ്ണം. പുതിയ ഇന്നോവ ക്രിസ്നയാണ് നേട്ടത്തിന്റെ പ്രധാന കാരണം. ഡൽഹിയിൽ 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ നിരോധനം നീക്കിയതും വിൽപനയ്ക്കു താങ്ങായി.

ഫോഡ് ഇന്ത്യയ്ക്ക് ഒൻപതു ശതമാനം വിൽപന വർധനയാണുണ്ടായത്. 9,018 കാറുകൾ നിരത്തിലിറങ്ങി. 2015 സെപ്റ്റംബറിൽ 8274 എണ്ണം. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഏഴു ശതമാനം വർധനയാണ് നേടിയത്. 42,545 കാറുകൾ വിറ്റുപോയി. 2015 സെപ്റ്റംബറിൽ ഇത് 39,693 യൂണിറ്റായിരുന്നു. അതേസമയം ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന് 18.77% വിൽപന കുറഞ്ഞു. കഴിഞ്ഞ മാസം വിറ്റത് 15,034 യൂണിറ്റുകൾ.

വാണിജ്യ വാഹന നിർമാതാക്കളായ എസ്എംഎൽ ഇസുസുവിനും വിൽപന കുറഞ്ഞു; 5.3%. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1,032 വാഹനങ്ങൾ വിറ്റപ്പോൾ കഴിഞ്ഞ മാസത്തെ വിൽപന 977 വണ്ടികൾ മാത്രം. അശോക് ലൈലാൻഡിന്റെ വിൽപനയിലും 18.4% ഇടിവുണ്ടായി. സ്വീഡനിലെ വോൾവോ ഗ്രൂപ്പും ഐഷർ മോട്ടോഴ്സും ചേർന്നുള്ള വിള കൊമേഴ്സ്യൽ വെഹിക്കിൾസ് ട്രക്കുകളുടെ വിൽപനയിൽ 14% വർധന സ്വന്തമാക്കി. 4,843 വാഹനങ്ങൾ അവർ വിറ്റു.

ഇരുചക്ര വാഹന വിഭാഗത്തിൽ ഇന്ത്യ യമഹ മോട്ടോർ 33% വിൽപന വർധന കൈവരിച്ചു. 89,423 വണ്ടികൾ വിറ്റുപോയി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് 67,267 ആയിരുന്നു. റോയൽ എൻഫീൽഡിന്റെ വിൽപന വളർച്ച 30%. കഴിഞ്ഞ മാസം വിറ്റത് 56,958 ബൈക്കുകൾ.