Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ എം ടി കാർ വിൽപ്പന 50,000 പിന്നിട്ടെന്നു മാരുതി സുസുക്കി

Maruti Suzuki Celerio

ഗീയർമാറ്റത്തിന്റെ ആയാസം ഒഴിവാക്കുന്ന ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സാങ്കേതികവിദ്യയുടെ പിൻബലമുള്ള കാറുകളുടെ വിൽപ്പന അരലക്ഷം യൂണിറ്റ് പിന്നിട്ടതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2014ൽ ചെറുകാറായ ‘സെലേറിയൊ’യിലൂടെ അരങ്ങേറ്റം കുറിച്ച ഓട്ടമാറ്റിക് ഗീയർ ഷിഫ്റ്റി(എ ജി എസ്)നു വിപണി മികച്ച വരവേൽപ്പാണു നൽകിയതെന്നും കമ്പനി അവകാശപ്പെട്ടു. എ ജി എസ് സൗകര്യമുള്ള വാഹനങ്ങൾക്ക് ആവശ്യക്കാരേറിയതോടെ ഇത്തരം മോഡലുകളുടെ ലഭ്യത വർധിപ്പിക്കാനും മാരുതി സുസുക്കി ശ്രമിക്കുന്നുണ്ട്. ‘സെലേറിയൊ’യുടെ എ ജി എസ് വകഭേദത്തിനുള്ള കാത്തിരിപ്പ് നേരത്തെ നാല് മാസത്തോളം നീണ്ടിരുന്നു; എന്നാൽ എ എം ടി യൂണിറ്റുകളുടെ ഉൽപ്പാദനം ഗണ്യമായി വർധിപ്പിച്ചതോടെ ഇപ്പോൾ ആറു മുതൽ എട്ടു വരെ ആഴ്ച കാത്തിരുന്നാൽ ‘സെലേറിയൊ ഓട്ടമാറ്റിക്’ സ്വന്തമാക്കാനാവും.

‘സെലേറിയൊ’, ‘ഓട്ടോ കെ 10’ എന്നിവയുടെ വിൽപ്പനയിൽ നാലിലൊന്നും എ ജി എസ് വകഭേദങ്ങളുടെ വിഹിതമാണെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. ഗതാഗതത്തിരക്കിൽ ഡ്രൈവിങ് ആയാസരഹിതമാക്കാനായി ഇന്ധനക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നില്ലെന്നതും എ എം ടി സാങ്കേതികവിദ്യ താങ്ങാവുന്ന വിലയ്ക്കു ലഭ്യമാവുന്നതുമാണ് എ ജി എസ് മോഡലുകളുടെ സ്വീകാര്യത ഉയർത്തിയതെന്ന് അദ്ദേഹം വിലയിരുത്തുന്നു. ശരിയായ മോഡലിൽ അനുയോജ്യമായ വിലകളിൽ മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കിയതിന്റെ ഉത്തമ ഉദാഹരണമാണ് എ ജി എസ് എന്നും കാൽസി കരുതുന്നു. 2020 ആകുമ്പോൾ വിൽപ്പന 20 ലക്ഷത്തിലെത്തിക്കാനുള്ള ശ്രമത്തിൽ ഇതുപോലുള്ള പുതുമകൾ നിർണായക സംഭാവന നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതിനിടെ കൂടുതൽ മോഡലുകളിൽ എ എം ടി സാങ്കേതികവിദ്യ ലഭ്യമാക്കാനും മാരുതി സുസുക്കി തയാറെടുക്കുന്നുണ്ട്. എ എം ടി ഗീയർബോക്സുകളുടെ ലഭ്യത വർധിപ്പിക്കാൻ ഇറ്റലിയിലിലെ മാരെല്ലിയുടെ സഹകരണത്തോടെ മനേസാറിൽ പുതിയ നിർമാണശാല സ്ഥാപിക്കാനും മാരുതി നടപടി തുടങ്ങി. മിക്കവാറും ഇക്കൊല്ലം തന്നെ ഈ ശാല ഉൽപ്പാദനം ആരംഭിക്കുമെന്നാണു പ്രതീക്ഷ.

നിലവിൽ ചെറുകാറുകളായ ‘ഓൾട്ടോ കെ 10’, ‘സെലേറിയൊ’ എന്നിവയ്ക്കാണ് എ എം ടി വകഭേദങ്ങൾ വിൽപ്പനയ്ക്കുള്ളത്; മാനുവൽ ട്രാൻസ്മിഷനുള്ള ‘ഓൾട്ടോ കെ 10’ വകഭദേങ്ങൾക്കു 3.19 മുതൽ 3.70 ലക്ഷം രൂപ വരെ വിലയുള്ളപ്പോൾ എ എം ടി വകഭേദത്തിന്റെ വില 3.94 ലക്ഷമാണ്. സി എൻ ജി ഇന്ധനമാക്കുന്ന വകഭേദത്തിനാവട്ടെ ചെന്നൈ ഷോറൂമിൽ 3.96 ലക്ഷം രൂപയാണു വില.