Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വാഗൻ ആറി’ന് ‘മൈനർ’ പതിപ്പൊരുക്കാൻ മാരുതി

Maruti Suzuki Wagon R

ഹാച്ച്ബാക്കായ ‘സ്റ്റിങ്റേ’യെ ‘വാഗൻ ആർ മൈനർ’ എന്ന പുതിയ പേരിൽ വിപണനം ചെയ്യാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നെന്നു സൂചന. ‘സ്റ്റിങ്റേ’യുടെ സവിശേഷതകളെല്ലാമുള്ള കാർ ‘വാഗൻ ആർ’ ബാഡ്ജിങ്ങോടെ കാണപ്പെട്ടതാണ് ഇത്തരം സംശയങ്ങൾക്ക് ഇട നൽകിയിരിക്കുന്നത്. പോരെങ്കിൽ ഉപയോക്താക്കളിൽ ആവേശം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടു ‘വാഗൻ ആർ മൈനർ’ എന്ന പേരുള്ള പുതിയ മോഡൽ വരുന്നതിനെക്കുറിച്ച് കമ്പനി ഡീലർമാരുമായി ആശയവിനിമയവും നടത്തിയിരുന്നു.

‘വാഗൻ ആർ മൈനറി’ന്റെ ഷോറൂം വില 4.13 ലക്ഷം രൂപയ്ക്കും 5.36 ലക്ഷം രൂപയ്ക്കുമിടയിലാവുമെന്നും കമ്പനിയുടെ അറിയിപ്പിലുണ്ട്. ഒപ്പം പുതിയ ‘വാഗൻ ആർ മൈനറി’ന്റെ വരവോടെ നിലവിലുള്ള ‘വാഗൻ ആർ’ വിപണിയോടു വിട പറയുമോ എന്നും വ്യക്തമല്ല. അതേസമയം പുതിയ കാർ അവതരണത്തെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനത്തിനു സമയമായിട്ടില്ലെന്ന നിലപാടിലാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.

‘വാഗൻ ആർ’ ഹാച്ച്ബാക്ക് അടിത്തറയാക്കി ഏഴു സീറ്റുള്ള പുതിയ മോഡലിനെ ആശയമെന്ന നിലയിൽ രണ്ടു വർഷം മുമ്പു സുസുക്കി അവതരിപ്പിച്ചിരുന്നു. ‘വൈ ജെ സി’ എന്ന കോഡ്നാമത്തിലുള്ള ഈ മോഡൽ ഏഴു സീറ്റുള്ള ‘വാഗൻ ആർ’ എം പി വി വികസനത്തിന്റെ ആദ്യ പടിയാണെന്നായിരുന്നു സൂചന. ഇപ്പോൾ അവതരിപ്പിക്കുന്ന കാറിന് ‘വാഗൻ ആർ മൈനർ’ എന്ന പേരാണു സ്വീകരിച്ചിരിക്കുന്നത് എന്നത് പരിഗണിക്കുമ്പോൾ ഭാവിയിൽ നിലവിലുള്ള പേരോടെ വലിപ്പമേറിയ ‘വാഗൻ ആർ’ തിരിച്ചെത്താനുള്ള സാധ്യതയാണു സജീവമാകുന്നത്.

അതേസമയം ‘വാഗൻ ആർ’ ബാഡ്ജിങ്ങോടെ കാണപ്പെട്ട പുതിയ കാർ ‘സ്റ്റിങ്റേ’യുമായി അസാമാന്യ സാമ്യം പുലർത്തിയിരുന്നു. ടെയിൽ ഗേറ്റിലുള്ള ക്രോം സ്ട്രിപ്പിൽ ‘വാഗൻ ആർ’ ബാഡ്ജ് ഇടംപിടിച്ചതായിരുന്നു പ്രധാന പുതുമ. ചില്ലറ പരിഷ്കാരമുള്ള കാബിനിൽ ബ്ലാക്ക് — ബീജ് ഇരട്ട വർണ സങ്കലനമാണ് ഇടംപിടിക്കുന്നത്; ‘സ്റ്റിങ്റേ’യിൽ അകത്തളം കറുപ്പാണെന്ന് വ്യത്യാസമുണ്ട്. സുപ്പീരിയർ വൈറ്റ്, സിൽകി സിൽവർ മെറ്റാലിക്, പാഷൻ റെഡ്, മെറ്റാലിക് ഗ്ലിസ്റ്ററിങ് ഗ്രേ, മെറ്റാലിക് ബേക്കേഴ്സ് ചോക്ലേറ്റ്, മെറ്റാലിക് ബ്ലേസിങ് ബ്ലൂ, മിഡ്ലൈറ്റ് ബ്ലൂ എന്നിവയാകും വർണസാധ്യതകൾ.

അതേസമയം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും ‘വാഗൻ ആർ മൈനറി’ന്റെ വരവ്; കാറിന കരുത്തേകുക ഒരു ലീറ്റർ, മൂന്നു സിലിണ്ടർ എൻജിൻ തന്നെയാവും. അഞ്ചു സ്പീഡ് മാനുവൽ അഥവാ ഓട്ടോ ഗീയർ ഷിഫ്റ്റ്(എ എം ടി) ഗീയർബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യതകൾ. നിലവിൽ ‘വാഗൻ ആറി’ന്റെ മുന്തിയ വകഭേദമായ ‘വി എക്സ് ഐ പ്ലസി’ൽ മാത്രമാണ് എ എം ടി ഗീയർബോക്സുള്ളത്.  

Your Rating: