Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറത്തിറങ്ങും മുമ്പേ താരമായി ഇഗ്നിസ്

ignis-1 Maruti Ignis

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പുത്തൻ അർബൻ കോംപാക്ട് ക്രോസോവറായ ‘ഇഗ്നിസ്’അരങ്ങേറ്റം കുറിക്കുംമുമ്പേ ആവശ്യക്കാരേറെ. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യും കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യും ‘ഇഗ്നിസ്’ സ്വന്തമാക്കാനും കാത്തിരിപ്പേറുമെന്നാണു വാഹന ബുക്കിങ്ങിന്റെ കണക്കുകൾ നൽകുന്ന സൂചന. ഈ മാസം 13 ന് വാഹനത്തിന് വിപണിയിലെത്തുന്ന വാഹനത്തിന്റെ ബുക്കിങ് പുതുവർഷദിനം മുതൽ മാരുതി സുസുക്കി സ്വീകരിച്ചു തുടങ്ങിയിരുന്നു. കമ്പനിയുടെ പുത്തൻ വിപണന ശൃംഖലയായ ‘നെക്സ’ വഴി വിൽപ്പനയ്ക്കെത്തുന്ന മൂന്നാമതു മോഡലായ ‘ഇഗ്നിസി’നുള്ള ബുക്കിങ് 1,0000 രൂപ അഡ്വാൻസ് ഈടാക്കിയാണു മാരുതി സുസുക്കി സ്വീകരിക്കുന്നത്.

ignis-2 Maruti Ignis

ഇപ്പോഴത്തെ നിലയനുസരിച്ചു കാറിന്റെ ചില വകഭേദങ്ങൾ സ്വന്തമാക്കാൻ ആറു മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നതാണു സ്ഥിതി. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘ഇഗ്നിസ്’ ഒൻപതു വർണങ്ങളിലാവും വിൽപ്പനയ്ക്കുണ്ടാവുക. ‘ബലേനൊ’യ്ക്ക് അടിത്തറയാവുന്ന അഞ്ചാം തലമുറ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പിലാണു മാരുതി സുസുക്കി ‘ഇഗ്നിസ്’ സാക്ഷാത്കരിച്ചിരിക്കുന്നത്. സാങ്കേതികവിഭാഗത്തിൽ കാര്യമായ പുതുമകളില്ലാതെയാവും ‘ഇഗ്നിസി’ന്റെ വരവ്. 1.2 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ, 1.3 ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിനുകളാവും വാഹനത്തിന് കരുത്തേകുക. പെട്രോൾ എൻജിന് 6,000 ആർ പി എമ്മിൽ 83 പി എസ് വരെ കരുത്തും 4,200 ആർ പി എമ്മിൽ 113 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ഡീസൽ എൻജിന്റെ പരമാവധി കരുത്ത് 4,000 ആർ പി എമ്മിൽ പിറക്കുന്ന 75 പി എസ് ആണ്; ടോർക്കാവട്ടെ 2,000 ആർ പി എമ്മിലെ 190 എൻ എമ്മും. പെട്രോൾ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസൽ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ‘ഇഗ്നിസി’നു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ‘ഇഗ്നിസ്’ വിൽപ്പനയ്ക്കുണ്ടാവും.

ignis Maruti Ignis

സുസുക്കി ടി ഇ സി ടി ബോഡി, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ് സീറ്റ് ആങ്കറേജ്, മുന്നിൽ ഇരട്ട എയർബാഗ്, ഫോഴ്സ് ലിമിറ്റർ സഹിതം സീറ്റ് ബെൽറ്റ് പ്രീ ടെൻഷനർ, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ തുടങ്ങിയവയ്ക്കൊപ്പം ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾക്ക് അനുയോജ്യമായ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ‘ഇഗ്നിസി’ൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘ഇഗ്നിസി’ന്റെ ഇന്ത്യയിലെ പ്രധാന എതിരാളികൾ ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’, മഹീന്ദ്ര ‘കെ യു വി 100’ തുടങ്ങിയവയാണ്.

ignis-3 Maruti Ignis

സൗകര്യങ്ങളിലും സംവിധാനങ്ങളിലും മുന്നിലെങ്കിലും കാറിന്റെ വിലയാവും ‘ഇഗ്നിസി’ന്റെ ഭാവി നിർണയിക്കുകയെന്നാണു വിപണിയുടെ വിലയിരുത്തൽ. ശരിയായ വിലയ്ക്കു ലഭ്യമാക്കിയാൽ എതിരാളികൾക്കു കനത്ത തലവേദന സൃഷ്ടിക്കാൻ ‘ഇഗ്നിസി’നാവും; പക്ഷേ ഇതേ വിലനിലവാരം പാലിക്കുന്ന മാരുതി സുസുക്കി ശ്രേണിയിലെ മോഡലുകൾക്കും ‘ഇഗ്നിസ്’ വെല്ലുവിളി സൃഷ്ടിക്കുമെന്നതാണു പ്രശ്നം. അതുകൊണ്ടുതന്നെ ‘ബലേനൊ’യ്ക്കും ‘സ്വിഫ്റ്റി’നും താഴെയായി ‘ഇഗ്നിസി’ന് ഇരിപ്പിടം കണ്ടെത്താനാവും മാരുതി സസുുക്കി ശ്രമിക്കുക. ഇതോടെ അഞ്ചു ലക്ഷം രൂപയ്ക്കും ഏഴു ലക്ഷം രൂപയ്ക്കുമിടയിലാവും ‘ഇഗ്നിസി’ന്റെ വിവിധ വകഭേദങ്ങളുടെ വില. 

Your Rating: