Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണന ശൃംഖലയിൽ വൻമുന്നേറ്റത്തോടെ മാരുതി സുസുക്കി

Maruti Suzuki Logo

രാജ്യത്തെ ഏറ്റവും വലിയ വാഹന വിപണന ശൃംഖലയും വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്. അടുത്ത ആറു സ്ഥാനങ്ങളിലുള്ള എതിരാളികൾക്കു രാജ്യത്തുള്ള മൊത്തം ഡീലർഷിപ്പുകളോടു കിട പിടിക്കുന്നതാണ് മാരുതി സുസുക്കിക്കുള്ള വിപണന കേന്ദ്രങ്ങളുടെ എണ്ണം.
നിലവിൽ 1,450 നഗരങ്ങളഇലായി 1,800 വിൽപ്പന കേന്ദ്രങ്ങളാണു മാരുതിക്കുള്ളത്; പ്രധാന എതിരാളികളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം), ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, ഫോഡ് ഇന്ത്യ എന്നീ കമ്പനികൾക്കെല്ലാം കൂടി ഇന്ത്യയിൽ ഇത്രയും ഡീലർഷിപ്പുകളില്ലെന്നതാണു യാഥാർഥ്യം. പോരെങ്കിൽ മുന്തിയ കാറുകളുടെ വിപണനത്തിനായി ആരംഭിച്ച ‘നെക്സ’ ഔട്ട്ലെറ്റുകൾ കൂടി പരിഗണിച്ചാൽ മാരുതി സുസുക്കി ഡീലർഷിപ്പുകളുടെ എണ്ണം ഇനിയും ഉയരും.

ഈ വിശാല വിപണന ശൃംഖലയുടെ പിൻബലത്തിലാണു മാരുതി സുസുക്കി ഇന്ത്യൻ യാത്രാവാഹന വിപണിയിൽ 46.7% വിഹിതം നിലനിർത്തുന്നതെന്നും നിരീക്ഷകർ വിലയിരുത്തുന്നു. പ്രധാന എതിരാളികളായ ഹ്യുണ്ടേയിക്ക് 276 നഗരങ്ങളിലായി 512 ഡീലർഷിപ്പുകളാണുള്ളത്; കമ്പനിയുടെ വിപണി വിഹിതമാവട്ടെ 17.38 ശതമാനവും. 212 നഗരങ്ങളിലായി 291 ഔട്ട്ലെറ്റുള്ള എം ആൻഡ് എമ്മിന്റെ വിപണി വിഹിതം 8.27% ആണ്. 6.88% വിപണി വിഹിതം സ്വന്തമാക്കിയ ഹോണ്ടയ്ക്ക് 170 നഗരങ്ങളിലായി 265 ഡീലർഷിപ്പുകളാണുള്ളത്. 200 നഗരങ്ങളിൽ 311 ഡീലർഷിപ്പുണ്ടെങ്കിലും ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതം 5.36 ശതമാനത്തിലൊതുങ്ങുന്നു. 140 നഗരങ്ങളിലായി 213 ഔട്ട്ലെറ്റുകളുള്ള ടൊയോട്ടയ്ക്ക് 4.77% വിപണി വിഹിതമാണുള്ളത്. 299 നഗരങ്ങളിലായി 376 ടച് പോയിന്റുകളുണ്ടെങ്കിലും ഫോഡ് ഇന്ത്യയുടെ വിപണി വിഹിതം 2.87% മാത്രമാണ്.

വിപണന ശൃംഖലയുടെ കാര്യത്തിലുള്ള ഈ മേധാവിത്തം നിലനിർത്താനും മാരുതി സുസുക്കി തീവ്രശ്രമം നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 2016 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിനിടെ 201 ഔട്ട്ലെറ്റുകളും 127 ‘നെക്സ’ ഷോറൂമുകളുമാണു മാരുതി സുസുക്കി തുറന്നത്. 2016 — 17ലാവട്ടെ 325 പുതിയ ഡീലർഷിപ്പുകൾ തുറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 125 എണ്ണം ‘നെക്സ’യും അവശേഷിക്കുന്നവ സാധാരണ ഡീലർഷിപ്പുകളുമാവുമെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വിശദീകരിക്കുന്നു. ഇതിനു പുറമെ വിൽപ്പനാന്തര സേവനം ഉറപ്പാക്കാൻ 3,100 സർവീസ് വർക്ഷോപ്പുകളും മാരുതി സുസുക്കിക്കുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാതൃസ്ഥാപനമായ സുസുക്കിയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച വിപണന ശൃംഖലയാണു മാരുതി സൃഷ്ടിച്ചിരിക്കുന്നത്. 2015 — 16ൽ അഞ്ച് എതിരാളികൾ ചേർന്നു രാജ്യത്ത് തുറന്നതിന്റെ ഇരട്ടിയോളം ഡീലർഷിപ്പുകളാണ് മാരുതി സുസുക്കി ഇന്ത്യയിൽ ആരംഭിച്ചത്.  

Your Rating: