Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സിറ്റി’യെ പിന്തള്ളി ‘സിയാസ്’

maruti-suzuki-ciaz

ഒടുവിൽ ഇടത്തരം സെഡാൻ വിപണിയിലും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ആധിപത്യം. കഴിഞ്ഞ മാസം 6,530 ‘സിയാസ്’ സെഡാനുകളാണു കമ്പനി വിറ്റത്; 2016 ജനുവരിയിലെ വിൽപ്പനയായ 5,431 എണ്ണത്തെ അപേക്ഷിച്ച് 20.2% അധികമാണിത്. ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ‘സിറ്റി’യെയാണു ‘സിയാസ്’ പിന്തള്ളിയത്. 2016 ജനുവരിയിൽ 8,037 യൂണിറ്റ് വിറ്റ ‘സിറ്റി’യുടെ കഴിഞ്ഞ മാസത്തെ വിൽപ്പന 6,355 യൂണിറ്റിലൊതുങ്ങി.

Maruti Ciaz RS

ഇടത്തരം സെഡാൻ വിപണിയിലെ പോരാട്ടം പ്രധാനമായും ‘സിറ്റി’യും ‘സിയാസും’ തമ്മിലാണ്. കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ‘വെർണ’യും ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡയുടെ ‘റാപിഡും’ ഫോക്സ്വാഗന്റെ ‘വെന്റോ’യുമെല്ലാം ഈ വിഭാഗത്തിൽ ഇടംപിടിക്കുന്നുണ്ട്. ‘റാപിഡി’ന്റെ കഴിഞ്ഞ മാസത്തെ വിൽപ്പന 959 യൂണിറ്റായിരുന്നു; 2016 ജനുവരിയിൽ വിറ്റ 1,044 യൂണിറ്റിനെ അപേക്ഷിച്ച് 8.1% കുറവാണിത്. ‘വെന്റോ’ വിൽപ്പനയിലാവട്ടെ 2016 ജനുവരിയെ അപേക്ഷിച്ച് 61% ആണ് ഇടിവ്; 2016 ജനുവരിയിൽ 1,393 യൂണിറ്റ് വിറ്റതു കഴിഞ്ഞ മാസം 543 എണ്ണമായിട്ടാണു കുറഞ്ഞത്.

ciaz

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഈ ജനുവരി വരെയുള്ള കാലത്തിനിടെ മാരുതി സുസുക്കി ആകെ 53,644 ‘സിയാസ്’ ആണു വിറ്റത്. ഇതേ കാലയളവിലെ ‘സിറ്റി’ വിൽപ്പനയാവട്ടെ 45,395 യൂണിറ്റായിരുന്നു; മുൻസാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസക്കാലത്തെ വിൽപ്പനയെ അപേക്ഷിച്ച് 19% അധികമാണിത്. ‘വെർണ’ വിൽപ്പനയിലാവട്ടെ 305% ആണു വർധന; 13,246 കാറുകളാണു കമ്പനി 2016 ഏപ്രിൽ - 2017 ജനുവരി കാലത്ത് വിറ്റത്. അതേസമയം ഫോക്സ്വാഗൻ ഗ്രൂപ്പിന്റെ ഇടത്തരം സെഡാൻ വിൽപ്പനയിൽ ഗണ്യമായ ഇടിവാണു നേരിട്ടത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസക്കാലത്ത് ‘വെന്റോ’ വിൽപ്പന 8,347 എണ്ണത്തിലും ‘റാപിഡ്’ വിൽപ്പന 7,402 യൂണിറ്റിലും ഒതുങ്ങി.

Your Rating: