Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി നെക്സ തുറന്നു; ‘എസ് ക്രോസ്’ അരങ്ങേറ്റം 5ന്

Maruti NEXA Showroom

പ്രീമിയം വാഹനങ്ങളുടെ വിൽപ്പനയ്ക്കായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ആവിഷ്കരിച്ച പ്രത്യേക ഷോറൂം ശൃംഖലയായ നെക്സയ്ക്കു തുടക്കമായി. വരുന്ന ഏഴെട്ടു മാസത്തിനകം രാജ്യവ്യാപകമായി നൂറോളം നെക്സ ഷോറൂമുകളാണു പ്രവർത്തനം തുടങ്ങുന്നത്.

അഞ്ചു വർഷത്തിനകം 20 ലക്ഷം യൂണിറ്റിന്റെ വാർഷിക വിൽപ്പന ലക്ഷ്യമിടുന്ന മാരുതി സുസുക്കി വ്യാപാരത്തിന്റെ എല്ലാ മേഖലയിലും പൊളിച്ചെഴുത്തിന് തയാറെടുക്കുകയാണ്. ഇന്ത്യൻ ഉപയോക്താക്കളുടെ മാറുന്ന അഭിരുചികൾക്കൊത്തു പുതിയ മോഡലുകളും പുത്തൻ വിപണന തന്ത്രങ്ങളും ആവിഷ്കരിക്കാനാണു കമ്പനിയുടെ ശ്രമം. ഉപയോക്താക്കളുടെ പ്രതികരണം അടിസ്ഥാനമാക്കി പുത്തൻ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും പുതിയ വിഭാഗങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ടെന്നും മാരുതി സുസുക്കി അവകാശപ്പെടുന്നു. ഇൻഷുറൻസ്, വാഹന വായ്പ, യൂസ്ഡ് കാർ വിൽപ്പന സൗകര്യങ്ങളെല്ലാം ഡീലർഷിപ്പുകളിൽ തന്നെ ആദ്യമായി ക്രമീകരിച്ചതും മാരുതി സുസുക്കി തന്നെ. അടുത്ത ഘട്ടമായി കാർ വാങ്ങലിനെ തന്നെ പുതിയ അനുഭവമാക്കാൻ ലക്ഷ്യമിട്ടാണത്രെ നെക്സയുടെ ആവിഷ്കാരവും അവതരണവും.

നെക്സയിലെത്തുന്നവർക്കു വ്യക്തിഗത സേവനം വാഗ്ദാനം ചെയ്ത് റിലേഷൻഷിപ് മാനേജർമാരെയാണു മാരുതി സുസുക്കി നിയോഗിച്ചിരിക്കുന്നത്; ഇടപാടുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പ്രാപ്തരാവുന്ന വിധത്തിലാണു കമ്പനി ഇവരെ പരിശീലിപ്പിച്ചിരിക്കുന്നത്. വാഹനം വാങ്ങുന്നതു സംബന്ധിച്ചും വിൽപ്പനാന്തര സേവനത്തെക്കുറിച്ചുമൊക്കെയുള്ള സംശയങ്ങളെല്ലാം റിലേഷൻഷിപ് മാനേജർ തന്നെ പരിഹരിച്ചു തരും. കാറിന്റെ സർവീസിങ്ങിനായി നേരിട്ട് ഡീലർഷിപ്പിലെത്തിക്കുന്നതിനു പകരം മൊബൈൽ വർക്ഷോപ് വാൻ, പിക് അപ് ആൻഡ് ഡ്രോപ് സർവീസ് എന്നീ പുത്തൻ സാധ്യതകളും നെക്സയിലുണ്ടാവും.

അതുകൊണ്ടുതന്നെ ആതിഥേയത്വത്തിൽ പുത്തൻ അനുഭവമാണു നെക്സ ലഭ്യമാക്കുകയെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ പറയുന്നു. ഇന്ത്യൻ വിപണിയിലും സമൂഹത്തിലും സംഭവിക്കുന്ന മാറ്റങ്ങൾ പുതിയതരം ഉപയോക്താക്കളെയും സൃഷ്ടിക്കുന്നുണ്ട്. ഇത്തരക്കാരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ പുതിയ വിപണന, വിൽപ്പന തന്ത്രങ്ങൾ മെനഞ്ഞെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

അടുത്ത അഞ്ചിന് അരങ്ങേറ്റം കുറിക്കുന്ന പ്രീമിയം ക്രോസ്ഓവറായ ‘എസ് ക്രോസ്’ ആവും നെക്സ വഴി മാരുതി സുസുക്കി വിപണനം നടത്തുന്ന ആദ്യ മോഡൽ. നിലവിൽ സാധാരണ ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന ‘സിയാസി’ന്റെ വിപണനവും നെക്സയിലേക്കു മാറ്റും. പോരെങ്കിൽ ഭാവിയിൽ കമ്പനി അവതരിപ്പിക്കുന്ന വിലയേറിയ മോഡലുകളുടെയെല്ലാം വിപണനകേന്ദ്രം നെക്സ തന്നെയാവും.