Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എസ് ക്രോസ്’ ബുക്കിങ്ങിനു തുടക്കമായി

Maruti Suzuki S-Cross

പ്രീമിയം ക്രോസ് ഓവർ വിഭാഗത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന ‘എസ് ക്രോസി’നുള്ള ബുക്കിങ്ങുകൾക്കു തുടക്കമായി. അടുത്ത മാസം അരങ്ങേറ്റം കുറിക്കുന്ന ‘എസ് ക്രോസി’ന്റെ വിൽപ്പന പുതുതലമുറ ഷോറൂമുകളായ നെക്സ വഴിയാവുമെന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്; ന്യൂ എക്സ്ക്ലൂസീവ് ഓട്ടമോട്ടീവ് എക്സ്പീരിയൻസ് എന്നതിന്റെ ചുരുക്കെഴുത്താണത്രെ ‘നെക്സ’. മാരുതി സുസുക്കിയുടെ ഈ പുത്തൻ ഷോറൂം ശൃംഖലയുടെ അവതരണത്തിനുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. ‘എസ് ക്രോസ്’ അരങ്ങേറും മുമ്പുള്ള ആഴ്ചകളിൽ മുപ്പതോളം നെക്സ ഷോറൂമുകളാവും പ്രവർത്തനം ആരംഭിക്കുക.

വില പ്രഖ്യാപിച്ചിട്ടില്ലാത്ത ‘എസ് ക്രോസ്’ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നിലേറെ മാർഗങ്ങൾ മാരുതി സുസുക്കി നൽകുന്നുണ്ട്. കാറിനെക്കുറിച്ച് അറിയാനും താൽപര്യമുണ്ടെങ്കിൽ പേരും വിലാസവും ഫോൺ നമ്പറുമൊക്കെ മാരുതി സുസുക്കിക്ക് കൈമാറാനും 1800 200 6392 എന്ന ടോൾ ഫ്രീ നമ്പർ സജ്ജീകരിച്ചിട്ടുണ്ട്. അതല്ലെങ്കിൽ നെക്സ ഷോറൂമുകൾക്കും ‘എസ് ക്രോസി’നുമായി തയാറാക്കിയ www.nexaexperience.com എന്ന വെബ്സൈറ്റിൽ പേരും വിലാസവുമൊക്കെ നൽകാം. അതുമല്ലെങ്കിൽ നിലവിലുള്ള മാരുതി സുസുക്കി ഡീലർഷിപ്പുകൾ സന്ദർശിച്ചും ‘എസ് ക്രോസ്’ സ്വന്തമാക്കാനുള്ള താൽപര്യം പങ്കുവയ്ക്കാം. ഏതു മാർഗം സ്വീകരിച്ചാലും ‘എസ് ക്രോസ്’ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച വിവരങ്ങൾ മാരുതി സുസുക്കി നെക്സ ഷോറൂമുകളിലെത്തും; തുടർന്നു നെക്സയിൽ നിന്നുള്ള റിലേഷൻഷിപ് മാനേജർ ബന്ധപ്പെട്ട ബുക്കിങ് സ്വീകരിക്കാനുള്ള നടപടികളുമെടുക്കുമെന്നാണു വാഗ്ദാനം.

Maruti Suzuki S-Cross

നാലു വകഭേദങ്ങളിൽ കഫീൻ ബ്രൗൺ, അർബൻ ബ്ലൂ, പേൾ ആർട്ടിക് വൈറ്റ്, പ്രീമിയം സിൽവർ, ഗ്രാനൈറ്റ് ഗ്രേ എന്നീ അഞ്ചു നിറങ്ങളിലാവും ‘എസ് ക്രോസ്’ വിൽപ്പനയ്ക്കെത്തുക; അടിസ്ഥാന മോഡലായ സിഗ്മ, ഇടത്തരം വകഭേദമായ ഡെൽറ്റ, അടുത്ത മോഡലായ സീറ്റ, മുന്തിയ വകഭേദമായ ആൽഫ എന്നിവയാണ് ‘എസ് ക്രോസി’നുണ്ടാവുക. സിഗ്മയ്ക്കൊപ്പം 1.3 ലീറ്റർ, നാലു സിലിണ്ടർ മൾട്ടി ജെറ്റ് ഡീസൽ എൻജിനായ ഡി ഡി ഐ എസ് 200 മാത്രമാണു ലഭിക്കുക; 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മറ്റു മൂന്നു വകഭേദങ്ങളും ഫിയറ്റിൽ നിന്നു തന്നെ കടമെടുത്ത 1.6 ലീറ്റർ, ഡി ഡി ഐ എസ് 320 ഡീസൽ എൻജിൻ സഹിതവും ലഭിക്കും; പരമാവധി 118 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 1.3 ലീറ്റർ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും 1.6 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ ഗീയർബോക്സുമാണു ട്രാൻസ്മിഷൻ. മിക്കവാറും 10 ലക്ഷം രൂപയ്ക്കടുത്താവും ‘എസ് ക്രോസി’നു വിലയെന്നാണു സൂചന.