Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൾനാടൻ ജലപാത വഴി മാരുതിയുടെ കാർ കടത്ത് വിജയം

maruti-suzuki

രാജ്യത്തെ ഉൾജലഗതാഗത ചരിത്രത്തിൽ പുത്തൻ അധ്യായം രചിച്ച് 24 മാരുതി സുസുക്കി കാറുകൾ കയറ്റിയ യാനം വാരാണസിയിൽ നിന്നു കൊൽക്കത്തയിൽ ഉൾനാടൻ ജലഗതാഗത അതോറിട്ടി(ഐ ഡബ്ല്യു ടി എ)യുടെ ഗാർഡൻ റീച്ച് ജെട്ടി രണ്ടിൽ അടുത്തു. ഗതാഗതത്തിരക്കേറിയ നിരത്തുകളെ ആശ്രയിക്കാതെ താരതമ്യേന കുറഞ്ഞ ചെലവിൽ കാറുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പരീക്ഷണമാണ് ഇതോടെ വിജയം കണ്ടത്.

ഐ ഡബ്ല്യു ടി എയുടെ ഉടമസ്ഥതയിലുള്ള ‘എം വി വി വി ഗിരി’ എന്ന യാനം കഴിഞ്ഞ 12നാണു വാരാണസിയിൽനിന്നു യാത്ര ആരംഭിച്ചത്. കേന്ദ്ര ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരി ഫ്ളാഗ് ഓഫ് ചെയ്ത യാത്ര എട്ടു ദിവസം കൊണ്ടാണു കൊൽക്കത്തയിലെത്തിയത്. ഉൾനാടൻ ജലപാതയിലൂടെ മാരുതി സുസുക്കിയുടെ കാറുകൾ കടത്തിയത് തികച്ചും പരീക്ഷണാടിസ്ഥാനത്തിലായിരുന്നെന്ന് ഐ ഡബ്ല്യു ടി എ അഡീഷൻ ഡയറക്ടർ അരവിന്ദ് കുമാർ വ്യക്തമാക്കി. 1210 കിലോമീറ്റർ നീണ്ട യാത്രയെക്കുറിച്ചുള്ള പ്രതികരണം തികച്ചും ക്രിയാത്മകമാണ്. മാരുതിയെ സംബന്ധിച്ചിടത്തോളം കാറുകൾ വെയർഹൗസിൽ സൂക്ഷിക്കാതെ നേരിട്ടു ഡീലർഷിപ്പുകളിലെത്തിക്കാമെന്ന നേട്ടവുമുണ്ട്. കൂടാതെ സാധനങ്ങൾ കടത്തുന്നവർക്ക് ഐ ഡബ്ല്യു ടി എ വെയർഹൗസുകൾ ഏഴു ദിവസം സൗജന്യമായി ഉപയോഗിക്കാൻ അവസരമുണ്ടെന്നും അരവിന്ദ് കുമാർ വെളിപ്പെടുത്തി.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച നദീശൃംഖല ലഭ്യമായിട്ടും ഇന്ത്യ ഉൾനാടൻ ജലഗതാഗത സാധ്യതകൾ നാമമാത്രമായാണു പരീക്ഷിക്കുന്നതും പ്രയോജനപ്പെടുത്തുന്നതും. ഗംഗാനദിയിൽ അലഹബാദിൽ നിന്നു ഹാൽദിയ വരെയുള്ള 1620 കിലോമീറ്റർ ഭാഗത്തു മാത്രമാണു കാര്യമായ ചരക്കുനീക്കമുള്ളത്; കൽക്കരി, ഫ്ളൈ ആഷ്, സിമന്റ് മുതലായവയാണ് ഗംഗാനദിയിലെ ഈ ദേശീയ ജലപാത ഒന്നിലൂടെ കൊണ്ടുപോകുന്നത്. ഫരാക്കയിലെ നാഷനൽ തെർമൽ പവർ പ്രോജക്ടിനായി ഇറക്കുമതി ചെയ്യുന്ന കൽക്കരിയാണു പ്രധാനമായും ഈ മാർഗത്തിലൂടെ കൊണ്ടുപോകുന്നത്.

മാർഗതടസ്സങ്ങളില്ലാത്ത ചരക്കുനീക്കം ഉറപ്പുള്ളതിനാൽ കൂടുതൽ വ്യവസായ ഗ്രൂപ്പുകൾ ദേശീയജലപാത ഒന്ന് പ്രയോജനപ്പെടുത്താൻ മുന്നോട്ടുവരുന്നുണ്ടെന്ന് ഐ ഡബ്ല്യു ടി എയുടെ ക്യാപ്റ്റൻ സോളങ്കി അറിയിച്ചു. ജലപാതയ്ക്ക് ആഴം വേണ്ടത്രയുള്ളതിനാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളും നേരിടുന്നില്ല. പരീക്ഷണമെന്നതിനാലാണ് ആദ്യ യാത്രയിൽ കാറുകളുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയത്; ‘എം വി വി വി ഗിരി’ക്ക് ഒറ്റ യാത്രയിൽ 200 കാർ വരെ കൊണ്ടു പോകാൻ ശേഷിയുണ്ട്. മാത്രമല്ല, കാറുകളുടെ എണ്ണം കൂടുമ്പോൾ കടത്തുകൂലി കുറയുമെന്ന നേട്ടവുമുണ്ട്. മാരുതി സുസുക്കിക്കു പിന്നാലെ ഹ്യുണ്ടേയിയും ജലപാതയിലൂടെ കാർ കടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.  

Your Rating: