Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസം 5,000 ‘എസ് ക്രോസ്’ വിൽക്കാനൊരുങ്ങി മാരുതി

S-Cross

കോംപാക്ട് എസ് യു വി വിഭാഗത്തിലെ സാധ്യത മുതലെടുക്കാൻ അവതരിപ്പിച്ച ‘എസ് ക്രോസി’നു പ്രതിമാസം 4,000 — 5,000 യൂണിറ്റിന്റെ വിൽപ്പന കൈവരിക്കാനാവുമെന്നു മാരുതി സുസുക്കിക്കു പ്രതീക്ഷ. പുതിയ ക്രോസ്ഓവർ എസ് യു വിയായ ‘എസ് ക്രോസ്’ മാസം തോറും 5,000 യൂണിറ്റിന്റെ വരെ വിൽപ്പന കൈവരിക്കുമെന്നാണു പ്രതീക്ഷയെന്ന് കമ്പനിയുടെ വിൽപ്പന, വിപണന വിഭാഗം എക്സിക്യൂട്ടീവ് ഓഫിസർ ടി ഹാഷിമോട്ടോ വെളിപ്പെടുത്തി. ആവശ്യം ഉയർന്നാൽ അതിനനുസൃതമായി ഉൽപ്പാദനം ക്രമീകരിക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡീസൽ എൻജിനോടെ മാത്രം വിൽപ്പനയ്ക്കുള്ള ‘എസ് ക്രോസ്’ ഏഴു വകഭേദങ്ങളിലാണു ലഭ്യമാവുക. 1.3 ലീറ്റർ ഡി ഡി ഐ എസ് 200 എൻജിൻ സഹിതം നാലു വകഭേദങ്ങളും ശേഷിയേറിയ 1.6 ലീറ്റർ ഡി ഡി ഐ എസ് 320 എൻജിനുമായി മൂന്നു വകഭേദങ്ങളുമാണു നിരത്തിലുള്ളത്. പെട്രോൾ എൻജിനോടെയോ ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയോ ‘എസ് ക്രോസ്’ അടുത്തൊന്നും ലഭ്യമാവില്ലെന്നും മാരുതി സുസുക്കി വ്യക്തമാക്കുന്നു. ഇന്ത്യയ്ക്കായി ഒട്ടേറെ മാറ്റങ്ങൾ നടപ്പാക്കിയതിനാൽ ‘എസ് ക്രോസ്’ കയറ്റുമതിക്കില്ലെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറും വിൽപ്പന, വിപണന വിഭാഗം മേധാവിയുമായ ആർ എസ് കൽസി അറിയിച്ചു.

ഇന്ത്യയിൽ സമീപകാലത്തായി മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്നതു സ്പോർട്ട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗമാണ്. ഫോഡ് ‘ഇകോസ്പോർട്ടി’നും റെനോ ‘ഡസ്റ്ററി’നും മേധാവിത്തമുള്ള കോംപാക്ട് എസ് യു വി വിഭാഗത്തിലേക്ക് അടുത്തയിടെയാണു ഹ്യുണ്ടായ് ‘ക്രേറ്റ’യും എത്തിയത്. പിന്നാലെ ‘എസ് ക്രോസു’മായി മാരുതി സുസുക്കിയുമെത്തി. വലിപ്പമേറിയ എസ് യു വി വിഭാഗത്തിലാവട്ടെ ടൊയോട്ടയിൽ നിന്നുള്ള ‘ഫോർച്യൂണറി’ന്റെയും ‘ലാൻഡ് ക്രൂസറി’ന്റെയും മഹീന്ദ്രയുടെ ‘എക്സ് യു വി 500’, ‘സ്കോർപിയോ’ എന്നിവയുടെയുമൊക്കെ വിളയാട്ടമാണ്.

ഇന്ത്യൻ കാർ വിപണിയിൽ 45% വിഹിതവുമായി അനിഷേധ്യ മേധാവിത്തമുണ്ടെങ്കിലും എസ് യു വികളടക്കമുള്ള പ്രീമിയം വിഭാഗത്തിൽ മാരുതി സുസുക്കിക്ക് കാര്യമായ സ്വാധീനമില്ലെന്നതാണ് യാഥാർഥ്യം. ഈ പോരായ്മ മറികടക്കാൻ സെഡാനായ ‘സിയാസി’നു പിന്നാലെ ‘എസ് ക്രോസും’ പുറത്തിറക്കിയിനൊപ്പം ‘നെക്സ’ എന്ന പേരിൽ പുത്തൻ വിപണി ശൃംഖല തന്നെ അവതരിപ്പിച്ച് വീണ്ടുമൊരു അങ്കത്തിന് തയാറെടുക്കുകയാണു മാരുതി സുസുക്കി.