Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് ശാല: രണ്ടാം ഘട്ട വികസനം നേരത്തെയാക്കാൻ മാരുതി

baleno-rs-concept

വിവിധ മോഡലുകൾക്കുള്ള വർധിച്ച ആവശ്യം മുൻനിർത്തി ഗുജറാത്തിലെ നിർദിഷ്ട ശാലയുടെ രണ്ടാം ഘട്ട വികസനം നേരത്തെയാക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ആലോചിക്കുന്നു. ആദ്യഘട്ടത്തിൽ 2.50 ലക്ഷം യൂണിറ്റിന്റെ വാർഷിക ഉൽപ്പാദനശേഷിയുമായി ഗുജറാത്തിലെ ഹൻസാൽപൂർ ശാല അടുത്ത വർഷം ആദ്യമാണു പ്രവർത്തനം ആരംഭിക്കുക. കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യ്ക്കും പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്കുമുള്ള വർധിച്ച ആവശ്യം മുൻനിർത്തി ശാലയുടെ രണ്ടാം ഘട്ട വികസനം 2019ൽ തന്നെ പൂർത്തിയാക്കാനാണ് ഇപ്പോൾ മാരുതി സുസുക്കി ആലോചിക്കുന്നത്.

ഗുജറാത്ത് ശാലയുടെ രണ്ടാംഘട്ട വികസനം മുമ്പ് നിശ്ചയിച്ചതിലും നേരത്തെയാക്കാൻ സാധ്യതയുണ്ടെന്നു കമ്പനി ചെയർമാൻ ആർ എസ് ഭാർഗവയാണു വെളിപ്പെടുത്തിയത്. 2.50 ലക്ഷം വീതം വാർഷിക ഉൽപ്പാദനശേഷിയുള്ള മൂന്നു ഘട്ടങ്ങളിലായാണു ഗുജറാത്ത് ശാല പൂർത്തിയാവുക. ഭാവിയിൽ വാർഷിക ഉൽപ്പാദനശേഷി 15 ലക്ഷം യൂണിറ്റ് വരെയായി ഉയർത്താൻ കഴിയുംവിധമാണു ശാലയുടെ രൂപകൽപ്പന. നിലവിൽ ഹരിയാനയിലെ ഗുരുഗ്രാമിലും മനേസാറിലുമുള്ള രണ്ടു ശാലകളിൽ നിന്നായി 15 ലക്ഷം കാറുകളാണു മാരുതി സുസുക്കി ഓരോ വർഷവും ഉൽപ്പാദിപ്പിക്കുന്നത്. 2020 ആകുമ്പോഴേക്ക് വാർഷിക ഉൽപ്പാദനവും വിൽപ്പനയും 20 ലക്ഷം യൂണിറ്റിലെത്തിക്കാനാണു മാരുതി ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ നിലവിലുള്ള ഉൽപ്പാദനസൗകര്യം പര്യാപ്തമല്ല.

ദീപാവലി — നവരാത്രി ഉത്സവകാലത്ത് മുൻവർഷത്തെ അപേക്ഷിച്ച് 10% വിൽപ്പന വളർച്ചയാണു പ്രതീക്ഷിക്കുന്നതെന്നും ഭാർഗവ വെളിപ്പെടുത്തി. ഇക്കൊല്ലം വിൽപ്പന ഇതിലും മെച്ചപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലയിൽ വിളവെടുപ്പുകാലമാവുന്നതോടെ മൂന്നു നാലു മാസത്തിനകം ഇത്തവണ ലഭിച്ച മികച്ച മഴയുടെ ഗുണഫലങ്ങളും പ്രകടമാവുമെന്ന് അദ്ദേഹം കരുതുന്നു. വാഹന നിർമാണത്തിൽ ആഗോള നിലവാരം കൈവരിക്കാൻ ഇന്ത്യ ഇനിയും മുന്നേറാനുണ്ടെന്നും ഭാർഗവ അഭിപ്രായപ്പെട്ടു. മുമ്പ് ജപ്പാന്റെ നിർമാണത്തെ മികച്ചതായി ലോകം വിലയിരുത്തിയിരുന്നില്ല; എന്നാൽ കാലക്രമേണ അവർ ഈ അംഗീകാരം നേടിയെടുത്തു. ജപ്പാൻ മാത്രമല്ല കൊറിയയും ചൈനയുമൊക്കെ വർഷങ്ങൾ കൊണ്ടാണു പ്രതിച്ഛായയിൽ മാറ്റം നേടിയതെന്നും ഭാർഗവ വിശദീകരിച്ചു.